കൊല്ലം: അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് കണ്ണൂരിന്. ഇഞ്ചോടിഞ്ച് മത്സരത്തില്‍ കോഴിക്കോടിനെ പിന്തള്ളിയാണ് കണ്ണൂര്‍ മുന്നില്‍ എത്തിയത്. 952 പോയിന്റാണ് കണ്ണൂരിന്. 949 പോയിന്റാണ് കോഴിക്കോടിന്.
23 വര്‍ഷത്തിനുശേഷമാണ് 117.5 പവന് സ്വര്‍ണക്കപ്പില്‍ കണ്ണൂര്‍ വീണ്ടും മുത്തമിടുന്നത്. ഇത് നാലാം തവണയാണ് ജില്ലയുടെ കിരീടനേട്ടം.
ആവേശകരമായ മത്സരത്തില്‍ 938 പോയിന്റുകളുമായി പാലക്കാട് മൂന്നാംസ്ഥാനം കരസ്ഥമാക്കി. 925 പോയിന്റുകളുമായി തൃശൂർ നാലാമതും 913 പോയിന്‍റുമായി മലപ്പുറം അഞ്ചാമതും 910 പോയിന്റുകളുമായി ആതിഥേയരായ കൊല്ലം ആറാംസ്ഥാനത്തും എത്തി.
എറണാകുളം (899), തിരുവനന്തപുരം (870), ആലപ്പുഴ (852), കാസർഗോഡ് (846), കോട്ടയം (837), വയനാട് (818), പത്തനംതിട്ട (774), ഇടുക്കി (730) എന്നിങ്ങനെയാണ് പോയിന്‍റ് നില.
സ്‌കൂള്‍ തലത്തില്‍ മുന്നില്‍ ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറിയാണ് (249 പോയിന്‍റ് ). തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാം സ്ഥാനത്ത് (116 പോയിന്‍റ്).