കൊച്ചി: പുതുവര്‍ഷത്തെ അതിന്റെ തനതുരീതിയില്‍ ആഘോഷിക്കാനൊരുങ്ങി ഫോര്‍ട്ട് കൊച്ചി. പരേഡ് മൈതാനത്താണ് 80 അടി ഉയരമുള്ള പാപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത്. ലക്ഷകണക്കിന് പേരാണ് പുതുവത്സരരാവില്‍ ഫോര്‍ട്ട് കൊച്ചിയില്‍ എത്തുക. പുതുവര്‍ഷ തിരക്ക് കണക്കിലെടുത്ത് കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തോപ്പുംപടി പഴയ പാലം വണ്‍വേയാക്കി.
എറണാകുളം, ഇടക്കൊച്ചി, തോപ്പുംപടി എന്നിവിടങ്ങളില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് വരുന്ന ബസുകള്‍ തോപ്പുംപടി കഴുത്തുമുട്ട് പറവാനപള്ളത്ത് രാമന്‍ വെളി വഴി ഫോര്‍ട്ട് കൊച്ചി ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കും. തിരികെ കുന്നുംപുറം അമരാവതി വഴി തോപ്പുംപടി, എറണാകുളം ഭാഗത്തേയ്ക്ക് സര്‍വീസ് നടത്തും. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് മടങ്ങിപ്പോകുന്നവര്‍ക്ക് കൊച്ചിന്‍ കോളജ് ഗ്രൗണ്ടിലെത്തി ബസില്‍ തിരികെ തോപ്പുംപടി, എറണാകുളം ഭാഗത്തേയ്ക്ക് പോകാം.
ഫോര്‍ട്ട് കൊച്ചി ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഫോര്‍ട്ട് കൊച്ചി നിവാസികളും ഹോട്ടലുകളില്‍ താമസിക്കുന്ന ടൂറിസ്റ്റുകളും 31ന് റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാന്‍ വാഹനങ്ങളെയും ആളുകളെയും കയറ്റാതെ രണ്ട് റൂട്ടുകള്‍ ഒഴിവാക്കിയിടും.
ആസ്പിന്‍വാള്‍ കമ്പ്രാള്‍ ഗ്രൗണ്ട്, ആസ്പിന്‍വാള്‍ ഗ്രൗണ്ട്, സെന്റ് പോള്‍സ് സ്‌കൂള്‍, ഡെല്‍റ്റാ സ്‌കൂള്‍, ഓഷ്യാനസ് ഈസ്റ്റ് സൈഡ്, ബിഷപ് ഹൗസ്, ദ്രോണാചാര്യ മെയിന്‍ ഗേറ്റ് മുതല്‍ നോര്‍ത്ത് സൈഡ്വരെ, ദ്രോണാചാര്യ മെയിന്‍ ഗേറ്റ് മുതല്‍ സൗത്ത് സൈഡ് ഓടത്തവരെ, വെളി സ്‌കൂള്‍ ഗ്രൗണ്ട്, പള്ളത്ത് രാമന്‍ ഗ്രൗണ്ട്, കേമ്പിരിജംഗ്ഷന് തെക്കോട്ട് (കോണ്‍വന്റ് റോഡ്) റോഡിന് കിഴക്കുവശം, കേമ്പിരി ജംഗ്ഷന് വടക്കോട്ട് (അജന്ത റോഡ്) റോഡിന് കിഴക്കുവശം, കൂവപ്പാടംമുതല്‍ പരിപ്പ് ജങ്ഷന്‍വരെ റോഡിന് പടിഞ്ഞാറുഭാഗം, കൊച്ചിന്‍ കോളേജ് ഗ്രൗണ്ട്, ടിഡി സ്‌കൂള്‍ ഗ്രൗണ്ട്, ആസിയാ ഭായി സ്‌കൂള്‍, പഴയന്നൂര്‍ ക്ഷേത്രമൈതാനം, എംഎംഒവിഎച്ച്എസ് ഗ്രൗണ്ട്, കോര്‍പറേഷന്‍ ഗ്രൗണ്ട് (കാനൂസ് തീയറ്ററിനുസമീപം), ചിക്കിങ്ങിന് എതിര്‍വശമുള്ള ഗ്രൗണ്ട്, സൗത്ത് മൂലങ്കുഴി സിസി ഗ്രൂപ്പിന്റെ ഗ്രൗണ്ട്, തോപ്പുംപടി ജങ്ഷനിലെ ഒഴിഞ്ഞസ്ഥലം, തോപ്പുംപടി കോര്‍പറേഷന്‍ സ്റ്റേഡിയം ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വാഹനം പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.