ഹനോയ്: പൂച്ച സൂപ്പിന് പ്രശസ്തമായിരുന്ന വിയറ്റ്നാമിലെ തിരക്കേറിയ റെസ്റ്റൊറന്‍റ് പൂട്ടാനുള്ള ഉടമയുടെ തീരുമാനം വാർത്തയായിരിക്കുകയാണ്. പൂച്ചകളെ കശാപ്പു ചെയ്യുന്നതിൽ പെട്ടെന്നൊരു ദിവസം കുറ്റബോധം തോന്നിയതാണ് റെസ്റ്റൊറന്‍റ് ബിസിനസ് മതിയാക്കാൻ തീരുമാനിക്കാൻ കാരണം.
വിയറ്റ്നാമിലെ ഗിയ ബാഓ എന്ന റെസ്റ്റൊറന്‍റും ഉടമ ഫാം ക്വോക്ക് ഡോനുമാണ് സമൂഹ മാധ്യമങ്ങളിലും മൃഗ സ്നേഹികൾക്കിടയിലും താരമായിരിക്കുന്നത്. അധികം ആളുകയറാത്ത സാധാരണ വിഭവങ്ങൾ മാത്രം തയാറാക്കുന്ന റെസ്റ്റൊറന്‍റായിരുന്നു മുമ്പ് ഗിയ ബാഓ. കച്ചവടം നഷ്ടത്തിലുമായിരുന്നു. അന്ന് ഏറെ ദൂരം സഞ്ചരിക്കണമായിരുന്നു പ്രദേശ വാസികൾക്ക് പൂച്ച സൂപ്പ് കഴിക്കാൻ. ഇതോടെ പൂച്ച സൂപ്പ് മെനുവിൽ ഉൾപ്പെടുത്താൻ ഫാം ക്വോക്ക് ഡോൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ കച്ചവടം പൊടിപൊടിച്ചു.
സൂപ്പിനായി പൂച്ചകളെ ബക്കറ്റ് വെള്ളത്തിൽ വടികൊണ്ട് കുത്തി താഴ്ത്തി മുക്കിക്കൊല്ലുകയായിരുന്നു ചെയ്തിരുന്നത്. തിരക്കേറിയതോടെ മാസം 300 പൂച്ചകളെ വരെ റെസ്റ്റൊറന്‍റിൽ എത്തിക്കേണ്ടി വന്നു. പിന്നീടാണ് ഫാം ക്വോക്ക് ഡോന് കുറ്റബോധം തോന്നിത്തുടങ്ങിയത്. ഇതോടെ മൃഗസ്നേഹികളുടെ സംഘടനയെ ബന്ധപ്പെട്ടു. റെസ്റ്റൊറന്‍റിൽ ബാക്കിയുണ്ടായിരുന്ന പൂച്ചകളെ അവർ വാക്സിനേഷൻ നൽകി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. റെസ്റ്റൊറന്‍റിന് പകരം പലചരക്കുകട തുറക്കാനാണ് ഫാം ക്വോക്കിന്‍റെ തീരുമാനം.
വിയറ്റ്നാമിലെ ഒരു വിഭാഗം പൂച്ച മാംസം ഭക്ഷിക്കുന്നവരാണ്. ഒരു ദശലക്ഷം പൂച്ചകളെ വിയറ്റ്നാമിൽ വർഷംതോറും ഭക്ഷണത്തിനായി കൊല്ലുന്നെന്നാണ് ഹ്യൂമൻ സൊസൈറ്റി ഇന്‍റർനാഷണലിന്‍റെ കണക്ക്.