ആദ്യം ബ്ലേഡ് കമ്പനികൾ, പിന്നെ ഷെയർ മാർക്കറ്റ്, ടൈം ഷെയർ റിസോർട്സ്, ആട് തേക്ക് മാഞ്ചിയം, ലിസ് ലോട്ടറി, സ്വർണ്ണക്കട ഷെയർ, സിനിമ നിർമ്മാണം, ശബരീനാഥ് മോഡൽ ഇൻവെസ്റ്റ്മെന്റുകൾ, മണിചെയിൻ, പിരമിഡ്. ക്രിപ്റ്റോ, ബ്ലോക്ക് ചെയിൻ, എൻഎഫ്ടി എന്നിങ്ങനെയുള്ള പരീക്ഷണങ്ങൾ നടത്തി നടത്തി പറ്റിക്കപ്പെട്ടുകൊണ്ട് മലയാളി എന്നും ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും ഒന്നാം സ്ഥാനം നിലനിർത്തികൊണ്ടിരിക്കുകയാണ്.
എത്രയെത്ര പറ്റിക്കപ്പെട്ടാലും വീണ്ടും വീണ്ടും പറ്റിക്കപ്പെടുവാൻ ജന്മമെടുത്ത വർഗം.
ബുദ്ധിയും സാമർഥ്യവും മറ്റുള്ള സംസ്ഥാനത്തേക്കാൾ അല്ലെങ്കിൽ രാജ്യങ്ങളെക്കാൾ വളരെ കൂടുതൽ ദൈവം കൊടുത്തനുഗ്രഹിച്ച മലയാളി സമൂഹത്തിൽ അവരെക്കാൾ ബുദ്ധിയുള്ളവർ മാജിക്കുകാരായും ചാരിറ്റിക്കാരായും ദൈവപുത്രന്മാരായും അവതരിക്കുമ്പോൾ പെട്ട് പോകുന്നത് കുറെയധികം ലുബ്ധൻമാരും അതുപോലെ വേദനിക്കുന്ന കോടീശ്വരന്മാരും ആണെന്നതിൽ നമ്മുക്ക് ആശ്വസിക്കാം.
പലരും സ്വന്തം കുടുംബങ്ങളെയോ സ്നേഹിതന്മാരെയോ അയൽവക്കക്കാരെയോ നാട്ടുകാരെയോ സഹായിക്കാതെ അറുത്ത കൈക്ക് ഉപ്പുതേക്കാതെ പണം പണം മാത്രം എന്ന ലക്ഷ്യത്തിൽ ജീവിക്കുമ്പോൾ ഇതുപോലെയുള്ള പലമാജിക്കുകാരും പണം തട്ടിയെടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ.
സമൂഹത്തിൽ പല രീതിയിലും മാന്യത നടിച്ചുകൊണ്ട് ചാനലുകളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ജനങ്ങളെ കൊതിപ്പിക്കുന്ന രീതിയിൽ സംസാരിച്ചുകൊണ്ട് പാവം ജനത്തിന്റെ സൈക്കോളജി മനസ്സിലാക്കി അവരെ ചൂഷണം ചെയ്തു ജീവിക്കുന്ന പകൽമാന്യന്മാരുടെ നാടായി മാറിയിരിക്കുകയാണ് കേരളം.
ചങ്കു തുറന്നു കാണിച്ചാൽ ചെമ്പരത്തി പൂവാണെന്ന് പറയുന്ന നമ്മുടെ സമൂഹത്തിൽ ഇക്കൂട്ടർ വളരെ ഭംഗിയായി ചങ്ക് ചങ്കായി തന്നെ അവതരിപ്പിക്കുമ്പോൾ ജനം അതിൽ വീണുപോകുന്നു.
ചാരിറ്റി എന്നത് ലോകം ഉണ്ടായതുമുതൽ നടക്കുന്ന പ്രക്രിയയാണ്. പക്ഷെ അതിനെ കച്ചവടവുമായി കൂട്ടിക്കലക്കുമ്പോൾ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ നന്നാവണമെന്നില്ല.
അനാഥാലയങ്ങളുടെ പേരിലും യത്തീം ഖാനകളുടെ പേരിലും ഭിന്നശേഷിക്കാരുടെ പേരിലും അസുഖ ബാധിതരെ സഹായിക്കാനെന്ന പേരിലും ജനസേവ ശിശു ഭവനങ്ങളെന്ന പേരിലും ധാരാളം ചാരിറ്റിക്കാർ വിലസുന്ന നമ്മുടെ കേരളമണ്ണിൽ നെല്ലും പതിരും തിരിച്ചറിയാതായിരിക്കുന്നു.
എല്ലാവരുടെയും അത്താണി ഗൾഫിലെ കുറെ പ്രാഞ്ചിയേട്ടന്മാർ തന്നെ. ചാനലിലും സോഷ്യൽ മീഡിയയിലും ടിക്‌ടോകിലും റീൽസിലും ഒക്കെ മുഖം കാണിച്ചുകൊണ്ട് ലേശം പ്രശസ്തി ആയവരെ ഏറ്റെടുക്കുവാൻ ഗൾഫിലെ പ്രാഞ്ചിയേട്ടന്മാർ രംഗത്തുവരുന്നതോടെ ഇപ്പറയുന്നവർ അവരറിയാതെ മമ്മുട്ടിയും മോഹൻലാലും ആയി മാറുന്നു. സെലിബ്രിറ്റി പരിവേഷത്താൽ അവർ അവരെ തന്നെ മറക്കുന്നു.
ഇല്ലാത്ത പ്രോജക്ടുകൾ വലിയ ബ്രോഷറുകളിലാക്കി വന്നുകൊണ്ട് ഏതെങ്കിലും നല്ല ഹോട്ടലിൽ പരിപാടികൾ വെച്ചുകൊണ്ട് പണം സ്വരൂപിക്കുന്ന ഒട്ടനവധി കഥകൾ കേരളം കേട്ടു മടുത്തതാണ്.
സ്വർണ്ണക്കടകളുടെ പേരിലും റിസോർട്ടുകളുടെ പേരിലും ഷോപ്പിങ് മാളുകളുടെ പേരിലും കോടിക്കണക്കിന് രൂപയാണ് ഇക്കൂട്ടർ കൊണ്ടുപോകുന്നത്.
പിന്നീട് അന്വേഷിച്ചു നോക്കിയാൽ ബ്രോഷറുമില്ല, സ്ഥലവുമില്ല, സ്വർണ്ണവുമില്ല, ആളുകളുമില്ല എന്ന അവസ്ഥയിൽ എത്രയെത്ര കേസുകളാണ് കേരളത്തിൽ എന്നും രെജിസ്റ്റർ ചെയ്തുകൊണ്ടിരിക്കുന്നത്.
പത്തും ഇരുപതും കൊല്ലങ്ങളായി വിജയിച്ചുവരുന്ന, ആസ്തിയുള്ള സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുവാൻ ഇക്കൂട്ടർ മടി കാണിക്കുമ്പോൾ പേപ്പർ കമ്പനികളിൽ കണ്ണടച്ചുകൊണ്ട് പണം എറിയുന്നു.
മാജിക്ക് അക്കാദമി, മീഡിയ അക്കാദമി, ബിസിനസ്സ് അക്കാദമി എന്നൊക്കെ പറഞ്ഞുകൊണ്ട് വലിയ പേരുകൾ മുന്നിൽ വെച്ചുകൊണ്ട് ഇക്കൂട്ടർ ആളുകളെ തേടിയിറങ്ങുമ്പോൾ അവർക്ക് ചുമപ്പ് പരവതാനി വിരിക്കുന്നവർക്കാണ് പിന്നീട് ദുഖിക്കേണ്ടി വരുന്നത്.
എത്രയെത്ര ചാനലുകളിൽ പണം നിക്ഷേപിച്ചവർ ഇപ്പോൾ കേസും കോടതികളുമായി ചുറ്റിക്കറങ്ങുന്നുണ്ട്. പലരും നാണക്കേടുകൊണ്ടും ഭയം കൊണ്ടും പോയത് പോയി എന്ന മട്ടിൽ ജീവിക്കുന്നു.
കേരളത്തിലെ മലബാർ മേഖലകളിൽ നിന്നുള്ളവരാണ് ഏറെയും ഈ ചൂഷണത്തിൽ അകപ്പെടുന്നത്. കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും വയനാട്ടിലും ബംഗളൂരുവിലും വില്ലകളിലും അപ്പാർട്മെന്റുകളിലും പണം നിക്ഷേപിച്ചുകൊണ്ട് പണി പൂർത്തിയാകാതെ കാത്തിരിക്കുന്ന ആയിരക്കണക്കിന് ആളുകൾ ഗൾഫിലുണ്ട്.
പണത്തിന് മേലെ ഒരു പരുന്തും പറക്കില്ല !!!
നിങ്ങളുടെ പണം നിങ്ങളുടെ ഇഷ്ടംപോലെ ചെയ്തോളൂ എന്ന ഉപദേശത്തിൽ ദാസനുംമാജിക്കുകാർ എന്നും മാജിക്കുകാർ ആണെന്നോർമ്മപ്പെടുത്തിക്കൊണ്ട് വിജയനും