സ്വർണ്ണക്കടത്തും ഡോളർ കടത്തും ഒന്നും ആരും മറന്നതൊന്നുമല്ല, നാട്ടുകാർക്ക് വേണ്ടെങ്കിൽ പിന്നെന്തിന് നമ്മളായിട്ട് അതിന്റെ പിന്നാലെ പോകണം എന്ന് കരുതിയതുകൊണ്ട് മാത്രം തത്ക്കാലം നിർത്തിവെച്ച സംഭവ വികാസങ്ങളായിരുന്നു അതൊക്കെ.
ഒരു മുഖ്യമന്ത്രിയുടെ ഓഫീസും ഉദ്യോഗസ്ഥരും മുഖ്യപങ്കാളികളായി സ്വർണ്ണം ബിരിയാണി ചെമ്പിനടിയിലൂടെയും കോൺസുലാർ ബാഗേജിലൂടെയും ഒക്കെ നാട്ടിലേക്ക് ഒഴുക്കിയെന്ന് ആരോപണം ഉയര്‍ത്തിയപ്പോള്‍ അത് മുഖ്യമന്ത്രി അറിഞ്ഞില്ല എന്നൊക്കെ പറയുന്നത് തട്ടിപ്പിന്റെ മറ്റൊരു മുഖം മാത്രമാണ്. എന്തായാലും പ്രധാനമന്ത്രി ജീവിതത്തിൽ ഒരു സത്യം പറഞ്ഞു എന്നതും ശ്രദ്ധേയമാണ്, അതും വടക്കുന്നാഥന്റെ തിരുസന്നിധിയിൽ വെച്ച്.
അന്നത്തെ പ്രതിപക്ഷ നേതാവ് ദിനേനെ രണ്ടു തവണയെങ്കിലും അദ്ദേഹത്തിന്റെ വീടിന്റെയോ ഓഫീസിന്റെയോ വാതിലിന്റെ മുന്നിലിരുന്ന് മണിച്ചിത്രത്താഴും കാണിച്ചുകൊണ്ട് നടത്തിയിരുന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രിയെ പറയാതെ മുഖ്യമന്ത്രിയുടെ ഓഫീസ്.. ഓഫീസ് എന്ന് പറഞ്ഞപ്പോൾ കമ്മ്യുണിസ്റ്റുകാരായ അടിമകളും സാധാരണ ജനതയും കരുതി മുഖ്യമന്ത്രിയെ ആരൊക്കെയോ ചേർന്നുകൊണ്ട് പറ്റിക്കുകയാണെന്ന്.
അങ്ങനെ പറ്റിക്കുവാൻ പറ്റിയ മുതലാണോ അവിടെ ഇരിക്കുന്നത് എന്നുള്ളത് പാവം വോട്ടർമാക്ക് അറിയില്ലല്ലോ. എല്ലാം എല്ലാവരുടെയും അറിവിന്റെയും ഒത്താശയോടും കൂടി തന്നെയാണ് അരങ്ങേറിയത്.
പണ്ടൊക്കെ നമ്മുടെ നാട്ടിലെ കൊള്ളസംഘങ്ങളിൽ നാട്ടിലെ ഒരു അബ്കാരി കോൺട്രാക്ടർ, മിക്കവാറും പ്രതാപ് ചന്ദ്രന്റെ റോൾ ആയിരിക്കും അത് സിനിമയിൽ. പിന്നെ ഒരു റബ്ബർ അച്ചായൻ, അത് സണ്ണിയോ രാജൻ പി ദേവോ ആയിരിക്കും, പിന്നെ ഒരു മലപ്പുറം കാക്ക അത് മിക്കവാറും അഗസ്റ്റിൻ ആയിരിക്കും.
ഒരു പോലീസ് ഓഫീസർ, അസീസോ ജഗന്നാഥ വർമ്മയോ ആയിരിക്കും. പിന്നെ കൊല്ലം തുളസി, ഭീമൻ രഘു, ജോണി പോലുള്ള കഥാപാത്രങ്ങൾ ആയിരുന്നു. ഇന്നിപ്പോൾ മാന്യന്മാരായ ചാർട്ടേർഡ് അക്കൗണ്ടന്റുകൾ, മാജിക്ക് കൈവശമായ അതി ഭീകരന്മാർ, ഒരു ഗുരുശ്രീ, സംഗീതജ്ഞൻ, സിനിമാക്കാരൻ, പിന്നെ ഐഎഎസ് – ഐപിഎസ് സ്വപ്നസുന്ദരികൾ അങ്ങനെയാണ് സ്വര്ണക്കടത്തുകൾ അരങ്ങേറിയിരുന്നത്.
ദുബൈയിൽ നിന്നും അതി രാവിലെ പുറപ്പെടുന്ന വിമാനത്തിൽ മിക്കവാറും വെള്ളിയാഴ്ചകളിൽ ബിരിയാണിയും മന്തിയും ചെമ്പിലാക്കി കോൺസുലേറ്റിന്റെ പേരിൽ തലസ്ഥാനത്ത് എത്തിച്ചിരുന്ന കഥകൾ ഇതിലെ പ്രതികള്‍ വഴി നാമെല്ലാം കേട്ടതാണ്.
കുറേയാളുകൾ കരുതി അതൊക്കെ സോഷ്യൽ മീഡിയയിൽ പടച്ചുവിടുന്ന കഥകളാണെന്ന്. പക്ഷെ അതൊക്കെ കേരളത്തിൽ സംഭവിച്ചിരുന്നു എന്നത് തൃശൂരിൽ പ്രധാനമന്ത്രി വരെ സമ്മതിച്ചിരിക്കുന്നു. ആ സമയങ്ങളിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രത്യേകിച്ച് തിരുവനന്തപുരത്തു നിന്നും യാത്ര ചെയ്ത ഒട്ടുമിക്ക മഹാന്മാരും മഹതികളും സ്വർണ്ണം കടത്തിയിരുന്നു എന്നത് പരമസത്യമാണ്.
എയർപോർട്ടിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ അഞ്ചെട്ടു കൊല്ലമായി ഒരേ സ്ഥാനത്ത് ജോലി ചെയ്തിരുന്നു. ആ ഉദ്യോഗസ്ഥന് താമസിക്കുവാൻ വീട് വരെ വിട്ടുകൊടുത്തത് സർക്കാരിലെ പ്രമുഖരുടെ സാമ്പത്തിക ഉപദേശിയായിരുന്ന കണക്കപ്പിള്ളയായിരുന്നു എന്നതാണ് അതിലെ മുഖ്യ കണ്ണിയായി നാം മനസ്സിലാക്കേണ്ടത്.
തലസ്ഥാനത്തെ വിശ്വനാഥനായി വിലസിയിരുന്ന അദ്ദേഹമായിരുന്നു കേരളത്തിലെ ഒട്ടുമിക്ക ചാനലുകളുടെയും സിനിമക്കാരുടെയും മുതലാളിമാരുടെയും സ്ഥാപനങ്ങളുടെയും കണക്കുകൾ നോക്കിയിരുന്നത്. ആയതിനാൽ ആ വിശ്വനാഥനെ തൊടാൻ ആർക്കും സാധിച്ചിരുന്നില്ല. ഇ ഡി ഒന്നുരണ്ടു തവണ ആ വിശ്വനാഥന്റെ സ്ഥാപനങ്ങളിൽ എത്തിയെങ്കിലും ”അങ്ങ് ന്യുഡൽഹിയിലുമുണ്ടെടോ നമ്മുക്ക് പിടിപാട്” എന്ന് വിശ്വനാഥൻ തെളിയിച്ചു.
2016 ഭരണം മാറുന്നതിനു മുൻപേ തന്നെ പാലാക്കാരി പാട്ടുകാരിയെയും മരണപ്പെട്ട വയലിനിസ്റ്റിനെയും അദ്ദേഹത്തിന്റെ കൂട്ടുകാരനെയും പാലേരിമാണിക്യത്തെയും അതുപോലെയുള്ള കുറെയധികം സെലിബ്രിറ്റികളെ ഉപയോഗിച്ചുകൊണ്ട് അത്യാവശ്യം ഗോള്‍ഡ് ഇംപോര്‍ട്ടുകള്‍ കൊച്ചിയിൽ അരങ്ങേറിയിരുന്നു.
ആ കാലഘട്ടത്തിൽ നാലായിരം കോടിയുടെ സ്വർണ്ണം ഗുജറാത്തിലെ തുറമുഖം വഴി സ്ക്രാപ്പെന്ന പേരിൽ കൊച്ചിയിലെത്തിയിരുന്നു. പലതും പിടിക്കപ്പെട്ടു. എങ്കിലും നിയമജ്ഞരും രാഷ്ട്രീയക്കാരും ഒക്കെ ഇടപെട്ടുകൊണ്ട് എല്ലാം ഒതുക്കി തീർക്കുകയായിരുന്നു.
ഒരു പ്രമുഖ നേതാവിന്റെ ഭാര്യ ഒമ്പത് തവണയാണ് ക്യാബിൻ ക്രൂ ഗേറ്റിലൂടെ കടന്നു പോയിരുന്നത് എന്നതും അന്വേഷിച്ചാൽ കണ്ടെത്തുവാൻ സാധിക്കും. സ്വർണക്കടത്ത് അന്വേഷണം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് ഒരു ചാനൽ മേധാവി ദുബായിൽ നിന്നും ആരോടും പറയാതെ മുങ്ങിയതും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണം.
ദുബായിലെ സ്വർണ്ണക്കടത്തിന്റെ ബുദ്ധി കേന്ദ്രമായിരുന്ന നബീൽ എന്ന കണ്ണൂരുകാരൻ വിഭാവനം ചെയ്ത രീതികളായിരുന്നു നേപ്പാൾ വഴിയുള്ള കടത്തും ശ്രീലങ്ക വഴിയുള്ള കടത്തും ഒക്കെ. അവർ ഒറ്റുകാരിൽ നിന്നും രക്ഷപ്പെടുവാൻ ധാരാളം മാർഗങ്ങൾ പ്രയോഗിച്ചിരുന്നു.
ആ പഹയന്റെ തലയിൽ ഉദിച്ച ആശയമായിരുന്നു കോൺസുലേറ്റ് വഴിയുള്ള കടത്ത്. അതിന്റെ പ്ലാനിങ്ങിനിടയിൽ നബീൽ ദുബായിൽ വേറെ ഒരു കേസിൽ ജയിലിൽ ആവുകയും ആശയം മറ്റുള്ളവർ മോഷ്ടിക്കുകയുമായിരുന്നു. നബീലിന്റെ കൂടെയുണ്ടായിരുന്ന ഒരു കുട്ടി സഖാവാണ് ഇക്കാര്യം ഒറ്റുകൊടുക്കുന്നതും ആ കസ്റ്റംസ് ഉദ്യോഗസ്ഥൻ നിർബന്ധമായും പെട്ടി തുറന്നു പരിശോധിക്കുന്നതും. അത്രമാത്രം ഉറപ്പിന്മേൽ ആയിരുന്നു ആ പെട്ടി തുറക്കാൻ കാരണമായത്.
മലയാള സിനിമയിലെ ഒന്നാം നിര താരങ്ങളുടെ ശമ്പളത്തിന്റെ അഡ്വാൻസ് തുക മാത്രമേ കേരളത്തിൽ ടാക്സുകാർക്ക് മുന്നിൽ കാണിച്ചിരുന്നുള്ളൂ. ബാക്കി തുക ഓവർസീസ് റൈറ്റ്സിന്‍റെ പേരിൽ ദുബായിലാണ് കൈപറ്റിയിരുന്നത്. ആ പണം ഒട്ടു മിക്കവരും നാട്ടിൽ എത്തിച്ചിരുന്നത് സ്വർണ്ണമായിട്ടായിരുന്നു. തിരിച്ചു ഡോളർ ആക്കി ദുബായിൽ എത്തുകയും ചെയ്തുകൊണ്ടുള്ള ഇകോ സിസ്റ്റം വിഭാവനം ചെയ്തിരുന്നത് നേരത്തെ പറഞ്ഞ വിശ്വനാഥൻ ആയിരുന്നു.
എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര സിദ്ധാന്തം വെച്ചുപുലർത്തിയിരുന്ന ഇവർ ശരിക്കും നാടിനെ വഞ്ചിക്കുകയായിരുന്നു. ദേശദ്രോഹം എന്ന് പറഞ്ഞാൽ ബോംബിടലുകളും പടക്കം പൊട്ടിക്കലും മാത്രമല്ല. ഇതാണ് യഥാർത്ഥ രാജ്യദ്രോഹം. തിരഞ്ഞെടുപ്പ് വരുമ്പോൾ ആ നായകനെ പ്രചാരണത്തിന് വിട്ടു തരാം പാർട്ടിയിൽ മെമ്പർഷിപ്പ് എടുപ്പിക്കാം എന്നുള്ള വാഗ്ദാനങ്ങളിൽ എതിർ രാഷ്ട്രീയക്കാരും എല്ലാം കണ്ണടച്ചു.
കേരളത്തിലെ കുട്ടികളെ ഒന്നടങ്കം കയ്യിലെടുത്തുകൊണ്ട് മാജിക്ക് ദണ്ഡുമായി നടക്കുന്ന ആ മഹാനും ഇതൊന്നും അറിയില്ല എന്ന് പറയുവാൻ ആകില്ല. അദ്ദേഹത്തിന്റെ ഗൾഫ് യാത്രകളും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കേണ്ടതായുണ്ട്.
മാജിക്കിന്റെ പെട്ടികളിൽ എന്തായിരുന്നു കടന്നിരുന്നത് എന്നതും നേരെ ചൊവ്വേ അന്വേഷിച്ചാൽ കണ്ടെത്തുവാനാകും. ദുബായിലെയും ഖത്തറിലെയും സൗദിയയിലെയും ധാരാളം വേദനിക്കുന്ന കോടീശ്വരന്മാരുടെ കണ്ണിൽ പൊട്ടിയിട്ടുകൊണ്ട് കോടികളാണ് ഒരു മാജിക്കുകാരൻ കൈക്കലാക്കിയിരിക്കുന്നത് എന്നാണ് ആരോപണം. അവർ പങ്കെടുക്കുന്ന പരിപാടികളിൽ അംഗവൈകല്യമുള്ള കുട്ടികളെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മുതലക്കണ്ണീർ ഒഴുക്കികൊണ്ട് കോടികളാണ് അദ്ദേഹം കൊയ്തിരുന്നത്.
അംഗ വൈകല്യമുള്ള ഒരു ചെറുപ്പക്കാരൻ അദ്ദേഹത്തിന്റെ വീൽ ചെയറിൽ സ്റ്റേജിലേക്ക് വരാമെന്ന് പറഞ്ഞപ്പോൾ ഈ മാജിക്കുകാരൻ ആ വീൽ ചെയർ അവിടെനിന്നും എടുത്തുമാറ്റിക്കൊണ്ട് ആ ചെറുപ്പക്കാരനോട് ഇഴഞ്ഞു നീന്തി സ്റ്റേജിലേക്ക് കയറുവാൻ ആവശ്യപ്പെട്ടത്രെ.
ആ പാവം അതുപോലെ ചെയുകയും ആ കാഴ്ചകൾ കണ്ടു മനസു നൊന്ത കോടീശ്വരന്മാർ അവിടെ വെച്ചുതന്നെ കോടികൾ വാഗ്ദാനം ചെയുകയും ചെയ്തത് ഈ കേരളത്തിൽ തന്നെയാണ്. എല്ലാവരിലും മുഖം മൂടികളാണ്. സിനിമാക്കാരൻ ആയാലും മാജിക്കുകാരൻ ആയാലും ഗുരുജികൾ ആയാലും എല്ലാവരിലും കച്ചവടക്കണ്ണുകൾ തന്നെ. പിന്നെയും ഭേദം രാഷ്ട്രീയക്കാർ ആണെന്ന് തോന്നുന്നു.
ഇവരൊക്കെ ചങ്ങായിമാർ തന്നെ !!!
മാജിക്കുകാരന്റെ സകലമാന തരികിടകളും വെളിയിൽ എത്തിക്കും വരെ സമരം ചെയ്യുമെന്ന വാശിയിൽ ദാസനുംകണക്കപ്പിള്ളമാരുടെ കണക്കുകളും യാത്രകളും വീണ്ടും വീണ്ടും അന്വേഷിക്കണം എന്നഭ്യർത്ഥിച്ചുകൊണ്ട് വിജയനും