അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് ശേഷം നഗരത്തിലേക്കും തിരിച്ചും 15 ഓളം പുതിയ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ പദ്ധതിയിട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. പുതിയ ട്രെയിനുകള്‍ എല്ലാ ദിവസവും സര്‍വീസ് നടത്തുമെന്നും അയോധ്യ ധാമില്‍ യാത്ര അവസാനിപ്പിക്കുമെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. മറ്റ് സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകള്‍ അയോധ്യ കാന്റ് സ്റ്റേഷനില്‍ നിന്ന് യാത്ര ആരംഭിക്കും. ജനുവരി 22 ന് ആണ് ക്ഷേത്ര ഉദ്ഘാടന ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, ഡിസംബര്‍ 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്താനിരിക്കെ അയോധ്യ ഒരുങ്ങിക്കഴിഞ്ഞു. ക്ഷേത്ര നഗരത്തില്‍ കനത്ത സുരക്ഷാ വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. നഗരം പൂക്കളും ചുവര്‍ചിത്രങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെന്നും കഴിഞ്ഞ രണ്ട് ദിവസമായി നഗരത്തില്‍ കനത്ത മൂടല്‍മഞ്ഞ് ഉണ്ടായിരുന്നിട്ടും എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അയോധ്യ ഡിവിഷണല്‍ കമ്മീഷണര്‍ ഗൗരവ് ദയാല്‍ പറഞ്ഞു.
പുനര്‍നിര്‍മ്മിച്ച അയോധ്യ റെയില്‍വേ സ്റ്റേഷനും പുതിയ വിമാനത്താവളവും ഉദ്ഘാടനം ചെയ്യാന്‍ ശനിയാഴ്ചയാണ് മോദി നഗരം സന്ദര്‍ശിക്കുന്നത്. പുതുതായി നിര്‍മ്മിച്ച മര്യാദ പുര്‍ഷോത്തം ശ്രീറാം അയോധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒരു പൊതുറാലിയെയും അദ്ദേഹം അഭിസംബോധന ചെയ്യും. തുടര്‍ന്ന് അയോധ്യയില്‍ പുനര്‍നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നടത്തും.
ഡിസംബര്‍ 30ന് ഇന്‍ഡിഗോയും എയര്‍ ഇന്ത്യ എക്‌സ്പ്രസും പുതുതായി തുറന്ന വിമാനത്താവളത്തിലേക്ക് ആദ്യ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 2024 ജനുവരിയില്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്ന് അയോധ്യയിലേക്കുള്ള വിമാനങ്ങള്‍ രണ്ട് എയര്‍ലൈനുകളും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. അയോധ്യ വിമാനത്താവളത്തിന്റെ ആദ്യഘട്ട നിര്‍മാണത്തിന് ഏകദേശം 350 കോടി രൂപയാണ് ചെലവ്. 6,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പുതിയ ടെര്‍മിനല്‍ കെട്ടിടം ഒരേസമയം 600 യാത്രക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രതിവര്‍ഷം 10 ലക്ഷം യാത്രക്കാരെ വിമാനത്താവളത്തിന് കൈകാര്യം ചെയ്യാനാകും.
കൂടാതെ തിരക്കേറിയ സമയങ്ങളില്‍ 3,000 യാത്രക്കാരെയും പ്രതിവര്‍ഷം 60 ലക്ഷം യാത്രക്കാരെയും കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള 50,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം രണ്ടാം ഘട്ട വികസനത്തില്‍ ഉള്‍പ്പെടുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഈ ഘട്ടത്തില്‍ കോഡ് ഇ ബി-777 തരം വിമാനങ്ങള്‍, സമാന്തര ടാക്സി ട്രാക്ക്, 18 എയര്‍ക്രാഫ്റ്റ് പാര്‍ക്കിംഗ് സ്റ്റാന്‍ഡുകള്‍ക്കായി ആപ്രോണ്‍ എന്നിവ ഉള്‍ക്കൊള്ളുന്നതിനായി 3,750 മീറ്റര്‍ വരെ റണ്‍വേ നീട്ടലും പദ്ധതിയിടുന്നുണ്ട്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏറ്റവും വലിയ പ്രചാരണ ആയുധമായാണ് രാമക്ഷേത്ര ഉദ്ഘാടനത്തെ കണക്കാക്കുന്നത്.