സ്റ്റോക്ക് ഓൺ ട്രെന്റ്: വർഷങ്ങൾ ആയി സ്റ്റോക്ക് ഓൺ ട്രെന്റിൽ ആഘോഷങ്ങളുടെ പൊടിപൂരം തീർക്കുന്ന എസ്എംഎ ഇപ്രാവശ്യവും പതിവ് തെറ്റിച്ചില്ല എന്ന് മാത്രമല്ല സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾക്ക് ഒരു പുത്തനുണർവും നൽകിയാണ് ക്രിസ്മസ് പുതുവത്സര പരിപാടികൾ എസ്എംഎ പൂർത്തിയാക്കിയത്.
കഴിഞ്ഞ ശനിയാഴ്ച നാല് മണിയോടെ എസ്എംഎയുടെ ‘നക്ഷത്ര നിലാവ്’ എന്ന് പേരിട്ടിരുന്ന ക്രിസ്മസ് പുതുവത്സര പരിപാടിക്ക് തുടക്കം കുറിച്ചത്. നാട്ടിൽ നിന്നും എത്തിയ പ്രശസ്ത കൊമേഡിയൻ ഉല്ലാസ് പന്തളം ഉൾപ്പെടുന്ന ടീം ആയിരുന്നു ഇപ്രാവശ്യത്തെ പരിപാടിയുടെ മുഖ്യ ആകർഷണം.
ക്രിസ്മസിന്റെ എല്ലാ ഓർമ്മകളും ഉണർത്തി കരോൾ ഗാനവുമായി തുടക്കം. തുടർന്ന്, ക്രിസ്മസിന്റെ സന്ദേശം വിളിച്ചറിയിച്ച കുട്ടികളുടെ നേറ്റിവിറ്റി പ്രോഗ്രാം. ‘ക്രിസ്മസ് പാപ്പ’യായി എത്തിയ ആബേൽ വിജി അസ്സോസിയേഷൻ ഭാരവാഹികളെ സ്റ്റേജിലേക്ക് ക്ഷണിച്ചതോടെ ഔപചാരിക പൊതുസമ്മേളനം. സിജിൻ ജോസ് ആകശാല ആലപിച്ച പ്രാത്ഥനാഗീതത്തോടെ പൊതുസമ്മേളനത്തിന് തുടക്കമായി.
പ്രസിഡന്റ് റോയി ഫ്രാൻസിസിന്റെ അധ്യക്ഷത വഹിച്ചു. ക്രിസ്മസ് പുതുവത്സര പരിപാടിയിലേക്ക് കടന്നു വന്ന സ്റ്റോക്ക് മലയാളികളെ ജനറൽ സെക്രട്ടറി ബേസിൽ ജോയി സ്വാഗതം ചെയ്തു.
ചുരുങ്ങിയ വാക്കുകളിൽ പ്രസിഡന്റ് റോയി ഫ്രാൻസിസിന്റെ അധ്യക്ഷ പ്രസംഗം. തുടന്ന്, തിരിതെളിച്ചു ഉത്ഘാടനം നിർവ്വഹിച്ചപ്പോൾ വേദിയിൽ അസ്സോസിയേഷൻ ട്രെഷറർ ബെന്നി പാലാട്ടി, വൈസ് പ്രസിഡന്റുമാരായ ജേക്കബ് വർഗീസ്, രാജലക്ഷ്മി രാജൻ, ജോയിന്റ് സെക്രട്ടറിമാരായ ലീന ഫെനിഷ്, വിനു ഹോർമിസ് എന്നിവർക്കൊപ്പം ക്രിസ്മസ് പുതുവത്സര പരിപാടിയുടെ കൺവീനർമ്മരായ അബിൻ ബേബി, അലീന വിജി എന്നിവരും ക്രിസ്മസ് പാപ്പയായി ആബേൽ വിജി എന്നിവരും സന്നിഹിതരായിരുന്നു.
തുടർന്ന്, കഴിഞ്ഞ ഓണാഘോഷപരിപാടിയിൽ ചെണ്ടമേളവുമായി കടന്നു വന്ന കുട്ടികൾക്ക് സമ്മാനദാനം നൽകി അനുമോദിച്ചു. തുടർന്ന് ട്രഷറർ ബെന്നി പാലാട്ടിയുടെ നന്ദി പ്രകാശനത്തോടെ ഔപചാരിക സമ്മേളനത്തിന് തിരശീല വീണു.
സ്റ്റോക്കിലെ ഇരുത്തം വന്ന, അവസരത്തിനൊത്ത്, ആവശ്യം മനസ്സിലാക്കി, സ്വതസിദ്ധമായ ശൈലിയിൽ പ്രേക്ഷകരിലേക്കു ആവേശമെത്തിക്കുന്ന ബാൻഡ് 6 നഴ്സും അവതാരികയുമായ സ്നേഹ റോയിസൺ സ്റ്റേജിലേക്ക്. കരോൾ ഗാനവുമായി അസ്സോസിയേഷനിലെ പാട്ടുകാർ. എസ്എംഎ ഡാൻസ് സ്കൂളിലെ കുട്ടികൾ ഉൾപ്പെടെ അതിവിപുലമായ കലാവിരുന്ന്. വ്യത്യസ്തതയുമായി അജി മംഗലത്, അബിൻ ബേബി എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേജിൽ എത്തിയ കുള്ളൻ ഡാൻസ്.
ഏഴ് മണിയോടെ ഉല്ലാസ് പന്തളവും ടീമും അരങ്ങിൽ. ഉല്ലാസ് അദ്ദേഹത്തിന്റെ തനതായ ശൈലിയിൽ നടത്തിയ പ്രകടനം ചിരിയുടെ അലയൊലികൾ മുഴങ്ങി കേൾക്കുമ്പോൾ തന്നെ പാട്ടിന്റെ ഈണങ്ങൾ കോ ഓപ്പറേറ്റീവ് ഹാളിൽ ഒത്തുകൂടിയ സ്റ്റോക്ക് മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. നാവിൽ രുചിയേറും വിഭവ സമൃദ്ധമായ ഭക്ഷണം. രാത്രി ഒൻപതരയോടെ ആഘോഷം രാവിന് സമാപനം കുറിക്കുമ്പോൾ അഭിനന്ദിക്കുന്നതിൽ പിശുക്ക് കാണിക്കുന്ന സ്റ്റോക്ക് മലയാളികൾ ഒന്നടക്കം പറഞ്ഞു ‘അതിഗംഭീരം’; കൂപ്പു കയ്യോടെ അസോസിയേഷനും.