കുവൈറ്റ് സിറ്റി : കുവൈറ്റിൽ താമസസ്ഥലത്ത്  ഗ്യാസ് സ്റ്റൗവിൽ നിന്നുണ്ടായ തീപിടുത്തത്തെ തുടർന്ന് ശരീരത്തിലും മുഖത്തും കൈയ്യിലും പൊള്ളലേറ്റ തിരുവനന്തപുരം വിതുര സ്വദേശിനി മാൻസാ എന്ന യുവതി  കെ.എൽ കുവൈറ്റ് പ്രതിനിധിയും, സാമൂഹ്യ പ്രവർത്തകനുമായ സമീറിന്റെയും, സിറാജ് കടക്കലിന്റെയും, ഇടപെടലിനെത്തുടർന്ന് നാട്ടിലേയ്ക്ക് മടങ്ങി. അദാൻ ഹോസ്പിറ്റലിൽ അതിതീവ്രത പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.  
നാട്ടിലുള്ളവർക്ക് ഇവരെ ബന്ധപ്പെടാൻ സാധിക്കാതേയും യാതൊരു വിവരങ്ങളും ലഭിക്കാതെയുമിരുന്ന സാഹചര്യത്തിൽ കെ എൽ കുവൈറ്റ് ഫൗണ്ടറും കുവൈറ്റിലെ സാമൂഹ്യ പ്രവർത്തകനുമായ സിറാജ് കടയ്ക്കലിനെ നാട്ടിൽ നിന്ന് അവരുടെ കുടുംബം ബന്ധപ്പെട്ടു. കോവിഡ് എന്ന മഹാമാരിക്ക് ശേഷം  കുവൈറ്റിലേക്ക് എത്തിയതാണ് മാൻസാ. ഫ്രീ വിസ എന്ന നിലയിൽ ലക്ഷങ്ങൾ കൊടുത്താണ് ഇവർ കുവൈറ്റിലേക്ക് വന്നത് വന്നതിനുശേഷം ഏജൻറ് വിസ അടിച്ചു കൊടുക്കാതിരിക്കുകയും, അന്വേഷിച്ചപ്പോൾ ഏജൻറ് നാട്ടിലേക്ക് മുങ്ങിയതായി അറിയുകയും ചെയ്തു.  
കഫീലിന് ഇവരെ ബന്ധപ്പെടാൻ സാധിച്ചതുമില്ല. തുടർന്ന് കഫീൽ ഇവർക്കെതിരെ മാൻ മിസ്സിംഗ് കേസ് കൊടുത്തു  അതിനുശേഷം നല്ലവരായ പലരുടെയും സഹായത്തോടെ ചെറിയ ജോലികൾ ചെയ്തു ജീവിക്കുകയായിരുന്നു ഇവർ. പൊള്ളലേറ്റതിനെ തുടർന്ന് അദാൻ ഹോസ്പിറ്റലിലും, അവിടെ നിന്ന് സബാ ഹോസ്പിറ്റലിലേക്കും (ഇബൻ സിനാ) മാറ്റേണ്ടിവന്നു. മാൻസയ്ക്ക് വിസയില്ലാത്തതിനാൽ നിയമപരമായ കാര്യങ്ങൾ ഇന്ത്യൻ എംബസി ചെയ്തു നൽകി.
അവർക്ക് നാട്ടിലേക്ക് പോകാനുള്ള എല്ലാ കാര്യങ്ങളും കെ എൽ കുവൈറ്റിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്തു. കെ എൽ കുവൈറ്റിന്റെ പ്രതിനിധി ആയിട്ടുള്ള സമീറിന്റെ നേതൃത്വത്തിൽ പേപ്പർ വർക്കുകൾ നടത്തുകയും കെ എൽ കുവൈറ്റിന്റെ പ്രതിനിധികൾ ആയിട്ടുള്ള  ഷാനവാസ് ബഷീർ ഇടമൺ, സിതോജ് ഇടുക്കി, സർജിമോൻ, അനീഷ്, വിനയ് എന്നിവർ മാൻസയ്ക്ക് നാട്ടിൽ പോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും എയർപോർട്ടിൽ എത്തി യാത്രയയക്കുകയും ചെയ്തു. അവർ യാത്രയാകുന്നതിന് മുമ്പായി ഇന്ത്യൻ എംബസിക്കും, അദാൻ ഹോസ്പിറ്റലിലേയും, സബാ ഹോസ്പിറ്റലിലേയും, എല്ലാ ആരോഗ്യ പ്രവർത്തകർക്കും,കെ എൽ കുവൈറ്റിനും പ്രത്യേകം നന്ദിയറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *