ഇപ്പോൾ നടക്കുന്ന വിവാദങ്ങളും വാക്ക് പോരുകളും മാറ്റിവച്ചുള്ള ഒരു വിലയിരുത്തലാണ് ഇവിടെ നടത്തുന്നത്..
മാല ദ്വീപും ലക്ഷദ്വീപും ശുദ്ധമായ മലയാളം വാക്കുകൾ തന്നെയാണ്. മാലപോലെ കിടക്കുന്ന 1200 ദ്വീപുകളാണ് മാലദ്വീപ്. 36 ദ്വീപുകളുടെ സമൂഹമാണ് ലക്ഷദ്വീപ്. ലക്ഷം ദ്വീപുകൾ എന്നർത്ഥത്തിലാണ് ലക്ഷ ദ്വീപ് എന്ന പേരുവന്നത്.. യഥാർത്ഥത്തിൽ ദ്വീപുകൾ 36 മാത്രമാണ്.

പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് യാത്രയും 1200 കോടിയുടെ പുതിയ ടൂറിസം പ്രൊജക്റ്റുകളുമാണ് ഇപ്പോൾ മാലദ്വീപിനെ അലോസരപ്പെടുത്തുന്ന വിഷയമെന്നതിൽ തർക്കമില്ല. കാരണം 2 മുതൽ രണ്ടര ലക്ഷം വരെ ഇന്ത്യക്കാരാണ് ഓരോ വർഷവും മാലദ്വീപ് സന്ദർശിക്കുന്നത്. അതിൽ അധികവും ധനാഢ്യരും സെലിബ്രിറ്റികളുമാണ്. ഇന്ത്യയിൽ നിന്നും എട്ടോളം വിമാനങ്ങളാണ് ദിവസവും ടൂറിസ്റ്റുകളുമായി മാലെക്കു പോകുന്നത്.
ടൂറിസത്തിൽ നിന്നുള്ള മാലദ്വീപിന്റെ വരുമാനം ആകെ വരുമാനത്തിന്റെ നാലിലൊന്നിൽ കൂടുതലാണ്. ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് മാലദ്വീപ് എന്തൊക്കെയാണ് അവിടെ സജ്ജമാക്കിയിരിക്കുന്നതെന്നും എങ്ങനെയാണ് അവിടെ എത്തപ്പെടുന്നതെന്നും നമുക്ക് നോക്കാം.

മാലദ്വീപിൽ വിസ ഫ്രീയാണ്. ഇന്ത്യയുടെ പലഭാഗത്തുനിന്നും മാലദ്വീപിലേക്ക് വിമാനസർവീസുകളുണ്ട്. കൊച്ചിയിൽ നിന്നും 1000 കിലോമീറ്റർ ദൂരം മാത്രമാണ് ഇവിടേക്കുള്ളത്. 1200 ദ്വീപുകളും ചേർന്നാൽ കേവലം 300 ചതുരശ്ര അടി വിസ്തീർണ്ണം മാത്രമാണുണ്ടാകുക. അതായത് ഡൽഹിയുടെ അഞ്ചിൽ ഒന്ന്.
മാലദ്വീപിന്റെ ജനസംഖ്യ ഏകദേശം 4 ലക്ഷം മാത്രമാണ്. ദിവെഹി, ഇംഗ്ലീഷ് എന്നിവയാണ് ഭാഷകൾ. മാലിദ്വീ പിലെ ഒരു സ്ഥലത്തിനും സമുദ്രനിരപ്പിൽ നിന്നും 6 അടിയിൽക്കൂടുതൽ ഉയരമില്ല. അതുകൊണ്ടു തന്നെ ആഗോളതാപനത്തിൻ്റെ ഫലമായുള്ള സമുദ്രത്തിലെ ജലനിരപ്പുയരുന്നത് ദ്വീപിന് വലിയ ഭീഷണിയാണ്.
ഏകദേശം 20 ലക്ഷം ടൂറിസ്റ്റുകളാണ് ലോകമെമ്പാടുനിന്നും ഇവിടേക്കെത്തുന്നത്. ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. നീലക്കടലിനരുകിലെ ദ്വീപുകളുടെ തീരങ്ങളിലെ വിശാലമായ വെള്ളമണൽത്തരികളുള്ള മാലദ്വീപ് ബീച്ചുകൾ ആരെയും മോഹിപ്പിക്കുന്നതാണ്.
കൊച്ചിയിൽനിന്നും ഏകദേശം 10,000 രൂപയാണ് വിമാന ടിക്കറ്റ് നിരക്ക്. രണ്ടുമണിക്കൂർ യാത്ര. മാലദ്വീപിൽ 175 റിസോട്ടുകളും,14 വലിയ ഹോട്ടലുകളും,865 ഗസ്റ്റ് ഹൗസുകളും.156 യാത്രാ ബോട്ടുകളും,280 ഡൈവ് പോയിന്റുകളും 763 ട്രാവൽ ഏജൻസികളും ധാരാളം ടൂർ ഗൈഡുകളും സഞ്ചാരികൾക്കായി ലഭ്യമാണ്.
സൺ ഐലൻഡ്, ഗ്ലൗയിങ് ബീച്ച് , ഫിഹാലഹോഹി ഐലൻഡ് ,മാലെ സിറ്റി , മാഫ്യൂഷി , ആർട്ടിഫിഷ്യൽ ബീച്ച് , മമ്മിജിലി എന്നിവയാണ് പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകർഷക കേന്ദ്രങ്ങൾ. ജനുവരി മുതൽ ഏപ്രിൽ വരെയാണ് മാലിദ്വീപിലെ ടൂറിസം സീസൺ.

3 സ്റ്റാർ ഹോട്ടലുകളിൽ സീസൺ സമയത്ത് 5000 രൂപ മുതൽ മുകളിലോട്ടാണ് ഒരു ദിവസത്തെ റൂം വാടക. ഓഫ് സീസണായ മെയ് മുതൽ സെപ്റ്റംബർ വരെ റേറ്റിൽ കുറവുണ്ടാകും.
ലക്ഷദ്വീപും മാലദ്വീപും തമ്മിൽ 700 കി.മീറ്റർ ദൂരമുണ്ട്. മാലദ്വീപിലെ ദിവെഹി ലിപിയിലുള്ള ഭാഷയാണ് മിനിക്കോയ് ദ്വീപുവാസികൾ സംസാരിക്കുന്നത്. മലയാളമാണ് ലക്ഷദ്വീപിലെ പൊതുവായ ഭാഷ. സ്‌കൂളി കളിലും മലയാളമാണ് പഠിപ്പിക്കുന്നത്. കൊച്ചിയിൽ നിന്നും 400 കിലോമീറ്റർ ദൂരമുണ്ട് ലക്ഷദ്വീപിന്‌.
ലക്ഷദ്വീപിന്റെ ജനസംഖ്യ 64,000 ആണ്.ഇതിൽ 96 % വും മുസ്‌ലിം സമുദായക്കാരാണ്. 32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലക്ഷദ്വീപ് വിസ്തൃതിയിൽ മാലദ്വീപിന്റെ പത്തിൽ ഒന്നുമാത്രമാണ്.
ലക്ഷദ്വീപുകളിലെ 10 എണ്ണത്തിൽ മാത്രമാണ് ജനവാസമുള്ളത്.അതിൽ ബംഗാരം ദ്വീപിൽ വെറും 61 പേർ മാത്രമാണ് താമസക്കാർ. മത്സ്യബന്ധനവും നാളീകേര കൃഷിയുമാണ് മുഖ്യ വരുമാനമാർഗ്ഗങ്ങൾ.കഴിഞ്ഞ വർഷങ്ങളിലായി ടൂറിസം ഇവിടെ വികസനപാതയിലാണ്. പോയവർഷം 25000 പേർ ലക്ഷദ്വീപ് സന്ദർശി ക്കുകയുണ്ടായി.ഇക്കൊല്ലം മുതൽ ഈ സംഖ്യ കൂടുതൽ ഉയരുമെന്നാണ് പ്രതീക്ഷ.
അഗത്തിയിൽ വിമാനത്താവളമുണ്ട്. അഗത്തി – കവരത്തി ഹെലികോപ്റ്റർ സർവീസും ലഭ്യമാണ്. അഗത്തി- കവരത്തി – കടമത്ത് ദ്വീപുകൾ തമ്മിൽ ബോട്ട് സർവീസുമുണ്ട്. കൊച്ചി -അഗത്തി വിമാനദൂരം ഒന്നരമ ണി ക്കൂറാണ്. കൊച്ചി ലക്ഷദ്വീപ് കപ്പൽ സർവീസുകളും നിലവിലുണ്ട്.വളരെ രസകരമായ കാഴ്ചകൾ സമ്മാനിക്കുന്ന കപ്പൽ സർവീസ് 14 മുതൽ 18 മണിക്കൂർ സമയം കൊണ്ടാണ് ലക്ഷദ്വീപിലെത്തുന്നത്.
ലക്ഷദ്വീപിൽ ടൂറിസ്റ്റുകൾക്ക് കാണാൻ പറ്റിയ സ്ഥലങ്ങൾ കവരത്തി ഐലൻഡ്,ലൈറ്റ് ഹൌസ് ,ജെട്ടി സൈറ്റ് , മോസ്ക്ക് ,അഗറ്റി , കടമാറ്റ് ,ബാംഗ്രം ,തിന്നാകര എന്നിവിടങ്ങളാണ്.
മാലദ്വീപ് പോലെത്തന്നെ ലക്ഷദ്വീപിലെ ബീച്ചുകളിലും വെളുവെളുത്ത പൂഴിമണലാണുള്ളത്. മെയ് മുതൽ സെപ്റ്റംബർ വരെയാണ് ടൂറിസ്റ്റ് സീസൺ. എന്നാൽ ഡിസംബർ മുതൽ ഫെബ്രുവരി വരെ ലക്ഷദ്വീപിൽ സഞ്ചാരികളുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്, ലക്ഷദ്വീപിൽ പോകാൻ പ്രത്യേക പെർമിറ്റ് ആവശ്യമാണെന്നത് കൂടാതെ പല ദ്വീപുകളിലും പ്രവേശിക്കുന്നതിന് കേന്ദ്രസർക്കാർ അനുമതിയും ആവശ്യമാണെന്നോർക്കുക.
തീവ്രവാദ ഭീഷണിയുടെ മുൻകരുതൽ എന്ന നിലയിൽ ഇന്ത്യൻ തീരദേശസേനയുടെ ശക്തമായ കാവലിലാ ണ് ലക്ഷദ്വീപ് മുഴുവൻ. ഇതോടൊപ്പം INS ദ്വീപരക്ഷക് നേവൽ ബേസും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്..
അതിവേഗ ഇന്റർനെറ്റും, അന്താരാഷ്ട്ര വിമാനത്താവളവും , വമ്പൻ ഹോട്ടൽ പ്രൊജക്റ്റുകളും കടലിലും കരയിലും ഉല്ലാസത്തിനായുള്ള സന്നാഹങ്ങളും ഒക്കെ വരുംനാളുകളിൽ തയ്യറാകുന്നതോടെ മാലദ്വീപ് പോലുള്ള ഒരു ലോകോത്തര ടൂറിസം സ്പോട്ടായി ലക്ഷദ്വീപ് മാറിയേക്കാം.. അതുവഴി ഇൻഡോനേ ഷ്യയി ലെ ബാലി ദ്വീപ് പോലെ ജനങ്ങളുടെ ജീവിതനിലവാരവും മെച്ചപ്പെടാവുന്ന നിലയിലെത്താനും അത് കാരണമാകും.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *