വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഉടനെ ട്രാക്കിലെത്തിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ. രാജധാനി എക്‌സ്പ്രസ്, തേജസ് എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലേതിനേക്കാൾ യാത്രാ സൗഹൃദ ഫീച്ചറുകള്‍ വന്ദേഭാരതിലുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ബെർത്തുകളുടെ വശത്ത് അധിക കുഷ്യന്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ വന്ദേഭാരതിനെ വ്യത്യസ്തമാക്കുന്നു. ബര്‍ത്തുകള്‍ കൂടുതല്‍ സുഖപ്രദവും സൌകര്യപ്രദവുമായിരിക്കും.
പൊതുവെ നിലവിലെ ട്രെയിനുകളില്‍ മുകളിലെ ബർത്തില്‍ കയറുക എന്നത് പലര്‍ക്കും അത്ര എളുപ്പമല്ല. കാലെത്താതെ എത്തിവലിഞ്ഞ് കയറാനുള്ള പ്രയാസം കാരണം പലരും ലോവര്‍ ബെര്‍ത്ത് കിട്ടാനാണ് താത്പര്യപ്പെടുന്നത്. എന്നാല്‍ വന്ദേഭാരതില്‍ മുകളിലത്തെ ബര്‍ത്തില്‍ എളുപ്പത്തില്‍ കയറാന്‍ കഴിയുന്ന തരത്തിലുള്ള ഗോവണിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

ആന്റി-സ്പിൽ ഫീച്ചറുകൾ ഉള്ള വാഷ് ബേസിനാണ് മറ്റൊരു പ്രത്യേകത. സെന്‍സര്‍ അടിസ്ഥാനമാക്കിയുള്ള വാതിലുകള്‍, പുറത്തേക്കുള്ള ഓട്ടോമാറ്റിക് ഡോറുകള്‍, ഭിന്നശേഷിക്കാർക്കായി പ്രത്യേക ബെർത്തുകളും ടോയ്‌ലറ്റുകളും, ഫസ്റ്റ് എസിയില്‍ ചൂടുവെള്ളം ലഭിക്കുന്ന ഷവർ, നോയ്സ് ഇന്‍സുലേഷന്‍, ദുർഗന്ധ രഹിത ടോയ്‌ലറ്റ് സംവിധാനം എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

വന്ദേഭാരത് ചെയര്‍ കാറുകള്‍ക്ക് സമാനമായി 160 കിലോമീറ്റര്‍ വരെ വേഗതയിലാണ് ട്രെയിന്‍ ഓടുക. 16 കോച്ചുകളായിരിക്കും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലുണ്ടാവുക. പതിനൊന്ന് എസി 3 ടയർ കോച്ചുകളും നാല് എസി 2 ടയർ കോച്ചുകളും ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചുമുണ്ട്. 823 പേര്‍ക്കാണ് യാത്ര ചെയ്യാനാവുക. കഴിഞ്ഞ വർഷം ഒക്ടോബർ അവസാനത്തോടെയാണ് നിര്‍മ്മാണം ആരംഭിച്ചത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *