കൊച്ചി: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേയ്ക്കുള്ള നാമനിര്‍ദേശത്തില്‍നിന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിന്‍റെ പിന്മാറ്റം സിനഡ് അംഗീകരിച്ചാല്‍ നിലവിലെ ഉജ്ജയിന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ (എംഎസ്‌ടി) പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പാകും. പാലാ വിളക്കുമാടം സ്വദേശിയായ മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിന്‍റെ പേരിലേയ്ക്കാണ് നിലവില്‍ സിനഡിന്‍റെ ഭൂരിപക്ഷാഭിപ്രായമെന്നാണ് സൂചന.

71 കാരനായ മാര്‍ വടക്കേല്‍ കാനന്‍ നിയമ പണ്ഡിതന്‍ കൂടിയാണ്. മിഷിന്‍ രൂപതയില്‍നിന്നുള്ള ബിഷപ്പ് എന്ന നിലയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേയ്ക്കുള്ള സാധ്യത ചര്‍ച്ചകളില്‍ ഇദ്ദേഹത്തിന്‍റെ പേരില്ലായിരുന്നു. എന്നാല്‍ വിവാദങ്ങളില്‍ അകപ്പെടാത്ത ആത്മീയ ആചാര്യനും സര്‍വ്വസമ്മതനുമെന്ന നിലയിലാണ് ഒടുവില്‍ മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിലേയ്ക്ക് സിനഡ് ബിഷപ്പുമാര്‍ എത്തിയതെന്നാണ് സൂചന.

മാര്‍ തോമസ് ഇലവനാല്‍, മാര്‍ പോള്‍ ആലപ്പാട്, നിലവിലെ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുര എന്നീ പേരുകളും സിനഡിന്‍റെ സജീവ ചര്‍ച്ചകളിലുണ്ട്.
മാര്‍ ആന്‍ഡ്രൂസ് താഴത്തും മാര്‍ ജോസഫ് പാമ്പ്ലാനിയും പദവി ആഗ്രഹിക്കുന്നുണ്ട്. പക്ഷേ സിനഡിന്‍റെ പൊതുവികാരം മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിലേയ്ക്ക് എത്തിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന.
പാലാ വിളക്കുമാടം വടക്കേല്‍ ദേവസ്യ – മേരി ദമ്പതികളുടെ 6 മക്കളില്‍ രണ്ടാമനാണ്. വീടിനടുത്തുള്ള വിളക്കുമാടം സെന്‍റ് ജോസഫ്‌സ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1979 – ഏപ്രില്‍ 19നാണ് പൗരോഹിത്യം സ്വീകരിച്ചത്. പാലാ മേലമ്പാറ മൈനര്‍ സെമിനാരി റെക്ടറായിരുന്നു. കാനന്‍ നിയമത്തില്‍ വത്തിക്കാനില്‍ നിന്ന് ഡോക്ടറേറ്റ് നേടി. 1998 സെപ്തംബര്‍ 8 -നാണ് ബിഷപ്പ് ആയി നിയമിതനാകുന്നത്.
ഉജ്ജയിന്‍ രൂപതയുടെ രണ്ടാമത്തെ ബിഷപ്പാണ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍. നിലവില്‍ സീറോ മലബാര്‍ സഭയിലെ കുടിയേറ്റക്കാരുടെ സുവിഷേഷവല്‍ക്കരണത്തിനും അജപാലന പരിപാലനങ്ങള്‍ക്കുമുള്ള കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയാണ്. സിനഡ‍ിലെ ഏറ്റവും സീനിയര്‍ ബിഷപ്പുമാരിലൊരാളുമാണ്. മാര്‍ കല്ലറങ്ങാടിന്‍റെ നിലപാടും പുതിയ സഭാ തലവനെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *