ദുബായ്: 2024-ലെ ആദ്യ ഉൽക്കമഴ വ്യാഴാഴ്ച ദുബായിൽ ദൃശ്യമാകുമെന്ന് ദുബായ് അസ്‌ട്രോണമി ഗ്രൂപ്പ് അറിയിച്ചു. ഇന്ന് രാത്രി മുതൽ ജനുവരി 5ന് പുലർച്ചെ വരെയാണ് ക്വാഡ്രാന്റിട്സ് എന്ന ഉൽക്കവർഷം ദുബായിൽ നിന്ന് നിരീക്ഷിക്കാൻ സാധിക്കുക.
സാധാരണയായി കൊള്ളിമീൻ കാഴ്ചകളിൽ ഏറ്റവും തെളിച്ചമേറിയ ഉൽക്കമഴയാണ് ജനുവരിയിൽ ദൃശ്യമാകുന്ന ക്വാഡ്രാന്റിട്സ്. ഏതാനും മണിക്കൂറുകൾ മാത്രം നീണ്ടുനിൽക്കുന്ന ഉൽക്കമഴ ഒരു ആകാശ വിസ്മയം തന്നെയാണ് സൃഷ്ടിക്കുന്നത്. ക്വാഡ്രാന്റിട്സ് ഉൽക്കവർഷത്തിന്റെ പാരമ്യത്തിൽ മണിക്കൂറിൽ 60 മുതൽ 120 വരെ ഉൽക്കകളാണ് ദൃശ്യമാകുക.
പൊതുജനങ്ങൾക്ക് ഉൽക്കവർഷം കാണുന്നതിനായി ദുബായ് അസ്‌ട്രോണോമി ഗ്രൂപ്പ് അൽ ഖുദ്ര ഡെസേർട്സിൽ ഒരു നിരീക്ഷണ പരിപാടിയും സംഘടിപ്പിക്കും. ഇന്ന് രാത്രി 11 മണി മുതൽ ജനുവരി 5-ന് പുലർച്ചെ 4 മണി വരെയാണ് ഇവിടെ നിന്നും ഉൽക്കവർഷം കാണാൻ സാധിക്കുക.