ജിദ്ദ:   സൗദി അറേബ്യയില്‍ വിദേശികള്‍ക്ക്  കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച  വിവിധയിനം  പ്രീമിയം ഇഖാമകള്‍ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നു.   പ്രീമിയം  ഇഖാമ ലഭിക്കുമോ എന്നറിയാനും അര്‍ഹരാണെങ്കില്‍ നേരിട്ട് അപേക്ഷ നല്‍കാനും പ്രീമിയം റസിഡന്‍സി വെബ്‌സൈറ്റില്‍ പ്രത്യേക സൗകര്യം  ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.  അതാത് വിഭാഗത്തിലെ യോഗ്യതയുള്ളവര്‍ക്ക് സൈറ്റില്‍ നേരിട്ട് അപേക്ഷ നല്‍കിയാല്‍  ഇഖാമ ലഭിക്കും.  എന്നാൽ ഇതിന് നിബന്ധനകൾ ഏറെയാണ്.  വിവിധ തരം പ്രീമിയം ഇഖാമകൾക്കും പ്രത്യേകം പ്രത്യേകം  യോഗ്യതാ മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. 
ഒമ്പത് ആനുകൂല്യങ്ങള്‍ എല്ലാ പ്രീമിയം ഇഖാമക്കാര്‍ക്കും ലഭിക്കും:
മാതാപിതാക്കളെയും ഭാര്യ സന്താനങ്ങളെയും സൗദിയില്‍ താമസിപ്പിക്കാം. ഭാര്യക്കും മക്കള്‍ക്കും ജോലി ചെയ്യാം. ബന്ധുക്കള്‍ക്ക് കുടുംബ സന്ദര്‍ശക വിസ ലഭിക്കും. ഇഖാമ പുതുക്കുന്നതിനുള്ള എല്ലാതരം ലെവികളും ഒഴിവാകും. ഏതു സ്ഥാപനത്തിലും സ്വതന്ത്രമായി ജോലി ചെയ്യാം. റീ എന്‍ട്രി ആവശ്യമില്ല. ജിസിസി പൗരന്മാര്‍ക്ക് അതിര്‍ത്തില്‍ പ്രത്യേക ഗൈറ്റിലൂടെ പോകാം. നിക്ഷേപക നിയമങ്ങള്‍ക്കനുസരിച്ച് സൗദിയില്‍ ബിസിനസ് ചെയ്യാം. ഭൂമി സ്വന്തമാക്കാം.
പുതുതായി പ്രഖ്യാപിച്ച പ്രീമിയം ഇഖാമകൾ:
പൊതുവിവരങ്ങൾ:  എല്ലാ തരം പ്രീമിയം ഇഖാമകൾക്കും 4000 റിയാല്‍ ആണ് ഇഖാമ ഫീസ്.  കാലാവധിയുള്ള പാസ്‌പോര്‍ട്ട്, മെഡിക്കല്‍ പരിശോധന, സൗദി ഇഖാമ എന്നിവ എല്ലാവര്‍ക്കും നിര്‍ബന്ധമാണ്.  ഇതിന് പുറമെ പ്രത്യേകമായുള്ള ഇഖാമകളും അവ ലഭിക്കാനുള്ള യോഗ്യതകളും ഇവയാണ്. 
സസ്‌പെഷ്യല്‍ ടാലന്റ് ഇഖാമ:
ആരോഗ്യം, ശാസ്ത്രം, ഗവേഷണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍, സൗദിയിലെ സ്ഥാപനങ്ങളിലെ ഉയര്‍ന്ന സ്ഥാനത്തുള്ള എക്‌സിക്യുട്ടീവുകള്‍ എന്നിവർക്കാണ്  സസ്‌പെഷ്യല്‍ ടാലന്റ് ഇഖാമ.
വീണ്ടും പുതുക്കാവുന്ന അഞ്ചുവര്‍ഷ ഇഖാമയും സ്ഥിര ഇഖാമയും ഈ ഗണത്തിലുണ്ട്.   നിത്വാഖാത്ത് നിബന്ധനകൾ ഇവർക്ക് ബാധകമായിരിക്കില്ല.  ഇതിന്  അപേക്ഷിക്കുന്ന ആരോഗ്യ, ശാസ്ത്ര രംഗത്തെ പ്രൊഫഷണലുകള്‍ ചുരുങ്ങിയത് 35,000 റിയാൽ മാസാന്ത ശമ്പളം ലഭിക്കുന്നവരായിരിക്കണം.   ഗവേഷണമേഖലയില്‍ ഇത്  14,000 റിയാലും എക്‌സിക്യുട്ടീവുകള്‍ക്ക് ഇത്  80,000 റിയാലും ആയിരിക്കും.
അംഗീകൃത സ്ഥാപനങ്ങളിലെ തൊഴില്‍ കരാര്‍, ഡിഗ്രിയോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യത, മുന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം, സ്ഥാപനത്തില്‍ നിന്ന് ശുപാര്‍ശ കത്ത് എന്നിവയാണ് ഇവർക്ക് വേണ്ട മറ്റു യോഗ്യതകൾ.  ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, പേറ്റന്റ്, പുരസ്‌കാരങ്ങള്‍ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. 
ഗിഫ്റ്റഡ് ഇഖാമ:കലാ കായിക, സാംസ്‌കാരിക മേഖലകളിലെ വിദഗ്ധര്‍ക്ക് ഉള്ളതാണ്  ഗിഫ്റ്റഡ് ഇഖാമ.കലാ കായിക, സാംസ്‌കാരിക മേഖലകളിലെ വിദഗ്ധര്‍ക്ക് ഗിഫ്റ്റഡ് ഇഖാമ ലഭിക്കാന്‍ സൗദി സാംസ്‌കാരിക, സ്‌പോര്‍ട്‌സ് മന്ത്രാലയങ്ങളുടെ പ്രത്യേക അനുമതിയാണ് പ്രധാനം. അതോടൊപ്പം സൗദിയില്‍ ജീവിത ചെലവിനുള്ള ശേഷിയുമുണ്ടായിരിക്കണം. ഈ ഇഖാമ ലഭിച്ചവരെയും നിതാഖാത്ത് പദ്ധതിയില്‍ നിന്ന് ഒഴിവാക്കും. വീണ്ടും പുതുക്കാവുന്ന അഞ്ചുവര്‍ഷ ഇഖാമയും സ്ഥിര ഇഖാമയും ഈ ഗണത്തിലുണ്ട്.
ഇന്‍വെസ്റ്റര്‍ റസിഡന്‍സി:നിക്ഷേപകര്‍ക്കും സംരംഭകർക്കും വേണ്ടിയുള്ളതാണ്  ഇന്‍വെസ്റ്റര്‍ – എന്റർപ്രിണർ ഇഖാമ,നിക്ഷേപകര്‍ക്കുള്ള ഇന്‍വെസ്റ്റര്‍ ഇഖാമ ലഭിക്കുന്നതിന്  അപേക്ഷിക്കാന്‍ സൗദി നിക്ഷേപ മന്ത്രാലയത്തില്‍ നിന്നുള്ള ഇന്‍വെസ്റ്റ്‌മെന്റ് ലൈസന്‍സ്,  ആദ്യ രണ്ട് വര്‍ഷത്തിനുള്ളില്‍ സൗദിയില്‍ 70 ലക്ഷം റിയാലിന്റെ നിക്ഷേപം, മിനിമം പത്ത് പേര്‍ക്ക് തൊഴിലവസരം നല്‍കല്‍ എന്നിവയാണ് യോഗ്യത. നിക്ഷേപകര്‍ക്ക് സ്ഥിരതാമസ ഇഖാമയാണ് ലഭിക്കുക. എന്നാല്‍ 70 ലക്ഷം റിയാല്‍ നിക്ഷേപിക്കുന്നതിനൊപ്പം പത്ത് പേര്‍ക്ക് ആദ്യത്തെ രണ്ടുവര്‍ഷത്തിനുള്ളില്‍ തൊഴിലവസരം നല്‍കിയാല്‍ അപേക്ഷിച്ചയുടന്‍ തന്നെ സ്ഥിരതാമസ ഇഖാമ ലഭിക്കുമെന്ന പ്രത്യേകതയുണ്ട്.
എന്റര്‍പ്രിണോര്‍ ഇഖാമ:സംരംഭകര്‍ക്കുള്ള എന്റര്‍പ്രിന്വര്‍ റസിഡന്‍സി യോഗ്യത രണ്ട് വിഭാഗമായി തിരിച്ചിട്ടുണ്ട്. ഒന്നാം വിഭാഗത്തില്‍ നാലു ലക്ഷം റിയാല്‍ നിക്ഷേപം വേണം. അപേക്ഷകന് സ്റ്റാര്‍ട്ടപില്‍ മിനിമം 20 ശതമാനം വിഹിതവും വേണം. ഇവര്‍ക്ക് അഞ്ചുവര്‍ഷം പുതുക്കാവുന്ന 30 മാസം താമസിക്കാവുന്ന ഇഖാമയാണ് ലഭിക്കുക. രണ്ടാം വിഭാഗത്തില്‍ 15 മില്യന്‍ റിയാല്‍ നിക്ഷേപവും സ്റ്റാര്‍ട്ടപില്‍ 10 ശതമാനം വിഹിതവും വേണം. ആദ്യവര്‍ഷം 10 പേര്‍ക്കും രണ്ടാം വര്‍ഷം 20 പേര്‍ക്കും തൊഴിലവസരം നല്‍കണം. ഇവര്‍ക്ക് സ്ഥിരം ഇഖാമ അപേക്ഷിച്ചയുടനെ ലഭിക്കും.
രണ്ടു വിഭാഗത്തിനും സൗദി നിക്ഷേപ മന്ത്രാലയത്തില്‍ നിന്ന് സംരംഭക ലൈസന്‍സും സ്ഥാപനത്തില്‍ നിന്ന് പ്രത്യേക ശുപാര്‍ശ കത്തും നിര്‍ബന്ധമാണ്. ഒരു സ്റ്റാര്‍ട്ടപില്‍ രണ്ടു പേര്‍ക്ക് ഈ ഇഖാമയെടുക്കാം. ആദ്യത്തെ മൂന്നുവര്‍ഷം നിതാഖാത്തില്‍ നിന്ന് ഒഴിവായികിട്ടും. 
റിയല്‍ എസ്റ്റേറ്റ് ഓണര്‍ ഇഖാമ:
റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ക്കുള്ളതാണ്  റിയല്‍ എസ്റ്റേറ്റ് ഓണര്‍ ഇഖാമ.സൗദിയില്‍ 40 ലക്ഷം റിയാലില്‍ കുറയാത്ത റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ സ്വന്തമാക്കുകയോ പ്രയോജനപ്പെടുത്തുകയോ ചെയ്യണം. വസ്തുവകകള്‍ പണയപ്പെടുത്താന്‍ പാടില്ല. വസ്തുവിന്റെ ഉടമസ്ഥതയോ ഉപയോഗമോ റിയല്‍ എസ്റ്റേറ്റ് ധനസഹായം വഴിയാകരുത്. വസ്തുവിന്റെ തരം റെസിഡന്‍ഷ്യല്‍ ആയിരിക്കണം. തഖ്‌യീം അതോറിറ്റി വഴി ആസ്തിയുടെ മൂല്യനിര്‍ണയം നടത്തണം. എന്നിവയാണ് റിയല്‍ എസ്റ്റേറ്റ് ഓണര്‍ റസിഡന്‍സിക്കുള്ള മാനദണ്ഡങ്ങള്‍. വസ്തുവിന്റെ ഉടമസ്ഥാവകാശത്തിന് അനുസരിച്ചാണ് സൗദിയില്‍ താമസകാലാവധി ലഭിക്കുക.
നേരത്തെയുള്ള സാധാരണ പ്രീമിയം ഇഖാമ സാമ്പത്തിക ഭദ്രതയുടെ തെളിവ് നല്‍കിയാല്‍ ആര്‍ക്കും ലഭിക്കും. അഞ്ച് വര്‍ഷം വരെ ഓരോ വര്‍ഷവും ഒരു ലക്ഷം റിയാല്‍ വീതം അടക്കുകയോ സ്ഥിരതാമസത്തിന് എട്ട് ലക്ഷം റിയാല്‍ ഒറ്റത്തവണ നല്‍കുകയോ വേണം.

By admin

Leave a Reply

Your email address will not be published. Required fields are marked *