സ്വയം മഹത്വവൽക്കരണം അഥവാ വ്യക്തിപൂജ വിപ്ലവ പാർട്ടിയിൽ അനുവദനീയമല്ല എന്നതായിരുന്നു പണ്ട് പാർട്ടി ലൈൻ. കണ്ണൂർ ജില്ല സെക്രട്ടറി ആയിരുന്ന പി. ജയരാജനെകുറിച്ച് ജയരാജൻ ആർമി പുറത്തിറക്കിയ സംഗീത ആൽബത്തിനും ഡോക്യുമെന്ററിയ്ക്കും എതിരെ സിപിഎം മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ച ഒരു ചരിത്രമുണ്ട്.
വാഷിംഗ്ടൺ പോസ്റ്റിലെ ലേഖനം തോമസ് ഐസക്കിനെയും വെട്ടിലാക്കിയിരുന്നു. ഐസക്കിനെ അമേരിക്കൻ പത്രം വിശേഷിപ്പിച്ചത് idealist എന്നായിരുന്നു. അന്ന് വ്യക്തിപൂജയ്ക്ക് എതിരെ ആയിരുന്നു പാർട്ടി. സ്വന്തം പാര്‍ട്ടി കണ്ണുരുട്ടിയപ്പോൾ ജയരാജന് തന്റെ ഭക്തശിരോമണികളെ തള്ളി പറയേണ്ടി വന്നു.
തന്റെ അനുവാദത്തോടെയല്ല ലേഖനത്തിൽ പേര് പരാമർശിക്കപ്പെട്ടത് എന്നും പറഞ്ഞ് ഐസക്കും തലയൂരി. അന്ന് പാർട്ടിയായിരുന്നു വലുത്. സഖാവ് അച്യുതാനന്ദനെ പാർട്ടി അനുയായികൾ കൂടുതൽ ഇഷ്ടപ്പെട്ടതും മുദ്രാവാക്യം വിളിച്ചതും വ്യക്തിപൂജയുടെ ഗണത്തിൽപ്പെട്ടു.
” കള്ള് കുടിച്ചാൽ വയറ്റിൽ കിടക്കണം ” എന്നായിരുന്നു അച്യുതാനന്ദന്റെ ആരാധകരോടുള്ള അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെ ആക്രോശം. പാർട്ടിയാണ് കടൽ. കടലിലെ വെള്ളം ബക്കറ്റിൽ എടുത്താൽ അതിൽ തിരയുണ്ടാകില്ല എന്നും ആ സെക്രട്ടറി ഓർമ്മപ്പെടുത്തി. എന്നാൽ ഇപ്പോ കാലം മാറി, കഥ മാറി.
കടലിലെ വെള്ളം ബക്കറ്റിൽ എടുത്താൽ തിരയുണ്ടാകും എന്നായി 2022ൽ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംഘടിപ്പിച്ച മെഗാ തിരുവാതിരക്കളിയില്‍ പിണറായി സ്തുതി ആയിരുന്നു മുഖ്യ ഗാനം – ” ലോകം മുഴുവൻ ശോഭിക്കുന്ന കാരണഭൂതനായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ” വീണ്ടുമിതാ പിണറായി വിജയനെ വാഴ്ത്തിക്കൊണ്ട് ‘കേരള സി എം’ എന്ന പേരിൽ ഒരു വീഡിയോ ആൽബം ആരാധകർ പുറത്തിറക്കിയിരിക്കുന്നു.
” പിണറായി വിജയൻ നാടിന്റെ അജയൻ നാട്ടാർക്കെല്ലാം സുപരിചിതൻ” എന്നാണ് തുടക്കം. മുഖ്യമന്ത്രി നേരിടുന്ന അഴിമതി ആരോപണങ്ങളും സ്വർണ്ണക്കടുത്തുമൊക്കെ അമേരിക്കൻ ഗൂഢാലോചനയാണ് എന്നാണ് പാട്ടിലെ ഇതിവൃത്തം. തീയിൽ കുരുത്ത കുതിര, മണ്ണിൽ മുളച്ച സൂര്യൻ, കൊടുങ്കാറ്റിൽ പറക്കുന്ന കഴുകൻ എന്നൊക്കെയാണ് വരികൾ.
ഇതിൽ ‘കഴുകൻ’ എന്ന പ്രയോഗം കൊണ്ട് കവി എന്താണാവോ ഉദ്ദേശിച്ചത് …? ശവശരീരം ഭക്ഷിക്കുന്ന പക്ഷിയാണ് നമ്മളൊക്കെ പഠിച്ച കഴുകൻ. പണ്ടൊക്കെ ആരെങ്കിലും ഏതെങ്കിലും നേതാക്കളെ കുറിച്ച് സ്തുതി ഗീതങ്ങൾ പാടിയാൽ അവരെ തിരുത്തിയിരുന്നത് പാർട്ടി സെക്രട്ടറിയായിരുന്നു.
എന്നാൽ ഇന്ന് സെക്രട്ടറി തന്നെ മുഖസ്തുതി ഗീതങ്ങളുടെ വക്താവായി മാറിയിരിക്കുന്നു. അടുത്ത പാർട്ടി സമ്മേളനത്തിൽ മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന ഒരു മത്സരം സംഘടിപ്പിച്ചാൽ ഗംഭീരമാകും. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ദൃഢപ്രതിജ്ഞ എടുത്ത വാസവനും പിണറായി ദൈവമാണ് ദൈവത്തിന്റെ അവതാരമാണ്.
ഉടൻ വാസവനെ ദൈവം അനുഗ്രഹിച്ചു അദ്ദേഹത്തിന് തുറമുഖ വകുപ്പ് കൂടി ലഭിച്ചു. ദൈവത്തിനു സ്തുതി ഇതൊക്കെ വിപ്ലവമാണ്. വിപ്ലവം എന്ന വാക്കിന്റെ അർത്ഥം മാറ്റം എന്നാണല്ലോ.