നയന്‍താര നായികയായി എത്തിയ ചിത്രം അന്നപൂരണിയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് മുംബൈ പോലീസ്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പേരില്‍ ചിത്രത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്തത്. നയന്‍താരയുടെ 75-ാമത്തെ ചിത്രമാണിത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രം തിയേറ്ററില്‍ എത്തിയതെങ്കിലും വിചാരിച്ച വിജയം നേടാന്‍ ചിത്രത്തിനായില്ല. പിന്നാലെ നെറ്റ്ഫ്‌ലിക്‌സിലാണ് അന്നപൂരണി പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.
ശ്രീരാമന്‍ വനവാസ സമയത്ത് മാംസാഹാരം കഴിക്കുന്ന ആളാണെന്ന ചിത്രത്തിലെ ഡയലോഗ് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടികാട്ടി മുംബൈയിലെ എല്‍ടി മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തില്‍ വാല്മീകിയുടെ രാമായണത്തെ തെറ്റായി ചിത്രീകരിക്കുകയും ശ്രീരാമനെ വിമര്‍ശിക്കുകയും ചെയ്തുവെന്നും ഹിന്ദു ഐ. ടി സെല്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
നയന്‍താരയുടെ 75-ാമത് ചിത്രമായ അന്നപൂരണിയില്‍ ഒരു ഷെഫിന്റെ വേഷത്തിലാണ് നയന്‍താര എത്തിയത്. കുട്ടിക്കാലം മുതല്‍ ഷെഫ് ആകാന്‍ കൊതിച്ച ബ്രാഹ്‌മണ കുടുംബത്തിലെ കഥാപാത്രമായാണ് നയന്‍താര എത്തുന്നത്. ഷെഫ് ആകുന്നതിന് ഇടയിലും ശേഷവും ഉണ്ടായ പ്രതിസന്ധികളും അത് തരണം ചെയ്തുള്ള തിരിച്ചുവരവുമാണ് ചിത്രം പറയുന്നത്. ‘രാജാ റാണി’ക്ക് ശേഷം നടന്‍ ജയ്യും നയന്‍താരയും ഒന്നിച്ച ചിത്രം കൂടിയാണ് അന്നപൂരണി. അടുത്തിടെയായി പുറത്തിറങ്ങിയ നയന്‍താര ചിത്രങ്ങള്‍ പലതും പരാജയമായിരുന്നു. ഷാരൂഖ് ഖാന്‍ നായകനായ ബോളിവുഡ് ചിത്രം ‘ജവാന്‍’ ഗംഭീര വിജയം നേടിയിരുന്നു. പിന്നീട് എത്തിയ ‘ഇരൈവന്‍’ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.