പുതുവത്സര ദിനത്തില്‍ ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. തിങ്കളാഴ്ച മുതല്‍ രാജ്യത്ത് 155 ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. ഇതില്‍ ആദ്യത്തെ ഭൂചലനത്തിന് റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി. മറ്റൊന്നിന് ആറിന് മുകളില്‍ തീവ്രതയുണ്ടായിരുന്നുവെന്ന് ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ജെഎംഒ) അറിയിച്ചു. ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്താന്‍ അധികാരികള്‍ക്ക്് ഇനിയും കഴിഞ്ഞിട്ടില്ല. 
പ്രാരംഭ ഭൂചലനത്തിന് തൊട്ടുപിന്നാലെ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി. 5 അടിയോളം ഉയരത്തിലുള്ള തിരമാലകളാണ് തീരദേശത്ത് ഭീതി പരത്തി അടിച്ചുകയറിയത്. രാജ്യത്തെ ഏകദേശം 33,000 വീടുകളില്‍ വൈദ്യുതിയില്ല. പ്രധാന ഹൈവേകള്‍ ഉള്‍പ്പെടെ നിരവധി പ്രധാന റൂട്ടുകള്‍ പ്രവര്‍ത്തനക്ഷമമല്ല. ഇത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരര്‍ക്കും സൈനികര്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു. ദുരന്ത ബാധിത പ്രദേശത്തേക്കുള്ള വിമാന സര്‍വീസുകളും റെയില്‍ സേവനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. 
ഇഷികാവയിലും സമീപ പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി (ജെഎംഎ) അറിയിച്ചു. ഇതോടെയാണ് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കി. ഇഷികാവ, നിഗറ്റ, ടോയാമ അടക്കമുള്ള തീരപ്രദേശങ്ങളിലാണ് ജാഗ്രതാ നിര്‍ദ്ദേശം. തലസ്ഥാനമായ ടോക്കിയോയിലും കാന്റോ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. റഷ്യയുടെ വിദൂര കിഴക്കന്‍ നഗരങ്ങളായ വ്‌ലാഡിവോസ്റ്റോക്കിലും നഖോദ്കയിലും സുനാമി മുന്നറിയിപ്പുണ്ട്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *