ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് സൽമാൻ ഖാനും നടി തബുവും. വർഷങ്ങൾ ദൈർഘ്യമുള്ള തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് താരങ്ങൾ പലവേദികളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ സുഹൃത്തുക്കളിൽ വിലമതിക്കാനാവാത്ത രത്നമാണ് സൽമാൻ എന്നാണ് അടുത്തിടെ ഒരു ടെലിവിഷൻ റിയാലിറ്റി ഷോയിൽ തബു പങ്കെടുത്തപ്പോൾ നടനെക്കുറിച്ച് പറഞ്ഞത്. നടിയുമായുള്ള സൗഹൃദത്തെക്കുറിച്ചും സൽമാൻ വാചാലനായിരുന്നു.
പ്രായം 50 കടന്നിട്ടും ഇപ്പോഴും വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരങ്ങൾ. വിവാഹത്തിനോടൊ പ്രണയബന്ധങ്ങളോടൊ താൽപര്യമില്ലെന്നാണ് സൽമാൻ പറയുന്നത്. ഒറ്റക്കുള്ള ജീവിതം വളരെ മനോഹരമാണെന്നാണ് തബുവിന്റെ പക്ഷം.
‘വിവാഹത്തിനോടൊ പ്രണയബന്ധത്തിനോടൊ താൽപര്യമില്ല. ഒറ്റക്കുള്ള ജീവിതം വളരെയധികം ആസ്വദിക്കുന്നുണ്ട്. ആ ജീവിതം ഏറെ ആഘോഷിക്കുന്നുമുണ്ട്’- സൽമാൻ പറഞ്ഞു.
‘സിംഗിൾ’ എന്നത് ഒരു മോശമായ വാക്ക് അല്ല. നമ്മള്‍ തനിച്ചാണെങ്കില്‍ നമുക്കൊരുപക്ഷെ ഏകാന്തതയെയോ ഒറ്റപ്പെടലിനെയോ എല്ലാം അതിജീവിക്കാൻ പറ്റും. എന്നാൽ നമുക്ക് ചേരാത്ത പങ്കാളിയോടെപ്പമാണ് ജീവിക്കുന്നതെങ്കിൽ ജീവിതം വളരെ കഷ്ടപ്പാടായിരിക്കും. അതിലും നല്ലത് ഒറ്റക്ക് ജീവിക്കുന്നതാണ്. ഞാൻ വിശ്വസിക്കുന്നത്, പലകാര്യങ്ങളിലൂടെയാണ് നമ്മുടെ ജീവിതത്തിലേക്ക് സന്തോഷം വരുന്നത്. അതിന് നമ്മുടെ വിവാഹജീവിതമായോ റിലേഷനുമായോ ബന്ധമില്ല- തബു പറഞ്ഞു.