അയ്യപ്പദർശനത്തിന്റെ പുണ്യംതേടി ഭക്ത കോടികളാണു വർഷവും ശബരിമലയിൽ എത്തുന്നതെങ്കിലും പ്രകൃതിയുടെ മായാജാലമായ കുന്നാറിന്റെ സൗന്ദര്യം അധികമാരും അറിഞ്ഞിട്ടില്ല. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ കർശന നിയന്ത്രണമുള്ള സ്ഥലമായതിനാൽ അവിടേക്ക് അധികമാരെയും കടത്തിവിടാറില്ല.
സന്നിധാനത്തുനിന്ന് 6.7 കിലോമീറ്റർ ദൂരമുണ്ട് കുന്നാർ ഡാമിലെത്താൻ. ഇവിടെനിന്നു പാണ്ടിത്താവളത്തിലെ സംഭരണിയിൽ വെള്ളം എത്തിക്കാൻ ഇട്ട പൈപ്പ് ലൈൻ കടന്നുപോകുന്ന ഒറ്റയടിപ്പാതയാണ് ഏക വഴി. കാട്ടാനയുടെയും മറ്റു മൃഗങ്ങളുടെയും ശല്യമുള്ളതിനാൽ യാത്രാനിയന്ത്രണമുണ്ട്. തടയണയ്ക്കു പൊലീസ് കാവലുണ്ട്. അവിടെയുള്ള പൊലീസുകാർക്കു ഭക്ഷണം തയാറാക്കാൻ ദേവസ്വം ബോർഡ് താൽക്കാലിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ആഴ്ചയിൽ ഒരു ദിവസമാണു ഭക്ഷണത്തിനുള്ള സാധനങ്ങളുമായി ദേവസ്വം ജീവനക്കാർ കുന്നാറിലേക്കു പോകുന്നത്. പൊലീസിന്റെയും വനപാലകരുടെയും അകമ്പടിയുമുണ്ട്. ഇവർക്കു താമസിക്കാൻ ടിൻ ഷീറ്റുകൊണ്ടാണു ഷെഡ്. ജനറേറ്റർ പ്രവർത്തിപ്പിച്ചാണു വെളിച്ചം നൽകുന്നത്.
5 അരുവികൾ കടന്നാണു കുന്നാറിലേക്കുള്ള ഒറ്റയടിപ്പാത പോകുന്നത്. പൈപ്പിടാൻ മാത്രം വീതിയിൽ നിർമിച്ച പാലത്തിലൂടെ വേണം മറുകര കടക്കാൻ. ചില ഭാഗത്തു മറുകര കടക്കുക സാഹസിക യാത്രയാണ്. 
തീർഥാടകരുടെ എണ്ണം വർധിച്ചതോടെ വെള്ളം തികയാതെ വന്നു. അതേസമയം, തടയണ കവിഞ്ഞൊഴുകി വെള്ളം പാഴായിരുന്നു. എങ്ങനെ കൂടുതൽ വെള്ളം എത്തിക്കാമെന്നായി ദേവസ്വം ബോർഡിന്റെ ആലോചന. ആവശ്യത്തിനു പണവും ഇല്ലായിരുന്നു. ടാറ്റ ടീ കമ്പനിയുടെ മുൻ ചെയർമാൻ പരേതനായ കൃഷ്ണകുമാറാണു കുന്നാറിൽനിന്നു സന്നിധാനത്തേക്കു പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനും പുതിയ സംഭരണി പാണ്ടിത്താവളത്തിൽ നിർമിക്കുന്നതിനും ആവശ്യമായ പണം നൽകിയത്. 1995ൽ ടാറ്റയുടെ ചെലവിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചു. സന്നിധാനത്തുനിന്ന് 4.5 കിലോമീറ്റർ അകലെ മറ്റൊരു തടയണയും അവരുടെ ചെലവിൽ‌ നിർമിച്ചു. കുന്നാറിലേക്കുള്ള പ്രധാന പാതയിൽനിന്ന് അര കിലോമീറ്റർ ഉള്ളിലേക്കു മാറിയാണ് ഈ തടയണ. കുന്നാറിലേക്ക് ഒഴുകിവരുന്ന അത്രയും വെള്ളം ഈ തടയണയിൽ ഇല്ല.