മാവേലിക്കര: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് വയോധികയായ മാതാവിനെ ഉപദ്രവിച്ച് അവശയാക്കിയ കേസില്‍ ജയിലിലായിരുന്ന മകന്‍ മരിച്ചനിലയില്‍. വെട്ടിയാര്‍ വാക്കേലേത്ത് വീട്ടില്‍ രാജനാ(48)ണ് മാവേലിക്കര ജയിലില്‍ റിമാന്‍ഡിലിരിക്കെ വ്യാഴാഴ്ച മരിച്ചത്.
നവംബര്‍ 20ന് വൈകിട്ട് മൂന്നിന് വെട്ടിയാറുള്ള വീട്ടില്‍ അമ്മ ശാന്തയോട് മദ്യപിക്കാന്‍ പണം ചോദിക്കുകയും നല്‍കാത്തതിലുള്ള ദേഷ്യം കാരണം അമ്മയെ അടിക്കുകയും തൊഴിക്കുകയും കഴുത്തിനു കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് അവശയാക്കിയശേഷം ഒളിവില്‍ പോകുകയുമായിരുന്നു.
മുമ്പും പലപ്രാവശ്യം മാതാപിതാക്കളെ ഉപദ്രവിച്ചിട്ടുള്ള ഇയാളെ പലപ്പോഴും നാട്ടുകാര്‍ ഇടപെട്ടാണ് പിന്തിരിപ്പിച്ചിരുന്നത്. അമ്മ ശാന്തയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവേ ഒളിവില്‍ പോയിരുന്ന പ്രതിയെ ഇലവുംതിട്ടയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.