ഇന്‍ഡോര്‍ – അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലും അക്കൗണ്ട് തുറക്കാനാവാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഫസലുല്ല ഫാറൂഖിയില്‍നിന്ന് നേരിട്ട ആദ്യ പന്ത് യശസ്വി ജയ്‌സ്വാള്‍ ബൗണ്ടറി കടത്തിയിരുന്നു. അടുത്ത പന്തില്‍ എല്‍.ബി അപ്പീല്‍ അതിജീവിച്ചു. അഞ്ചാമത്തെ പന്തിലാണ് രോഹിതിന് ആദ്യമായി സ്‌ട്രൈക്ക്് ലഭിച്ചത്. അടിക്കാനുറച്ച് ക്രീസ് വിട്ട രോഹിതിന്റെ ഓഫ്സ്റ്റമ്പ് ഫാറൂഖി തെറിപ്പിച്ചു. ആദ്യ മത്സരത്തില്‍ രോഹിത് അക്കൗണ്ട് തുറക്കും മുമ്പെ റണ്ണൗട്ടായിരുന്നു. വിരാട് കോലി ബൗണ്ടറിയോടെ അക്കൗണ്ട് തുറക്കുകയും അഞ്ച് പന്തില്‍ രണ്ട് ബൗണ്ടറിയോടെ 11 റണ്‍സിലെത്തുകയും ചെയ്തു. കോലിയും യശസ്വിയും പരമ്പരയില്‍ ആദ്യമായാണ് കളിക്കുന്നത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിനു ശേഷം രോഹിതും കോലിയും ആദ്യമായാണ് ഇന്ത്യന്‍ ടീമിലെത്തിയത്.
നേരത്തെ ഗുല്‍ബുദ്ദീന്‍ നാഇബിന്റെ അര്‍ധ ശതകവും (35 പന്തില്‍ 57) വാലറ്റത്തിന്റെ വെടിക്കെട്ടുമാണ് അഫ്ഗാനിസ്ഥാനെ 172 ലെത്തിച്ചത്. അവസാന പന്തില്‍ അവര്‍ റണ്ണൗട്ടായി. അവസാന അഞ്ചോവറില്‍ അഫ്ഗാനിസ്ഥാന്‍ 63 റണ്‍സ് നേടി.
ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. വ്യക്തിപരമായ കാരണങ്ങളാല്‍ അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി20യില്‍ നിന്ന് വിട്ടുനിന്ന വിരാട് കോലി പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. പരിക്കു കാരണം ആദ്യ കളി നഷ്ടപ്പെട്ട ഓപണര്‍ യശസ്വി ജയ്‌സ്വാളും പ്ലേയിംഗ് ഇലവനിലുണ്ട്. ശുഭ്മന്‍ ഗില്ലിനും തിലക് വര്‍മക്കുമാണ് സ്ഥാനം നഷ്ടപ്പെട്ടത്. സഞ്ജു സാംസണ്‍ റിസര്‍വ് ബെഞ്ചില്‍ തന്നെയാണ്. ജിതേഷ് ശര്‍മ വിക്കറ്റ്കീപ്പറുടെ റോളില്‍ സഞ്ജുവിനെ മറികടന്നു. കോലിയുടെയും യശസ്വി ജയ്‌സ്വാളിന്റെയും അഭാവത്തിലും ആദ്യ മത്സരം ഇന്ത്യ അനായാസം ജയിച്ചിരുന്നു.
2024 January 14Kalikkalamtitle_en: second T20 cricket match between India and Afghanistan