ബംഗളുരു: സ്വിമ്മിങ് പൂളില്‍ ഒമ്പത് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാനസ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ബംഗളുരുവിലെ വര്‍ത്തൂര്‍-ഗുഞ്ചൂര്‍ റോഡിലെ അപ്പാര്‍ട്ട്‌മെന്റിലാണ് അപകടം നടന്നത്.
കുട്ടി നീന്തല്‍ കുളത്തിന് സമീപത്തെ വൈദ്യുത വിളക്കിന്റെ വയറില്‍ തട്ടി വീണതാകാമെന്നാണ് നിഗമനം. കുട്ടി സ്വിമ്മിങ് പൂളിലേക്ക് പോകുന്ന സിസിടി.വി. ദൃശ്യം പുറത്തുവന്നു. നീല ബാഗുമെടുത്ത് സന്തോഷത്തോടെ ലിഫ്റ്റില്‍ കയറുന്ന കുട്ടിയുടെ ദൃശ്യമാണ് പുറത്തുവന്നത്.
കുട്ടി കുടുംബത്തോടൊപ്പം ഈ അപ്പാര്‍മെന്റിലാണ് താമസിക്കുന്നത്. കുട്ടി അബദ്ധത്തില്‍ സ്വിമ്മിങ് പൂളിലേക്ക് വീഴുകയായിരുന്നു എന്നാണ് അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ പറയുന്നത്. കുട്ടി സ്വിമ്മിങ് പൂളില്‍ വീണുകിടക്കുന്നത് കണ്ടതോടെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു.
വൈദ്യുതാഘാതമേറ്റതായി സംശയമുണ്ട്. എന്നാല്‍, ശരീരത്തില്‍ പുറമേ മുറിവുകളൊന്നുമില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ എന്താണ് മരണ കാരണമെന്ന് വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.