തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ് കുമാര്‍. ഗതാഗത വകുപ്പ് തന്നെയെന്ന് പ്രതീക്ഷിക്കുന്നു. തൊഴിലാളികള്‍ പറയുന്നതില്‍ കാര്യമുണ്ട്. സഹകരിച്ചാല്‍ വിജയിപ്പിക്കാമെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നാണ് ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക.
ഗ്രാമീണ മേഖലയില്‍ ബസുകള്‍ കൂടുതലായി ഇറക്കും. അത് വലിയ മാറ്റമാകും. കെഎസ്ആര്‍ടിസിയെ സിസ്റ്റമാറ്റിക്ക് ആക്കി മാറ്റണം. തുടര്‍ച്ച ഉണ്ടാകണം. കെഎസ്ആര്‍ടിസിയെ സ്വയം പര്യാപ്തതയില്‍ എത്തിക്കുക എളുപ്പമല്ല. തൊഴിലാളി ദ്രോഹ നടപടികളൊന്നും ഉണ്ടാകില്ല.
കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ചോര്‍ച്ച അടയ്ക്കും. കെഎസ്ആര്‍ടിസിയെ കമ്പ്യൂട്ടര്‍വത്കരിക്കും. സിനിമ വകുപ്പ് കിട്ടിയാല്‍ സന്തോഷം. സിനിമ വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി കത്ത് കൊടുത്തിട്ടില്ല എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
എന്തിനെയും എതിര്‍ക്കുക പ്രതിപക്ഷത്തിന്റെ ജോലിയെന്ന് ചിലര്‍ ധരിച്ചു വച്ചിരിക്കുന്നു. പ്രതിപക്ഷം ഉയര്‍ത്തുന്ന പല കാര്യങ്ങളും ആരോപണങ്ങള്‍ മാത്രവായി അവസാനിക്കുന്നു. കഴമ്പുള്ള കാര്യങ്ങളൊന്നും പ്രതിപക്ഷത്തില്‍ നിന്നുണ്ടാകുന്നില്ല. സഹകരിക്കേണ്ടിടത്ത് പ്രതിപക്ഷം സഹകരിക്കണം.
ഇപ്പോഴത്തെ സമരങ്ങള്‍ എന്തിനെന്ന് മനസ്സിലാകുന്നില്ല. നവകേരള സമരങ്ങള്‍ എന്തിനെന്ന് വ്യക്തമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.