ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന നടികർ തിലകം സിനിമയ്ക്ക് പാക്കപ്പ്. ആറ് മാസം നീണ്ട ഷൂട്ടിങ്ങാണ് അവസാനിച്ചത്. സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് സന്തോഷവാർത്ത അറിയിച്ചത്. ചിത്രത്തിന്റെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒന്നിച്ചുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.
ലാൽ ജൂനിയറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുബായ്, ഹൈദരാബാദ് മുതൽ കശ്മീർ, മുന്നാർ, കൊച്ചി വരെയുള്ള വ്യത്യസ്തമായ ലൊക്കേഷനുകളിലായിട്ടായിരുന്നു ഷൂട്ട്. ആറ് മാസത്തിനിടെ 100 ദിവസങ്ങളിലായാണ് ഷൂട്ടിങ് നടന്നത്. താരങ്ങൾക്കുണ്ടായ പരിക്കും അപ്രതീക്ഷിത കാലാവസ്ഥയും ഉൾപ്പടെയുള്ള പ്രതിസന്ധികൾ മറികടന്നാണ് ചിത്രം പൂർത്തിയാക്കിയതെന്നും കുറിപ്പിൽ പറയുന്നുണ്ട്.
ഭാവനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, രഞ്ജിത്ത്, ലാൽ, ബാലു വർഗീസ്, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സൂപ്പർ താര പദവിയിൽ നിൽക്കുന്ന ഡേവിന്റെ ജീവിതത്തിൽ വരുന്ന ചില പ്രതിസന്ധികളും അത് അയാൾ തരണം ചെയ്യുന്നതുമാണ് ചിത്രത്തിൽ പറയുന്നത്. സുവിന്‍ എസ് സോമശേഖരന്റെതാണ് തിരക്കഥ. ചിത്രത്തിന് വേണ്ടി ക്യാമറ ചെയ്യുന്നത് ആൽബിയാണ്. യക്സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ് സംഗീതം ഒരുക്കുന്നത്. രതീഷ് രാജാണ് എഡിറ്റര്‍.