പോര്‍ട്ട്‌ലാന്റ്: ആകാശമദ്ധ്യേ അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിന്റെ ഒരു ഭാഗം അടര്‍ന്നുപോയതിന്റെ പശ്ചാത്തലത്തില്‍ 171 ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവയ്പ്പിച്ച് അമേരിക്കന്‍ വ്യോമയാന ഏജന്‍സി. പരിശോധനകളുടെ ഭാഗമായാണ് നടപടി. 60 സര്‍വീസുകളാണ് ഈ തീരുമാനം മൂലം റദ്ദായത്. ബോയിങ് 737 മാക്‌സ് 9 വിഭാഗത്തിലുള്ള 171 വിമാനങ്ങളാണ് സര്‍വ്വീസ് നിര്‍ത്തേണ്ടി വരിക.
വെള്ളിയാഴ്ചയാണ് ടേക്ക് ഓഫിന് പിന്നാലെ 171 യാത്രക്കാരെയുമായി പോര്‍ട്‌ലാന്റില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ ഡോര്‍ ഇളകിത്തെറിച്ചതിന് പിന്നാലെ എമര്‍ജന്‍സി ലാന്റിംഗ് നടത്തിയിരുന്നു. 16,000 അടി ഉയരത്തില്‍ എത്തിയ ശേഷമാണ് വിമാനം തിരിച്ചിറക്കിയതെന്ന് ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റുകള്‍ ലഭ്യമാക്കുന്ന വിവരം. 2023 നവംബര്‍ 11 മുതല്‍ സര്‍വീസ് തുടങ്ങി. ഇതുവരെ 142 യാത്രകള്‍ നടത്തിയ വിമാനത്തിലാണ് ആകാശമദ്ധ്യേ അതീവ ഗുരുതരമായ സുരക്ഷാ പ്രശ്‌നമുണ്ടായത്.
അമേരിക്കന്‍ വ്യോമയാന ഏജന്‍സിയുടെ നിര്‍ദ്ദേശമനുസരിച്ച് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ചില വിമാനങ്ങള്‍ സര്‍വ്വീസില്‍ നിന്ന് ഇതിനോടകം പിന്‍വലിച്ചിട്ടുണ്ട്. യുകെയില്‍ 737 മാക്‌സ് 9 ഇനത്തിലുള്ള വിമാനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ലണ്ടനിലെ വ്യോമയാന ഏജന്‍സി ഇതിനോടകം വിശദമാക്കിയിട്ടുള്ളത്. അതേസമയം സുരക്ഷാ വീഴ്ചയില്‍ അലാസ്‌ക എയര്‍ലൈന്‍സ് യാത്രക്കാരോട് ക്ഷമാപണം നടത്തിയിട്ടുണ്ട്. ഈ വിഭാഗത്തിലെ വിമാനങ്ങളില്‍ അറ്റകുറ്റ പണികളും മറ്റും പൂര്‍ത്തിയാക്കിയ ശേഷം മാത്രമാകും സര്‍വ്വീസ് പുനരാരംഭിക്കുക.
അലാസ്‌ക എയര്‍ലൈന്‍സ് അപകടത്തിനു പിന്നാലെ ബോയിംങ് വിമാനങ്ങളില്‍ പരിശോധന നടത്താന്‍ ഡിജിസിഎയും ഉത്തരവിട്ടു. എമര്‍ജന്‍സി എക്‌സിറ്റുകളില്‍ ഒറ്റ തവണ പരിശോധന പൂര്‍ത്തിയാക്കാന്‍ ആഭ്യന്തര വിമാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പരിശോധന യാത്ര സമയത്തെ ബാധിക്കില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *