മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് പ്രൈമറി തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ സ്റ്റേറ്റ് ബാലറ്റില്‍ നിന്ന് അയോഗ്യനാക്കി യുഎസ് സംസ്ഥാനമായ മെയ്ന്‍. 2021 ജനുവരി ആറിന് ട്രംപ് അനുകൂലികള്‍ ക്യാപിറ്റലിനു നേരെ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ടാണ് വ്യാഴാഴ്ച സംസ്ഥാനം നടപടി കൈകൊണ്ടിരിക്കുന്നത്. ഇതോടെ കൊളറാഡോയ്ക്ക് ശേഷം ട്രംപിനെതിരെ നടപടിയെടുക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി മെയ്ന്‍ മാറി. മെയ്നിന്റെ ഉന്നത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനാണ് ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത്.
2024 ലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്നവരില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മുന്‍നിരക്കാരനായിരുന്നു മുന്‍ യുഎസ് പ്രസിഡന്റ് കൂടിയായ റൊണാള്‍ ട്രംപ്. എന്നാല്‍ 2020 ലെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട തെറ്റായ അവകാശവാദങ്ങള്‍ പ്രചരിപ്പിച്ച് രാജ്യത്ത് ഒരു കലാപം സൃഷ്ടിക്കാന്‍ ട്രംപ് പ്രേരിപ്പിച്ചതായി മെയിന്‍ സ്റ്റേറ്റ് സെക്രട്ടറി ഷെന്ന ബെല്ലോസ് ചൂണ്ടിക്കാട്ടി. വോട്ട് തടസ്സപ്പെടുത്താന്‍ ക്യാപിറ്റോളിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ട്രംപ് തന്റെ അനുയായികളോട് അഭ്യര്‍ത്ഥിച്ചുവെന്നും അവര്‍ പറഞ്ഞു.
ഡിസംബര്‍ 19 ന്, കൊളറാഡോയിലെ സുപ്രീം കോടതി ട്രംപിനെ സ്റ്റേറ്റ് പ്രൈമറി ബാലറ്റില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു. ഇതോടെ കലാപത്തില്‍ ഏര്‍പ്പെട്ടതിന് പ്രസിഡന്റ് സ്ഥാനത്തേക്ക് അയോഗ്യനായി കണക്കാക്കപ്പെടുന്ന യുഎസ് ചരിത്രത്തിലെ ആദ്യത്തെ സ്ഥാനാര്‍ത്ഥിയായി ട്രംപ് മാറി. അതേസമയം, കൊളറാഡോ വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ട്രംപ് വ്യക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ ജനാധിപത്യവിരുദ്ധം എന്നാണ് അദ്ദേഹം വിമര്‍ശിച്ചത്.
സത്യപ്രതിജ്ഞയ്ക്കുശേഷം കലാപത്തില്‍ ഏര്‍പ്പെടുകയോ കലാപം നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്താല്‍ അത്തരക്കാരെ അധികാര സ്ഥാനത്തുനിന്ന് വിലക്കുന്ന അമേരിക്കന്‍ ഭരണഘടന വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ട്രംപിനെ അയോഗ്യനാക്കണമെന്ന് മെയ്‌നിലെ നിയമനിര്‍മ്മാതാക്കളുടെ സംഘം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപിനെ സ്റ്റേറ്റ് ബാലറ്റില്‍ നിന്ന് അയോഗ്യനാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
ഒരു സംസ്ഥാന കോടതിയില്‍ അപ്പീല്‍ നല്‍കാവുന്ന വിധിയാണെങ്കിലും ഇത് മാര്‍ച്ചിലെ പ്രൈമറി തിരഞ്ഞെടുപ്പിന് മാത്രമേ ബാധകമാകുകയുള്ളു. സമയം നവംബറിലെ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ട്രംപിന്റെ നീക്കത്തെ ഇത് ബാധിച്ചേക്കും. 14-ാം ഭേദഗതിയിലെ സെക്ഷന്‍ 3 എന്നറിയപ്പെടുന്ന ഭരണഘടനാ വ്യവസ്ഥ പ്രകാരം രാജ്യവ്യാപകമായി ട്രംപിന്റെ യോഗ്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം വേണമെന്ന് യുഎസ് സുപ്രീം കോടതിയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2020 ലെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ട്രംപിനെതിരെ ജോര്‍ജിയയില്‍ ഒരു ഫെഡറല്‍ കേസുണ്ട്. എന്നാല്‍ ജനുവരി ആറിലെ ആക്രമണവുമായി ബന്ധപ്പെട്ട കലാഭ ശ്രമങ്ങള്‍ക്ക് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടില്ല. 2024 ലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള മത്സരത്തില്‍ അഭിപ്രായ വോട്ടെടുപ്പില്‍ ഡൊണാള്‍ഡോ ട്രംപ് വലിയ മാര്‍ജിനില്‍ ലീഡ് ചെയ്തു വരവേയാണ് പുതിയ തിരിച്ചടി എത്തിയിരിക്കുന്നത്.