പത്തനംതിട്ട: ലോക്സഭാ മണ്ഡലത്തില്‍ പോരാട്ട ചിത്രം വ്യക്തമാകുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. മൂന്ന് തവണ യുഡിഎഫിലെ ആന്‍റോ ആന്‍റണി എംപിയായി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലം.
യുഡിഎഫില്‍ ആന്‍റോ ആന്‍റണി തന്നെ വീണ്ടും മല്‍സരിക്കുമെന്നുറപ്പായി. നേരത്തെ ആന്‍റോ ആന്‍റണിയെ ലോക്സഭയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന നിര്‍ദേശം ഉയര്‍ന്നുവെങ്കിലും നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ആന്‍റോയെ മാറ്റാന്‍ ഹൈക്കമാന്‍റ് ഒരുക്കമല്ല.
ബിജെപി നേരത്തെ ജനപക്ഷം നേതാവ് പിസി ജോര്‍ജിനെ മല്‍സരിപ്പിക്കാന്‍ ആലോചനകള്‍ നടത്തിയിരുന്നെങ്കിലും ജോര്‍ജിനെ വിശ്വാസത്തിലെടുക്കാന്‍ ബിജെപി ഇപ്പോഴും തയ്യാറല്ല. പകരം മനുഷ്യാവകാശ പ്രവര്‍ത്തകയും റിട്ട. പ്രൊഫസറുമായ ഡോ. എം.എസ് സുനിലിനെ ബിജെപി പത്തനംതിട്ടയിലേയ്ക്ക് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്.
63 കാരിയായ ഡോ. എം.എസ് സുനില്‍ പത്തനംതിട്ട, കോട്ടയം ജില്ലകളിലായി 300 ലധികം നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയതിലൂടെ പ്രശസ്തയും ജനസമ്മതി ആര്‍ജിച്ച വനിതാ സാമൂഹ്യ പ്രവര്‍ത്തകയുമാണ്. ഇതിനായി ഡോ. എം.എസ് സുനില്‍ ഫൗണ്ടേഷന്‍ എന്ന സംഘടന സ്ഥാപിച്ച് പ്രവര്‍ത്തനം നടത്തിവരികയാണ്.
ഗോത്രവര്‍ഗക്കാരും സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവരുമായവര്‍ക്കിടയിലെ ഭക്ഷണ, പാര്‍പ്പിട സേവനങ്ങള്‍ പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ 2017 -ലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘നാരി ശക്തി’ പുരസ്കാരം നല്‍കി ആദരിച്ചിരുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മധ്യകേരളത്തില്‍ സുപരിചിതയായ വനിതയെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ മണ്ഡലം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ഇടതുപക്ഷം മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ പത്തനംതിട്ടയില്‍ തീരുമാനിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. മുന്‍ റാന്നി എംഎല്‍എ രാജു എബ്രാഹത്തിന്‍റെ പേര് ഇവിടെ നേരത്തെ പരിഗണിച്ചിരുന്നെങ്കിലും തോമസ് ഐസക്കിലൂടെ മണ്ഡലം പിടിച്ചെടുക്കാം എന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.
ഐസക്ക് ഇതിനോടകം പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി സജീവവുമാണ്. കേരള കോണ്‍ഗ്രസ് – എം ഇടതുമുന്നണിയിലെത്തിയ ശേഷം നടക്കുന്ന ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പെന്ന നിലയില്‍ ഇടതു മുന്നണിയ്ക്ക് ഇത്തവണ പത്തനംതിട്ടയില്‍ വലിയ പ്രതീക്ഷകളാണുള്ളത്. ലോക്സഭാ മണ്ഡലത്തിലെ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, റാന്നി മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസിന്‍റെ എംഎല്‍എമാരാണ്. കേരള കോണ്‍ഗ്രസ് – എമ്മിന്‍റെ ശക്തികേന്ദ്രങ്ങളുമാണ്.
സ്ഥാനാര്‍ഥികള്‍ ശക്തരാകുമെന്നായതോടെ പത്തനംതിട്ടയില്‍ ഇത്തവണ പോരാട്ടം കനത്തതാകും എന്നുറപ്പാണ്. യുഡിഎഫിനെ സംബന്ധിച്ച് കേരള കോണ്‍ഗ്രസ് – എം മുന്നണി വിട്ടത് മണ്ഡലത്തില്‍ തിരിച്ചടിയാകുമെന്നുറപ്പാണ്. മാത്രമല്ല, സ്വന്തം ചേരിയില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പുകള്‍ നേരിടുന്ന നേതാവുമാണ് സിറ്റിംങ്ങ് എംപി ആന്‍റോ ആന്‍റണി. അതിനൊപ്പം രാഷ്ട്രീയത്തിനതീതമായി വോട്ട് ശേഖരിക്കാന്‍ ശേഷിയുള്ള എം.എസ് സുനില്‍ കൂടി സ്ഥാനാര്‍ഥിയായി എത്തുന്നതോടെ ആന്‍റോയുടെ നില കൂടുതല്‍ പരുങ്ങലിലാകാനാണ് സാധ്യത.