കണ്ണൂർ-കണ്ണൂരിലെ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിൽ വംശീയ അതിക്രമങ്ങൾ നടക്കുന്നുവെന്നും സി.പി.എം പാർട്ടി ഗ്രാമമാക്കാനുള്ള ആസൂത്രിത നീക്കം നടക്കുകയാണെന്നും ആദിവാസി നേതാക്കളായ എം.ഗീതാനന്ദൻ, ശ്രീരാമൻ കൊയ്യോൻ എന്നിവർ ആരോപിച്ചു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. ആറളം ഫാമിലെ രണ്ടായിരത്തോളം വരുന്ന ആദിവാസികളുടെ പട്ടയം റദ്ദാക്കാനുള്ള നടപടി ദുർബല വിഭാഗമായ പണിയ സമുദായത്തെ വംശീയമായി തുടച്ചുനീക്കുന്നതിനും സി.പി.എം പിന്തുണയോടെ പാർട്ടി ഗ്രാമമാക്കി മാറ്റുന്നതിനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. ആറളം ഫാമിനെ പാർട്ടി ഗ്രാമമാക്കി മാറ്റാൻ പുറമെ നിന്നും സി.ഐ.ടി.യുക്കാരെയും കൊണ്ടുവന്ന് പാർപ്പിച്ച് കാടിന്റെ മക്കളെ ആട്ടിയോടിക്കുകയാണ്. നിയമാനുസൃതം പട്ടയം ലഭിച്ചവരുടെ അവകാശങ്ങൾ റദ്ദാക്കി, കയ്യേറ്റക്കാർക്ക് പട്ടയം നൽകാനുള്ള സർക്കാർ തീരുമാനം നിയമവിരുദ്ധവും പുനരധിവാസ പദ്ധതിയുടെ ലക്ഷ്യങ്ങൾ അട്ടിമറിക്കുന്നതുമാണെന്ന് നേതാക്കൾ ആരോപിച്ചു,
2004 ൽ ആദിവാസി പുനരധിവാസത്തിന് ആറളം ഫാം ഏറ്റെടുക്കുമ്പോൾ ജില്ലാ ഭരണകൂടത്തിന്റെയും ആദിവാസി പ്രസ്ഥാനങ്ങളുടെയും പരിഗണനയിലുണ്ടായിരുന്ന മുഖ്യവിഷയം ദുസ്സഹമായ ജീവിത സാഹചര്യത്തിൽ നിന്ന് അതിദുർബലരായ പണിയ വിഭാഗത്തിന് ഭൂമി നൽകി പുനരധിവസിപ്പിക്കുക എന്നതായിരുന്നു. 2006 ൽ തയ്യാറാക്കപ്പെട്ട ഗുണഭോക്തൃ ലിസ്റ്റിൽ ഈ വിഭാഗത്തിന് ആനുപാതികമായ പ്രാതിനിധ്യം ലഭിച്ചിരുന്നു. എന്നാൽ 2006 മുതൽ പട്ടയം നൽകിയ ആദിവാസികൾക്ക് വന്യജീവികളിൽനിന്ന് സംരക്ഷണം നൽകാനും ആവശ്യമായ വാർഷിക വികസന സംരംഭങ്ങൾ നടപ്പാക്കി കുടിയിരുത്തപ്പെട്ട ആദിവാസികളെ പിടിച്ചുനിർത്തുന്നതിനും സർക്കാർ പരാജയപ്പെട്ടു. 15 ഓളം ആദിവാസികൾ കാട്ടാന അക്രമത്തിൽ കൊല്ലപ്പെടുകയും ഒന്നര ദശകം പിന്നിടുകയും ചെയ്ത ശേഷം മാത്രമാണ് ആന മതിൽ നിർമ്മാണത്തിന് പുനരധിവാസ മിഷൻ ഇപ്പോൾ ഫണ്ട് വകയിരുത്തിയത്. ധൂർത്തുകൊണ്ട് തകർന്നു കൊണ്ടിരിക്കുന്ന ആറളം ഫാം കമ്പനിയെ സംരക്ഷിക്കാൻ മാത്രമാണ് സർക്കാർ െ്രെടബൽ ഫണ്ട് ഉപയോഗിച്ചത്. ഒന്നര ദശകത്തിന് ശേഷം പട്ടയം റദ്ദാക്കാൻ ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരും കാണിക്കുന്ന ശുഷ്‌കാന്തി ആദിവാസികളുടെ ക്ഷേമപ്രവർത്തനത്തിനുവേണ്ടി കാണിച്ചില്ല. ആദിവാസികളുടെ വോട്ട് ബാങ്ക് നിലനിർത്തി പട്ടികവർഗ വികസന ഫണ്ട് തുടർന്നും ലഭിക്കാൻ ആദിവാസികളെ കോളനികളിലേക്ക് തിരിച്ചുകൊണ്ടുവരാൻ വിവിധ പഞ്ചായത്തുകൾ ആസൂത്രിത നീക്കം നടത്തുകയാണ്. ഒരേ സമയം ആറളം ഫാമിലും പഴയ ആദിവാസി സങ്കേതങ്ങളിലും ഭവന നിർമ്മാണ പദ്ധതികൾ നടപ്പാക്കാൻ ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകൾ മത്സരിക്കുകയാണ്. അതേസമയം കാട്ടാന ശല്യം കൊണ്ടും ദാരിദ്ര്യം കൊണ്ടും സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുപോകുന്ന ആദിവാസികളുടെ പ്ലോട്ടുകൾ ആസൂത്രിതമായി കയ്യേറാൻ സി.പി.എം തന്നെ പ്രോത്സാഹനം നൽകി വരികയാണ്. നേതാക്കൾ ആരോപിച്ചു.
ആറളം പഞ്ചായത്തിലും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലും നിയമസഭാ മണ്ഡലത്തിലും സി.പി.എമ്മിന് അനുകൂലമായ വോട്ട് ബാങ്ക് ഉറപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. കണ്ണൂർ ജില്ലയ്ക്ക് പുറത്ത് നിന്ന് തങ്ങളുടെ പിന്തുണക്കാരായ ആളുകളെ കൊണ്ടുവന്നു കുടിയിരുത്തുന്ന ആസൂത്ര നടപടിയാണ് സി.പി.എം ഇപ്പോൾ നടത്തുന്നത്. രണ്ടായിരത്തോളം വരുന്ന ഗോത്രവർഗ്ഗക്കാരുടെ പട്ടയം റദ്ദാക്കുന്നതും ഈ രാഷ്ട്രീയ തന്ത്രത്തിന്റെ വിപുലീകരണത്തിനാണ്. ഇത് ഒരു തരത്തിലുള്ള വംശീയ അതിക്രമമാണ്.  നിലവിലുള്ള പട്ടയം റദ്ദാക്കുമെന്നും പുതുതായി 1700 പേർക്ക് പട്ടയം നൽകുമെന്നും നവകേരള സദസ്സിൽ പങ്കെടുത്ത് മുഖ്യമന്ത്രി ഇരിട്ടിയിൽ പ്രഖ്യാപിച്ചിരുന്നു. ആദിവാസികൾക്ക് നൽകുന്ന പട്ടയം അന്യാധീനപ്പെടുത്താൻ നിയമം ഇല്ല. പട്ടയം റദ്ദാക്കാൻ ജില്ലാ ഭരണകൂടത്തിന് യാതൊരു അധികാരവും ഇല്ല. ഭരണകൂടത്തിന്റെ ഈ നീക്കത്തിനെതിരെ ജനുവരി ആദ്യം കലക്ടറേറ്റിനു മുന്നിൽ സമരം ആരംഭിക്കാനാണ് ആദിവാസി സംഘടനകളുടെ തീരുമാനമെന്നും നേതാക്കൾ അറിയിച്ചു. ആദിവാസി ഗോത്രമഹാസഭ സ്‌റ്റേറ്റ് കോർഡിനേറ്റർ എം. ഗീതാനന്ദൻ, ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കോയ്യോൻ, പി.കെ. കരുണാകരൻ, കെ. സതീശൻ, ജാനകി താഴത്തു പറമ്പിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
2023 December 29KeralaM Geethananthanപി.വി ശ്രീജിത്ത് title_en: adivasi leaders press meet

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed