കോട്ടയം: കുമരകത്ത് ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തിരുവാര്‍പ്പ്, കാഞ്ഞിരം പാറെനാല്‍പത്തില്‍ വീട്ടില്‍ ജെറിന്‍ (24), തിരുവാര്‍പ്പ് കാഞ്ഞിരം തൊണ്ണുറില്‍ചിറ വീട്ടില്‍ സാമോന്‍ (27), കുമരകം പൂവത്തുശേരി വീട്ടില്‍ സഞ്ജയ് സന്തോഷ് (24) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വളര്‍ത്തുനായയുടെ നേരെ സാമോന്‍ പടക്കം കത്തിച്ചെറിഞ്ഞത് ഗൃഹനാഥന്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ഇതിന്റെ വൈരാഗ്യത്തില്‍ ഗൃഹനാഥനെ മര്‍ദ്ദിക്കുകയും കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയുമായിരുന്നു.
ഇത് തടയാന്‍ ശ്രമിച്ച ഗൃഹനാഥന്റെ മകനെയും ഗൃഹനാഥന്റെ സഹോദരനെയും അയല്‍ക്കാരനെയും ഇവര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു. തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് കേസെടുത്ത് പോലീസ് മൂവരെയും പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.