പത്തനംതിട്ട: സ്ത്രീകളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളുണ്ടാക്കി, സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകളുമായി ബന്ധം സ്ഥാപിച്ച് പണം തട്ടിയെടുക്കുന്ന വിരുതനെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം പാറശ്ശാല സ്വദേശി സതീഷ് ജപകുമാറാ( 41 )ണ് പൊലീസ് വിരിച്ച വലയില്‍ കുടുങ്ങിയത്. കോഴഞ്ചേരി സ്വദേശിയായ വയോധികന്റെ മൊഴിപ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്.
ആള്‍മാറാട്ടം നടത്തി വന്ദന കൃഷ്ണ എന്ന ഫേസ്ബുക്ക് പേജില്‍ നിന്ന് 2019 ല്‍ ഫ്രണ്ട്‌സ് റിക്വസ്റ്റ് അയച്ചു ബന്ധം സ്ഥാപിക്കുകയും, ഈ പെണ്‍കുട്ടിയുടെ അച്ഛനാണെന്നും റിട്ടയേഡ് എസ് പി യാണെന്നും പറഞ്ഞ് വാസുദേവന്‍ നായര്‍ എന്ന വ്യാജപ്പേരില്‍ ഇദ്ദേഹവുമായി ഒരേ സമയം വാട്‌സാപ്പിലൂടെയും പരിചയത്തിലാവുകയും, വിവിധ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് നാലു വര്‍ഷത്തിനിടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തു എന്നാണ് കേസ്.