നാട്ടികയുടെ നാട്ടുകാരൻ, തൃശൂരിന്റെ സ്വകാര്യ അഹങ്കാരം, കേരളത്തിന്റെ ബ്രാൻഡ് അംബാസിഡർ, ഇന്ത്യയുടെ അഭിമാനം, ഇമറാത്തിന്റെ മുത്ത്, നമ്മുടെ സ്വന്തം യുസഫലിക്ക ദുബായിൽ റാഷിദ് തുറമുഖത്ത് ദുംഗ എന്ന കപ്പലിൽ വന്നിറങ്ങിയതിന്റെ അമ്പതാം വാർഷികമാണ് ഈ ഡിസംബർ 31 ന് .
ഇന്ത്യക്കാരനും മലയാളിയും ഇല്ലാതെ ഒരു ഗൾഫ് രാജ്യവും ഇല്ലെങ്കിലും ഗള്‍ഫില്‍ നമുക്കൊക്കെ ഒരു മതിപ്പ് ഉണ്ടാക്കി തന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ സ്തുത്യർഹമാണ്.
യുഎഇയിലെ രാജമാഹാത്മ്യം
യുഎഇയുടെ അമരക്കാരായിരുന്ന ഹിസ് ഹൈനസ് ഷെയ്ഖ് സായിദിനും ഷെയ്ഖ് റാഷിദിനും ഇന്ത്യക്കാരുടെ മാഹാത്മ്യം അറിഞ്ഞുകൊണ്ടുതന്നെയാണ് അവരോട് അടുത്തിടപഴകിയിരുന്നത്. അക്കാലങ്ങളിൽ ഗുജറാത്തിലെയും പാകിസ്താനിലെയും സിന്ധികളാണ് കച്ചവടങ്ങളിൽ വളരെയേറെ ശോഭിച്ചിരുന്നത്.
അവരുമായി സൗഹൃദത്തിലുണ്ടായിരുന്ന ഇരുവരും മജ്ലിസുകളിൽ ഇന്ത്യൻ കച്ചവടക്കാരുമായി കൂടിക്കാഴ്ചകൾ നടത്തുമായിരുന്നു. പക്ഷെ അന്നൊക്കെ ടിവി ചാനലുകളോ സോഷ്യൽ മീഡിയകളോ ഇല്ലാതിരുന്നത് കൊണ്ടായിരിക്കാം നാം അതൊക്കെ കാണാതെ പോയിരുന്നത്. അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട ലോകനേതാവ് ഇന്ദിരാഗാന്ധി ആയിരുന്നു.
അക്കാലങ്ങളിൽ അബുദാബിയിലെയും ദുബായിലെയും ഷാർജയിലെയും റാസ് അൽ ഖൈമയിലെയും ഫുജൈറയിലെയും അജ്മാനിലേയും കൊട്ടാരങ്ങളിൽ ഡ്രൈവർമാർ മുതൽ കണക്കപ്പിള്ളകൾ വരെ മലയാളികൾ ആയിരുന്നു ഏറെയും .
മലയാളികളിൽ ചാവക്കാട്ട് ലോബിയും മലപ്പുറം കൽപകഞ്ചേരി ലോബിയും കൊട്ടാരങ്ങൾ കൈയടക്കി വെച്ചിരുന്നു. വിശ്വസ്തതയായിരുന്നു അന്നൊക്കെ അവർക്കുണ്ടായിരുന്ന ആദ്യ സർട്ടിഫിക്കേറ്റ്. മിസിരിയും പലസ്തീനിയും യമനിയുമൊക്കെ ജീവിച്ചു പോയിരുന്നത് അറബി ഭാഷയുടെ ആനുകൂല്യത്തിൽ മാത്രമായിരുന്നു.
മലയാളി അറബി ഭാഷ സംസാരിക്കുവാൻ പഠിച്ചിരുന്നുവെങ്കിൽ ഒരൊറ്റ മിസിരിയും മറ്റുള്ള രാജ്യക്കാരും കൊട്ടാരങ്ങളിൽ കയറിപറ്റിലായിരുന്നു എന്നുവേണം കരുതുവാൻ.
ഒന്നില്‍ തുടങ്ങി യൂസഫലി ആയി
കൃത്യം അമ്പത് വര്‍ഷം മുന്‍പ് ഇന്നേ ദിവസം അബുദാബിയിലെ ഹംദാൻ സ്ട്രീറ്റിലെ പഴയ മാർക്കറ്റിലെ എംകെ സ്റ്റോഴ്സിൽ എളാപ്പയെ സഹായിക്കുവാൻ അഹമ്മദാബാദിൽ നിന്നും എത്തിച്ചേർന്ന യുസഫലിക്ക തലച്ചുമട് വരെ എടുത്തിട്ടുണ്ട് എന്നാണ് അന്നത്തെ അനുഭവസ്ഥർ പറയുന്നത്.
അവിടെനിന്നും പലരെയും പരിചയപ്പെട്ടുകൊണ്ട് ഭക്ഷണ വസ്തുക്കളുടെ വിതരണാവകാശങ്ങൾ തരപ്പെടുത്തി. കോഴിയും മാംസവും പച്ചക്കറികളും ഇറക്കുമതി ചെയ്യുവാനുള്ള ലൈസൻസുകൾ തരപ്പെടുത്തി അൽ തായെബും, എമിറേറ്റ്സ് ജനറൽ മാർക്കറ്റുകളും ആരംഭിച്ചു.
പിന്നീട് ഹംദാൻ സ്ട്രീറ്റിൽ ആദ്യത്തെ ‘ലുലു’ ഡിപ്പാർട്ട്മെന്റ് ആരംഭിച്ചു. ദുബായ് കറാമയിലെയും ഖിസൈസിലെയും ലുലു മാർക്കറ്റുകളാണ് ‘ലുലു’ എന്ന ബ്രാൻഡിന്റെ തലവര മാറ്റിവരച്ചത്.
ഒരു കച്ചവടക്കാരനും ശ്രദ്ധിക്കാതെയിരുന്ന ദുബായ് കറാമ സെന്ററിനടുത്ത ലൊക്കേഷനും, ആർക്കും വേണ്ടാതിരുന്ന ഖിസൈസ് സ്റ്റേഡിയം ലൊക്കേഷനും പിന്നീട് ലുലു വില്ലേജും എടുക്കുവാനുള്ള തീരുമാനമായിരുന്നു ഇന്നത്തെ ഈ വിജയങ്ങൾക്കുള്ള ആണിക്കല്ല്.
കൂടാതെ സഹോദരൻ അഷ്‌റഫ് അലിയുടെ സൂക്ഷ്മതയും, കച്ചവടത്തിനായി മാത്രം ജനിച്ചിട്ടുള്ള ബോറ കമ്മ്യുണിറ്റിയിലെ സൈഫിന്റെ കച്ചവടക്കണ്ണും, ഏത് തിരക്കിലും ആരുടെയും ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുന്ന നന്ദകുമാർ എന്ന നന്ദുവിന്റെ മാർക്കറ്റിംഗ് തന്ത്രങ്ങളും, സലിം, ജെയിംസ് എന്നീ ഇടംകൈ വലംകൈ ശക്തികളും എല്ലാം ചേർന്നപ്പോൾ യുസഫലിക്കയുടെ ജൈത്രയാത്ര തുടരുകയായിരുന്നു.
സാധാരണ കച്ചവടക്കാരൊക്കെ അറുത്ത കയ്യിൽ ഉപ്പുതേക്കാത്തവർ ആയിരിക്കും. ‘പിശുക്ക് നല്ലതാണ് പക്ഷെ ലുബ്ധനാകരുത് ‘എന്ന പ്രവാചകന്റെ വചനത്തിന്റെ അടിസ്ഥാനത്തിലാണ് യുസഫ് ഭായ് കച്ചവടത്തിൽ പ്രയോഗിച്ചിരുന്നത് . അബുദാബിയിലെ ഷെയ്ഖ് മാരുടെ സ്വഭാവം ലേശം ഒപ്പിയെടുക്കാനും അദ്ദേഹം മറന്നില്ല.
നയമറിഞ്ഞു രാജ്യത്തലവന്മാരുമായി ചങ്ങാത്തം
ആവശ്യമുള്ളിടത്ത് പണം ചിലവാക്കാൻ അദ്ദേഹത്തിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ സന്ദർശിക്കുവാൻ വരുന്ന ഏതൊരാൾക്കും സമ്മാനങ്ങൾ നൽകുവാൻ അദ്ദേഹം മടി കാണിച്ചിരുന്നില്ല.
സ്വാഭാവികമായും ഷെയ്‌ഖന്മാരുമായി കച്ചവടം ചെയ്യണമെങ്കിൽ പ്രത്യേക പ്രാവീണ്യം ആവശ്യമായുണ്ട്. നമ്മുടെ പല കച്ചവടക്കാരും അക്കാര്യത്തിൽ വളരെ പരാജയമാണ്. അവിടെയാണ് യുസഫ് ഭായ് ഓരോ രാജ്യത്തെയും ഒന്നാമന്മാരുമായി ബന്ധങ്ങൾ സ്ഥാപിക്കുന്നത്.
പബ്ളിസിറ്റി സ്റ്റണ്ട് എന്നൊക്കെ പല കച്ചവടക്കാരും അടക്കം പറയുന്നുണ്ട് എങ്കിലും അവരുടെയൊക്കെ ഉള്ളിന്റെ ഉള്ളിൽ ഷെയ്‌ഖന്മാരുമായും രാജ്യതലവന്മാരുമായും ബന്ധം സ്ഥാപിക്കണമെന്ന് ആഗ്രഹമില്ലാതെയില്ല. പക്ഷെ അവർക്ക് അങ്ങോട്ട് എത്തിപ്പെടുവാൻ സാധിക്കാത്തത് അവരുടെ ജീവിത രീതികൾ കൊണ്ട് മാത്രമാണ്.
അദ്ദേഹത്തോട് ഏറ്റവും ഇഷ്ടവും മതിപ്പും തോന്നിയത് ബ്രിട്ടീഷുകാരുടെ ഈസ്റ്റ് ഇന്ത്യ കമ്പനിയെ യാതൊരു ലാഭവും കണക്കാക്കാതെ കൈവശപ്പെടുത്തിയതിലാണ്. ആരായാലും ആ ഉപദേശം നൽകിയ ആളും ഇക്കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നു.
ഒരു കച്ചവടക്കാരൻ എന്ന നിലയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളോടും നേതാക്കന്മാരോടും മതമേലധ്യക്ഷന്മാരോടും ബന്ധങ്ങൾ സ്ഥാപിക്കുന്നത് സ്വാഭാവികം മാത്രമാണ്. ഓരോരോ ജോലിക്കാരനെയും തിരിച്ചറിയുന്ന അദ്ദേഹത്തിന്റെ ഓർമ്മശക്തി, അതുപോലെ വാക്കു പാലിക്കുന്ന കാര്യത്തിലുള്ള സൂക്ഷ്മത എല്ലാം അദ്ദേഹത്തിന്റെ ഉയർച്ചകളിൽ സഹായകമായിട്ടുണ്ട്.
മറ്റൊരു കച്ചവടക്കാരൻ ഉയർന്നുവരുന്നതിലുള്ള ചില അസംതൃപ്തികളും ചില സമയങ്ങളിൽ കാണിക്കാറുണ്ടെങ്കിലും സഹായം ചോദിച്ചുചെന്നാൽ ആരെയും നിരാശയോടെ തിരിച്ചു പറഞ്ഞയക്കാറില്ല . വാശിയുടെ കാര്യത്തിൽ അദ്ദേഹം കഴിഞ്ഞിട്ടേയുള്ളൂ കേരളത്തിൽ വേറെ ആരും . ആവശ്യമുള്ള ഇടങ്ങളിൽ അതും പ്രയോഗിക്കാറുണ്ട്.
തുഷാർ വെള്ളാപ്പള്ളിയുടെ കാര്യത്തിൽ അദ്ദേഹമെടുത്ത തീരുമാനം കേരളത്തിന്റെ മതസൗഹാർദ്ദത്തിന് വളരെ മുതൽക്കൂട്ടായിരുന്നു. ധാരാളം ഫാൻസുകാർ അദ്ദേഹത്തിനെതിരെ തിരിഞ്ഞു എങ്കിലും അക്കാര്യത്തിൽ അദ്ദേഹത്തിന്റെ തീരുമാനം വളരെ വിലപ്പെട്ടതായിരുന്നു.
അറ്റ്ലസ് രാമചന്ദ്രനെ ജയിൽ മോചിതനാക്കുവാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു എങ്കിലും അക്കാര്യത്തിലും യുസഫ് ഭായിക്ക് ചില നയങ്ങൾ ഉണ്ടായിരുന്നു. അതുപോലെ ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ എത്താത്തതും ഫാൻസുകാരിൽ ചില അവമതിപ്പുകൾ ഉണ്ടാക്കിയിരുന്നു.
പക്ഷെ ഇതൊക്കെ ജനം മറന്നത് അബുദാബി വത്ബ ജയിലിൽ തൂക്കുമരം കാത്ത് കിടന്നിരുന്ന തൃശൂർ പുത്തൻചിറ സ്വദേശി ബെക്സ് കൃഷ്ണന്റെ മോചനത്തിലൂടെയായിരുന്നു .
എങ്കിലും ചില ചില കാര്യങ്ങൾ അദ്ദേഹം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയുവാൻ പാടില്ല എന്ന് അരുളി ചെയ്ത ഒരു ദൈവത്തിൽ വിശ്വസിക്കുന്നയാൾ എന്ന നിലക്ക് പാവപ്പെട്ടവരെ സഹായിക്കുന്ന കാര്യങ്ങൾ വേണമെങ്കിൽ സ്വകാര്യമായി വെക്കാം.
അക്കാര്യങ്ങൾ ടിവിയുടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിപ്പിക്കുന്ന രീതികൾ അവസാനിപ്പിക്കാവുന്നതേയുള്ളൂ. അറുപത് വർഷങ്ങൾക്ക് മുൻപ് ഒരേ ബെഞ്ചിലിരുന്ന് പഠിച്ചയാളുടെ ബാങ്ക്‌ലോൺ അടച്ചു തീർക്കുവാൻ സഹായിച്ചുവെന്നുള്ള തരത്തിലുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങൾ അവസാനിപ്പിക്കുവാൻ യുസഫ് ഭായ് തന്നെ മുൻകൈ എടുക്കണം എന്നൊരു അഭ്യർത്ഥനകൂടിയുണ്ട്.
അതിന്‍റെയൊന്നും ആവശ്യം അദ്ദേഹത്തിനിനിയില്ല. കാരണം എം എ യൂസഫലി അതുക്കും മേലെയാണ്. ഒരുപാട് ഉയരങ്ങളില്‍ എത്തിയിട്ട് പിന്നെ ചെറുതാകരുത്.
ഇനിയും ഉയരങ്ങൾ താണ്ടുവാനുള്ള മനസും ആരോഗ്യവും അങ്ങേർക്ക് സർവശക്തൻ പ്രദാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു ! ഒപ്പം നന്മകളും നേരുന്നു !
ദാനധർമ്മങ്ങൾ ആപത്തുകളെ തടയും എന്ന വിശ്വാസത്തിൽ നാട്ടിക ദാസനും പാലക്കാട്ടേക്ക് ലുലു വന്നതിൽ സന്തോഷിച്ചുകൊണ്ട് കണ്ണാടി വിജയനും