ആലപ്പുഴ: കടന്നപ്പള്ളി രാമചന്ദ്രൻ… വർത്തമാനകാല രാഷ്ട്രീയക്കാർക്കിടയിലെ അത്ഭുത പ്രതിഭാസമാണ്. വലിയ പാർട്ടിയുടെ വലിയ നേതാവല്ല, കൊച്ചു പാർട്ടിയുടെ നേതാവാണെങ്കിലും കടന്നപ്പള്ളി ചെറിയ ആളല്ല. വലിയ നേതാവാണ് വലിയ മനുഷ്യനാണ്.
യൂത്ത് കോൺഗ്രസിൻ്റെ ധീരമുഖമായിരുന്നു. മലബാറിലെ കോൺഗ്രസിൻ്റെ ശബ്ദമായിരുന്നു. ഇ.കെ.നായനാർ എന്ന കയ്യൂർ സമര നായകനെ പരാജയപ്പെടുത്തി പാർലമെൻ്റിൽ പോയി ചരിത്രം രചിച്ചവനാണ് കടന്നപ്പള്ളി.
കടന്നപ്പള്ളി ആദർശ പുരുഷനാണ്. ഇൻഡ്യൻ നാഷണൽ കോൺഗ്രസിൻ്റെ നേതൃനിരയിലെ പൊന്നും താരമായി വിലസുമ്പോഴാണ് “നിലപാട് ” എന്ന നാലക്ഷരത്തിൻ്റെ പേരിൽ ഇടത് സഹയാത്രികനായി മാറിയത്.
ഇന്ന് എല്‍ഡിഎഫിലെ ഏറ്റവും മുതിർന്നതും വിശ്വസ്തനുമായ സഹയാത്രികൻ കടന്നപ്പള്ളി തന്നെയാണ്. അഴിമതിയുടെ കറപോലും പുരളാത്ത അദ്ദേഹത്തിൻ്റെ നീളൻ ജുബ്ബ പോലെയാണ് കടന്നപ്പള്ളി എന്ന വ്യക്തിത്വവും. അഴിമതിക്കാരനല്ലാത്തതിനാൽ വലിയ ആൾക്കൂട്ടം കടന്നപ്പള്ളിക്കൊപ്പം കൂടിയിട്ടില്ല
അദ്ദേഹത്തിനുമുണ്ടൊരു പാർട്ടി. കൊച്ചു പാർട്ടിയാണ്. പല സ്വഭാവക്കാർ വ്യത്യസ്ത ജാതി മത വിശ്വാസികൾ. മൂപ്പിളമ തർക്കങ്ങളും കൊച്ചു കൊച്ചു പിണക്കങ്ങളും അവർക്കിടയിലും ഉണ്ട്.
എന്നാൽ പൊട്ടിത്തെറിയോ തെരുവിലെ തമ്മിൽ തല്ലോ ഇല്ലാതെ അവധാനതയോടെ പാകതയോടെ എല്ലാവരെയും കൂട്ടിപ്പിടിച്ച് മുന്നോട്ട് പോകുന്ന കാരണവർ എന്ന നിലയിൽ കടന്നപ്പള്ളി 100% വിജയമാണ്. മൂത്ത് തന്നെ പഴുത്തതിൻ്റെ ഗുണമാണത്. വ്യക്തിപരമായി ഞാനുമായി ഹൃദയ ബന്ധമുള്ള നല്ല നേതാവാണ് കടന്നപ്പള്ളി.
കാര്യക്ഷമതയുള്ള നല്ല ഭരണാധികാരിയെന്ന നിലയിൽ ചരിത്രം രചിച്ച കടന്നപ്പള്ളി തീർച്ചയായും രണ്ടാം പിണറായി സർക്കാരിൻ്റെ മാറ്റ് കൂട്ടും എന്നതിൽ സംശയമില്ല.
കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം പദ്ധതിക്ക് അടിത്തറ പാകിയതും വികസത്തിൻ്റെ നാമ്പുകൾ മുളപ്പിച്ചതും ഒന്നാം പിണറായി സർക്കാരിലെ തുറമുഖ മന്ത്രിയായിരുന്ന കടന്നപ്പള്ളി തന്നെയാണെന്നതിൽ തർക്കമില്ല.
പി.ആർ വർക്ക് ടീമിനെയും സ്വയം പൊങ്ങച്ചത്തിനായി വാടകക്കെടുക്കുന്ന സോഷ്യൽ മീഡിയാ ടീമിലും താത്പര്യമില്ലാത്ത നാടൻ മനുഷ്യനായതിനാൽ അദ്ദേഹത്തിൻ്റെ പല കഴിവുകളും പുറംലോകത്തെത്തിയില്ല എന്നതത്രെ സത്യം.
നിയുക്ത മന്ത്രിയെ സന്ദർശിക്കാൻ എത്തിയ എൻഎസ്‌സി നേതാക്കളായ മനു നെടുമങ്ങാട്, ഡോക്ടർ ഷാജി ജേക്കബ്, സിറാജ് പേരിനാട്, വി ആനത്നൻകുട്ടി എന്നിവർ, കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.ആർ വത്സൻ, ഐ ഷിഹാബുദീൻ, എഐസിസി മെമ്പർ വി സന്തോഷ് ലാൽ, യൂത്ത് കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാല, എന്നിവർ കടന്നപ്പളളി രാമചന്ദ്രന് ആശംസകള്‍ അര്‍പ്പിച്ചു.