ലണ്ടൻ: ഗാസ്സയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത്കൊണ്ട് ലണ്ടനിൽ ഇന്ന് നടന്ന പലസ്തീൻ അനുകൂല മാർച്ചിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
‘സീസ്ഫയർ നൗ’ എന്ന് ആലേഖനം ചെയ്ത പ്ലക്കാർഡുകളുമേന്തി തടിച്ചുകൂടിയ പ്രകടനക്കാർ, ഗാസ ക്യാമ്പുകളിൽ കഷ്ടപ്പെടുന്ന കുഞ്ഞ് അഭയാർത്ഥികളുടെ ദൈന്യത വരച്ചു കാട്ടുന്നതിനായി ‘ലിറ്റിൽ അമൽ’ എന്ന് പേരുള്ള ഒരു സിറിയൻ അഭയാർഥികുട്ടി യുടെ ഭീമാകാരമായ പാവയും വഹിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്.
30 രാജ്യങ്ങളിൽ നടക്കുന്ന ആഗോള പ്രവർത്തന ദിനത്തിന്റെ ഭാഗമായാണ് പ്രതിഷേധമെന്ന് സംഘാടകർ പറയുന്നു.
ലണ്ടനിലെ വാണിജ്യ കേന്ദ്രത്തിൽ നിന്ന് വെസ്റ്റ്മിൻസ്റ്ററിലേക്കുള്ള മാർച്ച് നിയന്ത്രിക്കാൻ 1,700 – ലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്.
അധിക്ഷേപകരമായ പ്ലക്കാർഡുകൾ കൈവശം വച്ചതുമായി ബന്ധപ്പെട്ട് രണ്ട് പേർ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. അതിരുവിടുന്ന മുദ്രാവാക്യങ്ങൾ ആലേഖനം ചെയ്ത പ്ലകാർഡുകൾ ശ്രദ്ധയിൽ പെട്ടാൽ, അറസ്റ്റ് ഉൾപെടേയുള്ള നിയമ നടപടികൾ നേരിടേണ്ടിവരുമെന്ന് മെറ്റ് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ ലോറൻസ് ടെയ്‌ലർ മാർച്ചിന് മുന്നോടിയായി പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ഒക്‌ടോബർ 7 – ന് തെക്കൻ ഇസ്രായേലിൽ 1,300 – ഓളം പേർ കൊല്ലപ്പെടുകയും 240 – ലധികം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്‌ത അഭൂതപൂർവമായ ഹമാസ് ആക്രമണത്തെത്തുടർന്ന് ലണ്ടനിൽ നടക്കുന്ന ഏഴാമത്തെ ഫലസ്തീൻ അനുകൂല മാർച്ചാണിത്. ബ്രിട്ടീഷ് തലസ്ഥാനത്ത് മിക്ക വാരാന്ത്യങ്ങളിലും പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട്.