തിരുവനന്തപുരം: തിരുവനന്തപുരത്ത് ജയില്‍ വാര്‍ഡനെ ആക്രമിച്ച് തടവുകാരന്‍. ജയിലില്‍ നിന്ന് ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴായിരുന്നു ആക്രമണം.
ജയില്‍ വാര്‍ഡന്‍ രജനീഷ് ജോസഫിന്റെ നെഞ്ചിലും കഴുത്തിലുമാണ് മര്‍ദ്ദനമേറ്റത്. കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തൃശൂരിലെ അതിസുരക്ഷാ ജയിലില്‍ കഴിയുകയായിരുന്ന പ്രതിയാണ് ആക്രമിച്ചത്. ഇന്നലെയാണ് ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊണ്ടുവന്നത്.
തുടര്‍ന്ന് ശാരീരിക പരിശോധനക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇവിടെ എത്തിയത്തിനു പിന്നാലെ ആംബുലന്‍സിന്റെ ജനല്‍ തുറന്നു വഴിയേ പോയവരെയെല്ലാം ഇയാള്‍ അസഭ്യം പറഞ്ഞു.
കൂടെയുണ്ടായിരുന്ന ജയില്‍ വാര്‍ഡന്‍ രജനീഷ് ഇടപെട്ടതോടെ പ്രതി അക്രമാസക്തനാവുകയായിരുന്നു. വാര്‍ഡന്റെ കഴുത്തിന് കുത്തിപ്പിടിച്ച പ്രതി ഷര്‍ട്ട് വലിച്ചുകീറുകയും നെഞ്ചിലും വയറ്റിലും ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ പോലീസുകാരെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. പ്രതിക്കെതിരെ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു.