ഫ്രാൻസിൽ നിന്ന് ബ്രിട്ടനിലേക്ക് ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ച് കുടിയേറ്റക്കാർ ദാരുണമായി കൊല്ലപ്പെട്ടു.
ഫ്രാൻസിലെ റിപ്പോർട്ടുകൾ പ്രകാരം, പാസ്-ഡി-കലൈസ് തീരത്ത്, തണുത്തുറഞ്ഞ വെള്ളത്തിലൂടെ ബോട്ടി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുടിയേറ്റക്കാർ അപകടത്തിൽ പെട്ട് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ യുകെ സമയം 12.45 – ന് പാസ്-ഡി-കലൈസിലെ വൈമേരേസ്സ് ബീച്ചിന് സമീപം ഒരു കുടിയേറ്റ ബോട്ട് അപകടത്തിൽ പെട്ടുവെന്ന് ഫ്രാൻസിന്റെ മാരിടൈം പ്രിഫെക്ചർ റിപ്പോർട്ട് ചെയ്തിരുന്നു.
രാത്രിയുടെ ഇരുട്ടിൽ ചാനൽ കടക്കാനുള്ള ശ്രമത്തിൽ കുടിയേറ്റക്കാർ തണുത്തുറഞ്ഞ വെള്ളത്തിലൂടെ ബോട്ടിലെത്താൻ ശ്രമിക്കുകയായിരുന്നു എന്നാണ് മാരിടൈം പ്രിഫെക്ചർ വക്താവ് അറിയിച്ചത്. അഞ്ച് പേർ മരിച്ചതായും അവർ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാൾ ബൊലോണിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നു, മറ്റൊരാൾക്ക് ഗുരുതരമായ ഹൈപ്പോഥെർമിയക്ക് ചികിത്സയിൽ ആണ്.
നാലുപേർ കൊല്ലപ്പെട്ടന്നായിരുന്നു പ്രാഥമികമായി ലഭിച്ച വിവരം. യുകെ സമയം രാവിലെ 7.45 – നാണ് അഞ്ചാമത്തെ മരണം സ്ഥിരീകരിച്ചത്.