ലബനൻ: തെക്കൻ ലബനനിലേക്ക് സംഘർഷം ആളിക്കത്തിച്ച് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്‌ബുള്ള കമാൻഡർ വിസാം അൽ തവിൽ കൊല്ലപ്പെട്ടു. മിസൈൽ ആക്രമണം നടത്തുകയായിരുന്നു.
അതിർത്തിക്ക് സമീപം വിസാം സഞ്ചരിക്കുകയായിരുന്ന എസ്‌യുവിയിലേക്കാണ് ആക്രമണം അഴിച്ചു വിട്ടത്. ഒക്ടോബർ ഏഴിന് ഗാസയിലേക്ക് തുടങ്ങിയ ഇസ്രയേൽ കടന്നാക്രമണത്തിനുശേഷം ഇസ്രയേൽ–ഹിസ്‌ബുള്ള കടന്നാക്രമണം രൂക്ഷമായിരുന്നു. ഇതിനിടെ കൊല്ലപ്പെടുന്ന ഏറ്റവും ഉന്നതനായ ഹിസ്‌ബുള്ള നേതാവാണ് വിസാം.
അടുത്തകാലത്ത് ഇസ്രയേൽ ബെയ്‌റൂട്ടിൽ നടത്തിയ സ്‌ഫോടനത്തിൽ ഹമാസിന്റെ ഉന്നത നേതാവ് കൊല്ലപ്പെട്ടിരുന്നു. ഇതിന് കനത്ത തിരിച്ചടി നൽകുമെന്ന് ഹിസ്‌ബുള്ള പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് ഇസ്രയേൽ വീണ്ടും അതിർത്തി കടന്ന് ആക്രമണം നടത്തിയത്.
മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഇസ്രയേൽ–ലബനൺ അതിർത്തിയിൽ സൈനികരഹിത മേഖല ഒരുക്കണമെന്ന 2006ലെ യു എൻ പ്രമേയം നടപ്പാക്കാൻ സന്നദ്ധമാണെന്ന് ലബനൺ വിദേശമന്ത്രി അബ്‌ദുള്ള ബൗ ഹബീബ് പറഞ്ഞു.