അയോധ്യ: അയോധ്യയില്‍ പുതുതായി നിര്‍മിച്ച വിമാനത്താവളത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. വിമാനത്താവളം ശ്രീരാമന്റെ ജീവിതയാത്രകളും പരമ്പരാഗത കലാരൂപങ്ങളും പ്രതിഫലിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
‘മഹര്‍ഷി വാത്മീകി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അയോധ്യ ധം’ എന്നാണ് വിമാനത്താവളത്തിന്റെ പേര്. അത്യന്താധുനിക സൗകര്യങ്ങള്‍ക്കൊപ്പം വിമാനത്താവളം അയോധ്യയുടെ പാരമ്പര്യവും പൈതൃകം വിളിച്ചോതുന്നതുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2180 കോടി രൂപ ചെലവഴിച്ചാണ് വിമാനത്താവളം നിര്‍മ്മിച്ചിരിക്കുന്നത്.
അയോധ്യനഗരത്തില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം. വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തിന് 6500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഇത് പ്രതിവര്‍ഷം 10 ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കും. ടെര്‍മിനല്‍ കെട്ടിടത്തിന്റെ മുന്‍ഭാഗം അയോധ്യയിലെ ശ്രീരാമ ക്ഷേത്ര വാസ്തുവിദ്യയെ ചിത്രീകരിക്കുന്നതാണ്.
ടെര്‍മിനല്‍ കെട്ടിടത്തിന്റെ അകത്തളങ്ങള്‍ ശ്രീരാമന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന പ്രാദേശിക കലാ വിരുതുകള്‍, ചിത്രങ്ങള്‍, ചുവര്‍ചിത്രങ്ങള്‍ എന്നിവയാല്‍ അലങ്കരിച്ചിരിക്കുന്നു.