നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയുടെ മരണ വാര്‍ത്ത കേരളക്കര ഞെട്ടലോടെയാണ് സ്വീകരിച്ചത്. പ്രോഗ്രാം കഴിഞ്ഞ് മടങ്ങവെയുണ്ടായ അപകടത്തിലാണ് സുധിയുടെ മരണം. സുധിയ്ക്കൊപ്പം കാറില്‍ സഞ്ചരിച്ചിരുന്ന ബിനു അടിമാലിയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ നിന്നും താരം മുക്തി നേടുന്നതെയുള്ളൂ. ഇപ്പോഴിതാ അപകടത്തെ കുറിച്ചും സുധിയെ കുറിച്ചും ബിനു അടിമാലി പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.
ബിനു അടിമാലിയുടെ വാക്കുകള്‍ ഇങ്ങനെ
അന്ന് എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന തോന്നല്‍ നമുക്കുണ്ടായി. സുധി വണ്ടിയുടെ മുന്നിലാണ് ഇരുന്നത്. അവന്‍ അവിടെന്ന് മാറുന്നതേ ഇല്ല. സുധിയുടെ മുഖത്ത് ഒരു പാട് ഉണ്ടായിരുന്നു. ചിരിക്കുമ്പോള്‍ അത് കൃത്യമായി അറിയാമായിരുന്നു. ഇപ്പോള്‍ എന്റെ മുഖത്തും അങ്ങനൊരു പാടുണ്ട്. അവന്റെ മുഖത്ത് എവിടെയാണോ ഉണ്ടായിരുന്നത് അവിടെ തന്നെ എനിക്കും വന്നു. ആ പാട് എനിക്ക് തന്നിട്ട് അവന്‍ അങ്ങ് പോയി.
അതില്‍ നിന്നും നമ്മള്‍ ഇപ്പോഴും റിക്കവര്‍ ആയിട്ടില്ല. നമ്മളൊക്കെ മനസുകൊണ്ട് ദുര്‍ബലന്‍മാര്‍ ആയത് കൊണ്ട് പലപ്പോഴും അതിങ്ങനെ കേറി വരും. അന്ന് അവന്റെ ദിവസം ആയിരുന്നുവെന്ന് ബിനു അടിമാലി പറയുന്നു. ആരോടും പരാതിയോ പരിഭവമോ ഇല്ലാത്ത ആളായിരുന്നു സുധി. ഞാനൊക്കെ എന്തെങ്കിലും പറഞ്ഞാലും, കുറ്റം പറഞ്ഞാലും ചുമ്മാ ചിരിക്കും.
ബോഡി ഷെയ്മിംഗ് എന്ന് മറ്റുള്ളവര്‍ പറയുമെങ്കിലും ഞങ്ങള്‍ക്കിടയില്‍ അതൊക്കെ ആസ്വദിക്കുന്ന കാര്യങ്ങളായിരുന്നുവെന്നും ബിനു അടിമാലി പറയുന്നു. പുതിയ സിനിമയുടെ പ്രമോഷനിടെ മൂവി വേള്‍ഡ് മീഡിയയോട് ആയിരുന്നു ബിനു അടിമാലിയുടെ പ്രതികരണം. ഈ വര്‍ഷം ജൂണിലാണ് വാഹനാപകടത്തെതുടര്‍ന്ന് സുധി മരണപ്പെടുന്നത്.