ആഗ്ര: യുവതിയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയ കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍. ഝാന്‍സി സ്വദേശിയായ പോലീസ് കോണ്‍സ്റ്റബിള്‍ രാഘവേന്ദ്ര സിങ്ങിനെ(27)യാണ് അറസ്റ്റ് ചെയ്തത്.
യുവതി ഗുഡ്ഗാവിലെ കിഡ്‌നി സെന്ററില്‍ ജോലി ചെയ്യുന്ന ഇരുപത്തിയഞ്ചുകാരിയായ ദളിത് യുവതിയാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ബെലന്‍ഗഞ്ചിലെ പ്രതിയുടെ വാടക വീട്ടിലാണ് ഞായറാഴ്ച യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസുകാരനുമായി മുന്‍പരിചയമുള്ള യുവതി കൊല്ലപ്പെടുന്നതിന്റെ തലേ ദിവസമാണ് ഇവിടെയെത്തുന്നത്. ബലാത്സംഗം ചെയ്ത ശേഷം യുവതിയെ പ്രതി കെട്ടിത്തൂക്കുകയായിരുന്നു.
സംഭവം നടന്ന അന്ന് പോലീസുകാരന്‍ ജോലിക്ക് വന്നിരുന്നെങ്കിലും നേരത്തെ തന്നെ തിരികെ പോയി. തുടര്‍ന്ന് ഇയാള്‍ തന്നെയാണ് സംഭവം സഹപ്രവര്‍ത്തകരെ അറിയിക്കുന്നത്. ഇരുവരും ഒരുമിച്ച് ഝാന്‍സിയില്‍ നഴ്‌സിങ് പരിശീലനം നടത്തിയിരുന്നെന്നും തുടര്‍ന്നും ഇരുവരും ബന്ധം പുലര്‍ത്തിയിരുന്നെന്നും യുവതിയുടെ സഹോദരന്‍ പറഞ്ഞു.
രാഘവേന്ദ്ര സിങ്ങുമായി കല്യാണം ആലോചിച്ച് അയാളുടെ വീട്ടില്‍ പോയിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ കുടുംബം ഈ ആവശ്യം തള്ളി. പക്ഷെ, പിന്നീടും ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നും സഹോദരന്‍ പറഞ്ഞു.