ന്യൂഡൽഹി: കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും വിജയിക്കാൻ ബൂത്ത് തലത്തിൽ മൈക്രോ മാനേജ്‌മെന്റ് നടത്തണമെന്ന് മല്ലികാർജുന ഖാർഗെ. ഇതിനായി എ.ഐ.സി.സി ആരംഭിച്ച വാർ റൂം മാതൃകയിൽ കോ-ഓർഡിനേഷൻ സെന്ററുകൾ ഉടൻ തുറക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം നിർദേശിച്ചു. സംസ്ഥാന, ജില്ലാ, ബൂത്ത് അടിസ്ഥാനത്തിൽ കോ-ഓർഡിനേഷൻ സെന്ററുകൾ ആരംഭിക്കാനാണ് നിർദേശം.
ലോക്സഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളുടെ യോഗത്തിലാണ് കോൺഗ്രസ് ദേശീയനേതൃത്വം ഈ നിർദേശം മുന്നോട്ടുവെച്ചത്. മല്ലികാർജുന ഖർഗെയെക്ക് പുറമെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ നിലനിൽപ്പിനെ പോലും ബാധിക്കുന്ന തെരെഞ്ഞെടുപ്പാണ്. അതിനാൽ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത പ്രവർത്തനമാണ് കോൺഗ്രസ് നടത്തേണ്ടതെന്ന് ഖാർഗെ പറഞ്ഞു. ദക്ഷിണേന്ത്യയിൽ നിന്ന് 70 സീറ്റുകളാണ് പാർട്ടി ലക്ഷ്യമിടുന്നത്. കേരളത്തിൽ കഴിഞ്ഞ തവണ നഷ്ടപെട്ട ആലപ്പുഴ ഉൾപ്പടെ 20 സീറ്റുകളും നേടണമെന്നും ഖാർഗെ നിർദേശിച്ചു.
മധ്യപ്രദേശിലേയും ഛത്തീസ്‌ഗഡിലെയും രാജസ്ഥാനിലേയും തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് കാരണം ബൂത്ത് തലത്തിലുള്ള പ്രവർത്തനത്തിലുണ്ടായ പോരായ്മയാണെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. സംസ്ഥാന നേതാക്കളുടെ വാക്കുകൾ തങ്ങൾ കേട്ടെങ്കിലും താഴേത്തലത്തിലുള്ള ജനങ്ങളുടെ യഥാർത്ഥ വികാരം ഈ സംസ്ഥാനങ്ങളിൽനിന്ന് മനസ്സിലാക്കുന്നതിൽ പാർട്ടിക്ക് വീഴ്ച്ചപറ്റിയെന്ന് ഖാർഗെ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആ വീഴ്ച്ച ഉണ്ടാകരുതെന്നും ഏതെങ്കിലും പ്രശ്നം താഴേത്തലത്തിൽ ഉണ്ടായാൽ അക്കാര്യം ഉടൻ നേതൃത്വത്തെ അറിയിക്കണമെന്നും ഖാർഗെ നിർദേശിച്ചു.
ലോക്സഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള പാർട്ടി നേതാക്കൾക്ക് മുന്നിൽ മാസ്റ്റർ പ്ലാൻ വിശദീകരിച്ചത് കർണാടകത്തിലെ വാർ റൂം ചുമതലക്കാരനായ ശശികാന്ത് സെന്തിൽ ആണ്. കർണാടക കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ശശികാന്ത് സെന്തിൽ തമിഴ്നാട് സ്വദേശിയാണ്. 2019-ൽ ആണ് സെന്തിൽ ഐഎഎസ് രാജിവെച്ചശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്. വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറ്റവും നിർണ്ണായകമായ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക ശശികാന്ത് സെന്തിൽ ആയിരിക്കും.
കേരളത്തിലെ പാർലിമെന്റ് മണ്ഡലങ്ങളുടെ ചുമതലയുള്ള കെ.സി ജോസഫ്, വി.എസ്. ശിവകുമാർ, വി. പി. സജീന്ദ്രൻ, പി. മോഹൻരാജ്, പി.ജെ. ജോയി, റോയ് കെ. പൗലോസ്, സൈമൺ അലക്സ്‌, എം. ലിജു, എ. എ ഷുക്കൂർ, പി. എ. സലിം. പി. ബാബുരാജ് സോണി സെബാസ്റ്റ്യൻ, എൻ. സുബ്രമണ്യൻ, പി.എം മാത്യു, തുടങ്ങിയവർ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *