കായികാധ്വാനമില്ലാത്ത, കൃത്യമായ ഭക്ഷണരീതിയില്ലാത്ത, ഉറക്കമില്ലാത്ത, ഏറെ സ്ട്രെസ് അനുഭവിക്കുന്ന പുതിയകാലത്തെ ജീവതരീതികളാണ് അമിതവണ്ണവും കൂട്ടുന്നത്. അമിതവണ്ണമാണെങ്കില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാമാണ് നമ്മെ നയിക്കുക.
അസുഖങ്ങള്‍ക്കുള്ള സാധ്യത മാത്രമല്ല, അസുഖങ്ങളെ ചികിത്സിക്കുമ്പോള്‍ ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ക്കും അമിതവണ്ണമുള്ളവരില്‍ സാധ്യതകളേറെയാണ് എന്നതിനാല്‍ തന്നെ അമിതവണ്ണം ശരിക്കും ഒരു വെല്ലുവിളിയാണ്. ഇനി, അമിതവണ്ണം കുറയ്ക്കാനാണെങ്കില്‍ ഏത്ര എളുപ്പവുമല്ല. കൃത്യമായ ഡയറ്റിലൂടെയും വര്‍ക്കൗട്ടിലൂടെയുമെല്ലാം അമിതവണ്ണം കുറയ്ക്കാൻ സാധിക്കും.
അങ്ങനെയുള്ള കേസുകളില്‍ സര്‍ജറി അടക്കമുള്ള മെഡിക്കല്‍ രീതികള്‍ തന്നെയുണ്ട് വണ്ണം കുറയ്ക്കാൻ. പക്ഷേ ഇതിനെല്ലാം അതിന്‍റേതായ ‘റിസ്ക്’കളും പ്രയാസങ്ങളും സൈഡ് എഫക്ട്സുമുണ്ട്. എന്നാലിപ്പോഴിതാ അമേരിക്കയിലെ ‘മസാക്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി’യില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ അമിതവണ്ണം കുറയ്ക്കാനൊരു ഗുളിക തന്നെ കണ്ടെത്തിയിരിക്കുകയാണ്.
ഈ ഗുളിക വയറ്റിനകത്തെത്തിയാല്‍ ആമാശയത്തില്‍ കിടന്ന് വിറച്ചുകൊണ്ടിരിക്കും. ഇതോടെ വിശപ്പ് അധികം അനുഭവപ്പെടാതാകും. എങ്കിലും ഭക്ഷണം കഴിക്കാതിരിക്കുന്ന അവസ്ഥയല്ല. കഴിക്കുന്ന ഭക്ഷണം 40 % വരെ ഗുളിക കുറയ്ക്കും. ഇതോടെ വലിയ രീതിയില്‍ വണ്ണം കുറയ്ക്കാൻ സാധിക്കുമെന്നാണ് ഇതിന്‍റെ നിര്‍മ്മാതാക്കളായ ഗവേഷകര്‍ പറയുന്നത്.