അലനല്ലൂര്‍:പ്ലൈവുഡ് ബോര്‍ഡില്‍ ചെറിയ ആണികളടിച്ച് അതില്‍ വ്യത്യസ്ത നിറത്തിലുള്ള നൂലുകള്‍ കെട്ടി ജ്യാമിതീയ രൂപങ്ങള്‍ നിര്‍മ്മിക്കുന്ന ത്രഡ് പാറ്റേണ്‍ മത്സരത്തില്‍ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ പി.അമൻ സലാമിന് വടകരയിൽ നടക്കുന്ന അന്താ രാഷ്ട്ര ക്രാഫ്റ്റ് മേളയിലേക്ക് പങ്കെടുക്കുന്നതിന് ക്ഷണം ലഭിച്ചു. കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള, വടകര ഇരിങ്ങൽ സർഗലയ കേരള ആർട്സ് ആന്റ് ക്രാഫ്റ്റ് വില്ലേജ് എന്നിവ സംയുക്തമായാണ് അന്താരാഷ്ട്ര ക്രാഫ്റ്റ് മേള സംഘടിപ്പിക്കുന്നത്.
എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ,എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തിനടുത്തെ ‘ഇശല്‍’ മന്‍സിലിലെ പി. അമന് സലാം നാളെയും മറ്റന്നാളുമായി (ബുധൻ, വ്യാഴം) വടകര ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന അന്താ രാഷ്ട്ര കര കൗശല മേളയിൽ പങ്കെടുക്കും.തിരുവനന്തപുരത്ത് നടന്ന സംസ്ഥാന തല ശാസ്ത്രോത്സവത്തിൽ പ്രവ്യത്തി പരിചയ മേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ മത്സരിച്ച ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിയായ പി. അമൻ സലാം എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരുന്നു.
മൂന്ന് മണിക്കൂര്‍ നീണ്ട തത്സമയ മത്സരത്തില്‍ വെച്ച് ആയിരത്തി ത്തിലധികം ചെറിയ ആണികളും പതിനഞ്ചോളം വര്‍ണ്ണ നൂലുകളും ഉപയോഗിച്ച് അമൻ സങ്കീര്‍ണ്ണമായ ആറ് ഗണിത രൂപങ്ങള്‍ അടങ്ങുന്ന ബോര്‍ഡുകള്‍ നിര്‍മ്മിച്ചാണ് ഒന്നാം സ്ഥാനം നേടിയത്.എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിലെ അധ്യാപകനായ പി. അബ്ദുസ്സലാമിന്റെയും അലനല്ലൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ലബോറട്ടറി ടെക്നിക്കല്‍ അസിസ്റ്റന്റ് ടി. ഷംനയുടെയും മകനാണ് അമൻ.