പാരമ്പര്യമായി പ്രമേഹം പിടിപെടാം. ഇതൊരു വശത്ത് ഭീഷണിയായി നില്‍ക്കുന്നുണ്ട്. ഇതിന് പുറമെ നമ്മുടെ മോശം ജീവിതരീതികളും പ്രമേഹത്തെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാകാറുണ്ട്. അതിനാല്‍ പ്രമേഹം ചെറുക്കണമെങ്കില്‍ എങ്ങനെയാണ് നാമതിലേക്ക് വീണുപോകുന്നത് എന്നതിന്‍റെ യഥാര്‍ത്ഥ ചിത്രം കൂടി അറിഞ്ഞിരിക്കണം.
കായികാധ്വാനങ്ങളേതും ഇല്ലാതെ, വ്യായാമമില്ലാതെ, ശരീരം വേണ്ടവിധം അനങ്ങാതെ തുടരുന്ന ജീവിതരീതിയാണ് പ്രമേഹത്തിന് വലിയൊരു കാരണമായി പിന്നീട് തീരുന്നത്. ഇന്ന് ചെറുപ്പക്കാര്‍ അടക്കം വലിയൊരു വിഭാഗം പേരും ഇതുപോലുള്ള അനാരോഗ്യകരമായ ജീവിതരീതി തന്നെയാണ് തുടരുന്നത്.
വ്യായാമില്ലാതെ ശരീരം അനങ്ങാതിരിക്കുമ്പോള്‍ രക്തത്തിലെ ഷുഗര്‍ പേശികളിലേക്ക് എനര്‍ജിക്കായി വിനിയോഗിക്കാൻ എത്തുന്നില്ല. ഷുഗര്‍ അങ്ങനെ തന്നെ കിടക്കും. ഇതാണ് പ്രമേഹത്തിലേക്ക് നയിക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണരീതി തന്നെ മറ്റൊരു കാരണം. പഞ്ചസാര മാത്രമല്ല വിവിധ രൂപത്തില്‍ നമുക്ക് മുമ്പിലെത്തുന്ന മധുരം, കാര്‍ബ് എന്നിവയെല്ലാം പ്രമേഹത്തിന് വഴി വെട്ടുന്നു.
പ്രധാനമായും പ്രോസസ്ഡ് ഫുഡ്സിന്‍റെ അതിപ്രസരം ആണ് ആളുകളെ വെട്ടിലാക്കുന്നത്. പുറത്തുനിന്ന് കഴിക്കുന്ന പ്രോസസ്ഡ് ഫുഡ്സ്, പാക്കറ്റ് ഫുഡ്സ് എന്നിവയെല്ലാം പരമാവധി ഒഴിവാക്കി, വീട്ടില്‍ തന്നെ തയ്യാറാക്കുന്ന സാധാരണനിലയിലുള്ള ഭക്ഷണം കഴിച്ചാല്‍ തന്നെ പ്രമേഹം അടക്കം പല രോഗങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും ചെറുക്കാൻ നമുക്ക് കഴിഞ്ഞേക്കും. എല്ലാ പോഷകങ്ങളും ലഭ്യമാകുന്ന തരത്തില്‍ വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി ബാലൻസ്ഡ് ആയി വേണം ഡയറ്റ് ക്രമീകരിക്കാൻ.