കൊച്ചി: തന്‍റെ സ്വതസിദ്ധമായ ശൈലിയിലുള്ള സരസമായ മറുപടികളിലൂടെ ആദ്യദിനം തന്നെ സഭയില്‍ പ്രിയങ്കരനായിരിക്കുകയാണ് നിയുക്ത മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. മാധ്യമങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു ആദ്യ പ്രതികരണങ്ങള്‍ പലതും.

സഭയിലെ പ്രതിസന്ധികളെക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോടുള്ള മറുപടി ഇങ്ങനെ – ഞാന്‍ പ്രതിസന്ധികളെക്കുറിച്ചല്ല ചിന്തിക്കുന്നത്, പ്രതീക്ഷകളെക്കുറിച്ചാണ് ! എന്നായിരുന്നു. ആദ്യ പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെ. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അതൊന്നും എന്നില്‍ ഒരു മാറ്റവും ഉണ്ടാക്കില്ല, ഞാന്‍ നിങ്ങടെ പഴയ തട്ടിലച്ചനാണ്, തട്ടില്‍ ബിഷപ്പാണ് !

സഭയുടെ ഉന്നത പദവികളിലെത്തുന്നവരില്‍ നിന്ന് അതൊക്കെ കേള്‍ക്കുന്നതുതന്നെ വിശ്വാസികള്‍ക്ക് ആശ്വാസമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ ഒരു ബിഷപ്പ് ആദ്യം സഹായമെത്രാനായ ശേഷം നാട്ടിലെ പഴയ സുഹൃത്തായ മാധ്യമ പ്രവര്‍ത്തകന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നത്രെ. ആദ്യ ചോദ്യം – എന്നെ കാണാന്‍ മുന്‍കൂര്‍ അപ്പോയിന്‍മെന്‍റ് എടുത്തിരുന്നോ എന്നായിരുന്നു. ഇനി അങ്ങനെ വെറുതെ കയറി വന്നാല്‍ കാണാന്‍ പറ്റില്ലെന്നും ഉപദേശം. നേരെ തിരിച്ചായിരുന്നു പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെ പ്രസ്താവന.
ആഡംബരങ്ങള്‍ക്കും ധൂര്‍ത്തിനും മണിസൗധങ്ങള്‍ക്കും എതിരാണ് എന്നും തട്ടില്‍ ബിഷപ്പിന്‍റെ നിലപാടുകള്‍. യൂട്യൂബില്‍ വൈറലായ അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളെല്ലാം തന്നെ ധൂര്‍ത്തിനും ധാരാളിത്തത്തിനും എതിരെ.
സഭയിലെ മിഷന്‍ രൂപതകളോട് ഏറ്റവും അനുഭാവം പുലര്‍ത്തുന്ന ബിഷപ്പ് ആരെന്നതില്‍ സംശയം വേണ്ട, തട്ടില്‍ പിതാവ് തന്നെ. ഓരോ മിഷന്‍ രൂപതകളെയും നാട്ടിലെ ഓരോ സമ്പന്ന രൂപതകളും ഏറ്റെടുക്കാന്‍ തയ്യാറായാല്‍ മിഷന്‍ രൂപതകളിലെ പ്രശ്നങ്ങള്‍ തീരുമെന്നാണ് തട്ടില്‍ പിതാവിന്‍റെ പക്ഷം.
യുവജനങ്ങളോടാണ് നിയുക്ത മേജര്‍ ആര്‍ച്ച് ബിഷപ്പിന് ഏറ്റവും വാത്സല്യവും സ്നേഹവുമുള്ളത്. നിങ്ങളിലാണ് പ്രതീക്ഷ എന്നാണ് യുവാക്കളോട് പിതാവ് പറയുന്നത്.

കോടികള്‍ മുടക്കി ആഡംബര ദേവാലയങ്ങള്‍ പണികഴിപ്പിക്കുന്നതിനും ലക്ഷങ്ങള്‍ മുടക്കിയുള്ള അത്യാഡംബര വിവാഹങ്ങളോടും തിരുനാളുകളോടുമൊക്കെ നെറ്റിചുളിക്കുന്ന സഭാ തലവനാണ് ഇനി മൗണ്ട് സെന്‍റ് തോമസിലെ പരമോന്നത പദവിയിലെന്നത് സഭയിലെ ആഡംബര പ്രേമികള്‍ക്ക് പേടിസ്വപ്നമാകും എന്ന് തീര്‍ച്ച.

മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ചുവടുപിഴച്ചതും അവിടെ നിന്നാണ്. എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികര്‍ ഇടവക മാറി പോകുമ്പോള്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന സമ്മാനങ്ങള്‍ പാരിതോഷികങ്ങളായി കൈപ്പറ്റുന്ന സമ്പ്രദായത്തിന് കൂച്ചുവിലങ്ങിട്ടതാണ് ആലഞ്ചേരി പിതാവിന് വിനയായത്.
ഇങ്ങനെ ഇടവക മാറിപ്പോയ വൈദികന്‍ കൈപ്പറ്റിയ 12 ലക്ഷത്തിന്‍റെ കാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഇടപെട്ട് തിരികെ കൊടുപ്പിച്ചതോടെ പ്രശ്നങ്ങള്‍ക്കും തുടക്കമായി.
അത്തരത്തില്‍ പ്രശ്നക്കാരായി എത്തുന്നവരോട് മൗനമായി പ്രതികരിക്കുന്നയാളായിരിക്കില്ല പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ്.

By admin

Leave a Reply

Your email address will not be published. Required fields are marked *