മേജർ ആർച്ച്‌ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ പൊട്ടിച്ചിരിപ്പിക്കുന്നതും എന്നാൽ ഏറെ ഗൗരവമുള്ളതുമായ ഒരു ഉഗ്രൻ പ്രസംഗം ശ്രദ്ധേയമാവുകയാണ്. മേജർ ആർച്ച്‌ബിഷപ്പ് എന്ന നിലയിൽ തനിക്ക് മൂന്ന് ആഗ്രഹങ്ങൾ ആണ് ഉള്ളതെന്നും അതിൽ, പാവപ്പെട്ടവർക്ക് ഒപ്പം എല്ലായിപ്പോഴും ഉണ്ടാവുക എന്നതാണ് തന്റെ മുഖ്യ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇതുവരെ ആരും പറയാത്ത അദ്ദേഹത്തിന്റെ മൂന്ന് ആഗ്രഹങ്ങൾ തന്നെയാണ് ഇക്കാലമത്രയും കേരള ജനത ആഗ്രഹിച്ചതെന്നതുമാണ് ഏറെ ശ്രദ്ധേയവും. ആഘോഷങ്ങൾക്കായി സഭ ചിലവിടുന്ന പണം പാർശ്വവൽക്കരിക്കപ്പെട്ടവന്റെ സാമൂഹിക ഉന്നമനത്തിനായി ഉപയോഗിക്കണമെന്ന തട്ടിൽ പിതാവിന്റെ പ്രസ്താവന ഒരു വലിയ വിപ്ലവം തന്നെയാണ്.
തട്ടിൽ പിതാവിന്റെ വാക്കുകൾ:
മേജർ ആർച്ച്‌ബിഷപ്പ് എന്ന നിലയിൽ എനിക്ക് മൂന്ന് ആഗ്രഹങ്ങളുണ്ട്. സഭ എനിക്ക് നൽകുന്ന മൂന്ന് വലിയ ഉത്തരവാദിത്വവും അത് തന്നെയാണ്. ഒന്നാമത്തേത് ആധികാരികത നിറഞ്ഞ ഒരു ജീവിതം. ഞാൻ സംസാരിക്കുന്നതുപോലെ തന്നെ പ്രവർത്തിക്കാൻ എനിക്ക് സാധിക്കണം എന്ന് നിങ്ങൾ പ്രാർഥിക്കണം.
രണ്ടാമത്തേത് എല്ലാവർക്കുംവേണ്ടി ആവശ്യമുള്ളവർക്കെല്ലം വേണ്ടി ജാതിയും മതവും നോക്കാതെ സഹായത്തിനായി എന്റെ സാന്നിധ്യം ഉണ്ടാവണം എന്നാഗ്രഹിക്കുന്നു. പ്രസംഗിക്കുന്നതിനേക്കാളും എനിക്കിഷ്ടം സംഘർഷം നിറഞ്ഞ ജീവിതം നയിക്കുന്നവരെ കേൾക്കാനാണ്. കഷ്ടത അനുഭവിച്ച് വരുന്നവന് ഏതറ്റംവരെ പോയാലും സഹായം ഉറപ്പാക്കണം.
എന്റെ മൂന്നാമത്തേയും ഏറ്റവും മുന്തിയ പരിഗണനയുള്ളതുമായ ആഗ്രഹവും ഉത്തരവാദിത്വവും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള ഐക്യദാർഢ്യമാണ്. ആർഭാടപൂർണമായ ആഘോഷങ്ങളുമായി നടക്കുന്ന സഭയോട് എനിക്ക് വലിയ വിയോജിപ്പുണ്ട്. ഞാൻ പെരുന്നാളുകൾക്ക് എതിരല്ല. അതല്ലാം ഇഷ്ടവുമാണ്. എന്നാൽ നമ്മുടെ ആവശ്യങ്ങൾക്ക് ഒതുങ്ങുന്ന കാര്യങ്ങൾ മതി നമുക്ക്.
മേജർ ആർച്ച് ബിഷപ്പ് എന്ന നിലയ്ക്ക് സഭയ്ക്ക് നൽകാനുള്ള എന്റെ കാഴ്ചപ്പാട് എന്തെന്നാൽ എന്റെ തലയിൽ വച്ചിരിക്കുന്ന കിരീടവും ഞാൻ പിടിക്കുന്ന ചെങ്കോലും എനിക്ക് നൽകിയിരിക്കുന്ന പ്രവാചക ദൗത്യം സഭ അനാവശ്യമായി ആർഭാടങ്ങൾക്ക് ചെലവഴിക്കുന്ന പണം മുഴുവൻ പാവങ്ങളുടെ സമുദ്ധാരണത്തിന് കൊടുക്കാൻ സഭ കടപ്പെട്ടിരിക്കുന്നു എന്ന സഭയോടുള്ള ഓർമപ്പെടുത്തലാണ്. പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി രാഷ്ട്രീയ-സാമൂഹിക നേതാക്കൾ നടത്തുന്ന ഏതൊരു പ്രവർത്തനങ്ങൾക്കും ഒപ്പം നിൽക്കുന്ന ആളാണ് തട്ടിൽ പിതാവെന്ന് നിങ്ങൾക്ക് ഉറച്ചുവിശ്വസിക്കാം..