കോഴിക്കോട്: താമരശേരി ചുരത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി 68 ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. തൃശൂര്‍, മാള കുറ്റിപുഴക്കാരന്‍ വീട്ടില്‍ സിജിലാ(29)ണ് പിടിയിലായത്. സംഭവശേഷം ഇയാള്‍ ഒളിവില്‍ പോയ ഇയാളെ കവര്‍ച്ച നടത്താന്‍ ഉപയോഗിച്ച കറുപ്പ് ബൊലേറോ കാര്‍ സഹിതമാണ് മാളയില്‍ വച്ച് പിടികൂടിയത്.
ഇതോടെ ഈ കേസില്‍ ഏഴ് പേര്‍ അറസ്റ്റിലായി. ഡിസംബര്‍ 13ന് രാവിലെ 8 ചുരം ഒന്‍പതാം വളവിനും എട്ടാം വളവിനും ഇടയില്‍ വച്ചാണ് സംഭവം. മൈസൂരില്‍ നിന്നും സ്വര്‍ണം വാങ്ങാനായി കൊടുവള്ളിയിലേക്ക് കാറില്‍ വരികയായിരുന്ന മഹാരാഷ്ട്ര സ്വാദേശിയും മൈസൂരില്‍ താമസക്കാരനുമായ വിശാല്‍ ഭഗത് മട്കരി എന്നാളെ രണ്ടു കാറുകളിലായി വന്ന കവര്‍ച്ച സംഘം മുന്നിലും പിന്നിലുമായി ബ്ലോക്കിട്ട് കാറിന്റെ സൈഡ് ഗ്ലാസുകള്‍ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു തകര്‍ത്തു.
വിശാലിനെ അടിച്ചു പുറത്തേക്കിട്ട ശേഷം കാറും കാറില്‍ സൂക്ഷിച്ചിരുന്ന 68 ലക്ഷം രൂപയുമായി പ്രതികള്‍ കടന്നുകളയുകയായിരുന്നു. സംഭവത്തിനു ശേഷം പതിനഞ്ചിനാണ് വിശാല്‍ താമരശേരി പോലീസില്‍ പരാതി നല്‍കുന്നത്. നിരവധി സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തിയ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടു പ്രതികളെ കസ്റ്റഡിയില്‍ എടുത്തു. മറ്റ് പ്രതികളെക്കുറിച്ച് വിവരം ശേഖരിക്കുകയും ചെയ്തു.
തൃശൂര്‍ കേന്ദ്രീകരിച്ചുള്ള കുഴല്‍പ്പണ കവര്‍ച്ച സംഘത്തിലെ ചിലരാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. സ്വര്‍ണ-കുഴല്‍പ്പണ ഇടപാടുകാര്‍ മുതല്‍ നഷ്ടപ്പെട്ടാല്‍ പരാതി നല്‍കില്ലെന്ന് മനസിലാക്കിയാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്.