ഡൽഹി: രണ്ട് ദിവസത്തെ നേപ്പാൾ സന്ദർശനത്തിനൊരുങ്ങി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇരു രാജ്യങ്ങൾ തമ്മിലുളള നയതന്ത്രബന്ധം കൂടുതൽ ശാക്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നേപ്പാൾ വിദേശകാര്യമന്ത്രി എൻ.പി സൗദുമായി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ചയാണ് സന്ദർശനം ആരംഭിക്കുക.
ജലവൈദ്യുതി, ഡിജിറ്റൽ പെയ്മെന്റ്, വ്യാപാരം തുടങ്ങിയ മേഖലകളിൽ പങ്കാളിത്തം ഊർജിതമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പത്ത് വർഷം കൊണ്ട് നേപ്പാളിൽ നിന്ന് 10,000 മെഗാവാട്ട് വൈദ്യുതി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ ലക്ഷ്യമിടുന്ന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പ് വയ്ക്കും.
ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം ഇന്ത്യ-നേപ്പാൽ സംയുക്ത കമ്മീഷൻ അവലോകനം നടത്തും. കമ്മീഷന്റെ ഏഴാമത്തെ സമ്മേളനം ആണ് കാഠ്മണ്ഡുവിൽ നടക്കാനിരിക്കുന്നത്.
നേപ്പാൾ പ്രസിഡന്റ് രാമചന്ദ്ര പൗഡലും പ്രധാനമന്ത്രി പുഷ്പ കമൽ ദഹലുമായും എസ്. ജയശങ്കർ ആശയവിനിമയം നടത്തും. നേപ്പാളിലെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തും. ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദ സന്ദർശനം മാത്രമാണിതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.