യഥാര്‍ഥ ശിവസേനആരെന്ന പോരില്‍ ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിന് വിജയം. ഭൂരിപക്ഷ പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണയുള്ളതിനാല്‍ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് നിയമസാധുതയുണ്ടെന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ വിധിച്ചു. ശിവസേനാ അധ്യക്ഷന്‍ എന്ന നിലയില്‍ ഉദ്ധവ് താക്കറെയ്ക്ക് ഏകനാഥ് ഷിന്‍ഡെയെ നിയമസഭാ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ അധികാരമില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
ഏകനാഥ് ഷിന്‍ഡെയുടെയും മറ്റ് എംഎല്‍എമാരുടെയും അയോഗ്യതാ ഹര്‍ജികളില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി(ടൗുൃലാല ഇീൗൃ)േ അനുവദിച്ച സമയമപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടി. ശിവസേന വിമതരുടെ 34 അയോഗ്യതാ ഹര്‍ജികളിലാണ് സ്പീക്കര്‍ വിധി പറഞ്ഞത്. ഈ ഹര്‍ജികളെ ആറ് ഭാഗങ്ങളായി വിഭജിച്ചാണ് സ്പീക്കര്‍ തീരുമാനമെടുത്തത്.
ഭേദഗതി വരുത്തിയ 2018 ഭരണഘടന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പാകെ ഇല്ലാത്തതിനാല്‍ ശിവസേനയുടെ 1999 ഭരണഘടന പരിഗണിക്കേണ്ടതുണ്ടെന്ന് സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ പറഞ്ഞു. 1999-ലെ ശിവസേനയുടെ ഭരണഘടന പാര്‍ട്ടി മേധാവിയുടെ കൈകളില്‍ നിന്ന് അധികാര കേന്ദ്രീകരണം നീക്കം ചെയ്തിരുന്നു. എന്നാല്‍ അധികാരം പാര്‍ട്ടി മേധാവിയുടെ കൈകളിലേക്ക് തിരികെ നല്‍കിയായിരുന്നു 2018-ല്‍ ഭേദഗതി വരുത്തിയ ഭരണഘടന. 2024 ന്റെ രണ്ടാം പകുതിയില്‍ മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്പീക്കറുടെ സുപ്രധാന തീരുമാനം.
ഏകനാഥ് ഷിന്‍ഡെയും 40-ലധികം ശിവസേന എംഎല്‍എമാരും അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ മത്സരിക്കുകയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും (എന്‍സിപി) കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാ വികാസ് അഘാഡി (എംവിഎ) സര്‍ക്കാരിനെ താഴെയിറക്കുകയും ചെയ്തതിന് 18 മാസങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. സംഭവത്തിന് ശേഷം ഏകനാഥ് ഷിന്‍ഡെ ബിജെപിയുമായി കൈകോര്‍ക്കുകയും ദേവേന്ദ്ര ഫഡ്‌നാവിസിനെ ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്തു.
ഇതിനിടെ കൂറുമാറ്റ നിരോധന നിയമപ്രകാരം പരസ്പരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷിന്‍ഡെ, താക്കറെ വിഭാഗങ്ങള്‍ മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ക്ക് മുമ്പാകെ ക്രോസ് പെറ്റീഷനുകള്‍ സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ സ്പീക്കര്‍ തീരുമാനമെടുക്കാന്‍ കാലതാമസം വന്നതോടെ വിഷയം സുപ്രിംകോടതിയിലെത്തി. 2023 മെയ് മാസത്തില്‍ ഹര്‍ജികളില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറോട് സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ‘ശിവസേന’ എന്ന പേരും ‘വില്ലും അമ്പും’ ചിഹ്നവും നല്‍കിയിരുന്നു, അതേസമയം താക്കറെയുടെ നേതൃത്വത്തിലുള്ള സംഘത്തെ ശിവസേന (യുബിടി) എന്ന് വിളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ എന്‍സിപിയുടെ അജിത് പവാര്‍ വിഭാഗവും ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ചേര്‍ന്നു. ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം ചേര്‍ന്ന് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി.