കോച്ചി: ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടനുമായ കെഡി ജോര്‍ജ് അന്തരിച്ചു. 84 വയസായിരുന്നു. അസുഖബാധിതനായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം.
ഉയര്‍ന്ന ബാസ് ശബ്ദത്തിന് പേര് കേട്ട ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് കെഡി ജോര്‍ജ്. മലയാള സിനിമകള്‍ക്ക് ഡബ്ബ് ചെയ്തുകൊണ്ടാണ് സിനിമ രംഗത്തേക്ക് കടന്നുവന്നത്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറെക്കാലം ചെന്നൈയിലായിരുന്ന ഇദ്ദേഹം പിൻകാലത്ത് കൊച്ചിയിലേക്ക് താമസം മാറ്റുകയായിരുന്നു.
ബന്ധുക്കളാരുമില്ലാത്ത ജോര്‍ജ് കലൂര്‍ ഉള്ള പുത്തൻ ബില്‍ഡിങ്ങില്‍ ആയിരുന്നു താമസിച്ചിരുന്നത്. അസുഖബാധിതനാകുന്നതിന് മുമ്ബ് വരെ ഡബ്ബിങ് രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത മിര്‍സാപൂര്‍, ബാംബൈ മേരി ജാൻ എന്നീ വെബ് സീരീസുകള്‍ക്കാണ് അവസാനമായി ശബ്ദം നല്‍കിയത്.
ആരോഗ്യാവസ്ഥ മോശമായതോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കെ.ഡി. ജോര്‍ജിന്‍റെ കുടുംബാംഗങ്ങളെ കുറിച്ചോ ബന്ധുക്കളെ കുറിച്ചോ വിവരം ലഭ്യമല്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. അവസാന കാലത്ത് ഫെഫ്ക ഡബ്ബിങ് ആര്‍ടിസ്റ്റ് യൂണിയന്‍റെ സഹായത്തോടുകൂടിയായിരുന്നു മുന്നോട്ടുപോയിരുന്നത്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.