തിരുവനന്തപുരം: മന്ത്രി സ്ഥാനത്തേയ്ക്ക് മൂന്നാം തവണ എത്തുമ്പോള്‍ കെബി ഗണേശ് കുമാറിനെ കാത്തിരിക്കുന്ന തലവേദന എന്തൊക്കെയായിരിക്കും എന്നതാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. കാരണം എല്ലാ മന്ത്രിപദവി കാലത്തും വിവാദങ്ങള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
ഒന്നാം മന്ത്രി പദവി വഹിച്ച 2001 -ല്‍ സ്വന്തം പിതാവ് തന്നെയായിരുന്നു ഗണേശിനെതിരെ തിരിഞ്ഞത്. പിതാവ് ആര്‍ ബാലകൃഷ്ണപിള്ള അഴിമതി കേസില്‍ വിചാരണ നേരിടുമ്പോള്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്ന് മുഖ്യമന്ത്രി എകെ ആന്‍റണി തീരുമാനിക്കുകയായിരുന്നു.
അങ്ങനെയെങ്കില്‍ തന്‍റെ പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം വേണ്ടെന്ന് ബാലകൃഷ്ണപിള്ള മുന്നണിയെ അറിയിക്കുകയും അച്ഛനെ തള്ളി പാര്‍ട്ടിയിലെ രണ്ടാമത് എംഎല്‍എ ആയ കെബി ഗണേശ് കുമാര്‍ പദവി ഏറ്റെടുക്കുകയുമായിരുന്നു. ഇതോടെ അച്ഛനും മകനും രണ്ടു വഴിക്കായി.

മന്ത്രിപദവിയില്‍ ഗണേശന്‍റെ പ്രവര്‍ത്തനങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്ന നേതാവായി പിന്നീട് പിള്ള മാറി. “ഗണേശ് തന്‍റെ മകനാണോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു, പക്ഷേ എന്‍റെ ഭാര്യയെ എനിക്ക് വിശ്വാസമുള്ളതുകൊണ്ട് അങ്ങനെ കരുതുന്നില്ലെന്നായിരുന്നു” അന്ന് പിള്ള പറഞ്ഞത്.

രണ്ടാമത് ഗണേശ് കുമാര്‍ മന്ത്രിയാകുന്നത് 2011 -ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലാണ്. അന്നും വിവാദങ്ങളായിരുന്നു ഗണേശിന് കൂട്ട്. എതിര്‍ പക്ഷത്ത് സ്വന്തം ഭാര്യ യാമിനി തങ്കച്ചിതന്നെ എത്തി. മന്ത്രി പദവിയിലിരിക്കെ മന്ത്രിമന്ദിരത്തില്‍ കയറി ഗണേശ് കുമാറിനെ ഒരു യുവതിയുടെ ഭര്‍ത്താവ് അടിച്ചു വീഴിച്ചെന്നും താന്‍ ചെന്നു നോക്കുമ്പോള്‍ മന്ത്രി താഴെവീണ് അയാളുടെ കാല് പിടിക്കുന്നതാണ് കണ്ടതെന്നും യാമിനി പറഞ്ഞത് തലസ്ഥാനത്തെ മാധ്യമങ്ങള്‍ക്ക് മുമ്പിലായിരുന്നു.
ഉമ്മന്‍ ചാണ്ടി കാത്തു സൂക്ഷിച്ച രഹസ്യം
അന്ന് ഗണേശിനെ ചുറ്റിപ്പറ്റി എന്നും വലിയ വിവാദങ്ങളും വാര്‍ത്തകളുമായിരുന്നു. അതിലൊന്നായിരുന്നു എറണാകുളത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ മാറ്റി നിര്‍ത്തി അന്നത്തെ സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയും സരിതാ എസ് നായരുടെ അന്നത്തെ ഭര്‍ത്താവുമായിരുന്ന ബിജു രാധാകൃഷ്ണന്‍ പറഞ്ഞ രഹസ്യം.
സോളാര്‍ കേസില്‍ പ്രതി സംസ്ഥാന മുഖ്യമന്ത്രിയുമായി മുക്കാല്‍ മണിക്കൂര്‍ നേരം എന്താണ് സംസാരിച്ചതെന്നായിരുന്നു അന്ന് പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യം. സംസാരിച്ച വിഷയം എന്തായിരുന്നെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. പക്ഷേ മരണം വരെ ഉമ്മന്‍ ചാണ്ടി അത് പറഞ്ഞില്ല. 
ആ ‘രഹസ്യം’ തന്‍റെ മന്ത്രിസഭയിലെ ഒരു സഹപ്രവര്‍ത്തകനുമായി ബന്ധപ്പെട്ടതാണെന്നുവരെ മാത്രമാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. എന്താണ് പറഞ്ഞതെന്ന് പറയാതിരുന്നതിന്‍റെ പേരില്‍ ഉമ്മന്‍ ചാണ്ടി ഏല്‍ക്കേണ്ടി വന്ന പരിഹാസത്തിനതിരുണ്ടായിരുന്നില്ല. ഒടുവില്‍ അത് പറഞ്ഞ് അന്നത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ക്കെതിരെ വരെ അരുതാത്ത പരിഹാസങ്ങള്‍ നിയമസഭയില്‍ വിളിച്ചുപറഞ്ഞു.
ഒടുവില്‍ ഒരു യുവതിയുടെ ഭര്‍ത്താവിന്‍റെ അടി വാങ്ങി ചുവന്നു വീര്‍ത്ത മുഖവുമായി മന്ത്രി ഗണേശ് നില്‍ക്കുന്ന ഫോട്ടോ മാധ്യമങ്ങളില്‍ വൈറലായി. യാമാനി തങ്കച്ചിയുടെ ആരോപണങ്ങള്‍ക്കൊടുവില്‍ ഗണേശിന് രാജിവയ്ക്കേണ്ടിയും വന്നു. 
മൂന്നാം ഊഴം സോളാറിന് ?
ഗണേശ് കുമാറിന് ഇത് മൂന്നാം ഊഴമാണ്. ഈ ഊഴത്തില്‍ ഗണേശ് കുമാറിനെ കാത്ത് നിലവില്‍തന്നെ ഒരു കേസ് കോടതിയില്‍ കിടപ്പുണ്ട്. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേത് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ചേര്‍ത്ത് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നതിനാണിത്.

കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഗണേശ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ദിവസങ്ങള്‍ക്ക് മുമ്പാണ് ഹൈക്കോടതി തള്ളിയത്. ഈ കേസ് മന്ത്രി ഗണേശ് കുമാറിന് ബാധ്യതയായി മാറാന്‍ ദിവസങ്ങള്‍ മാത്രം മതിയാകും. കാരണം അന്ന് ഗണേശ് കുമാര്‍ കൂട്ടിച്ചേര്‍ത്തതെന്ന് പറയുന്ന പേരുകാരില്‍ ചിലര്‍ ഇപ്പോള്‍ ഇടതുമുന്നണിയുടെ തലപ്പത്തുമുണ്ട്.

സാധ്യതയുള്ള മറ്റൊരു വിവാദം കാത്തുകിടപ്പുണ്ട്. സോളാര്‍ പരാതിക്കാരി നേരത്തെ തന്നെ അതിനുള്ള വഴിമരുന്നിട്ടിട്ടുണ്ട്. ഒരു അപ്രതീക്ഷിത അതിഥി വിവാദത്തിന്‍റെ നടുവിലേയ്ക്ക് വരാനാണ് സാധ്യത. അല്‍പ്പം കടന്ന കൈ ആയി മാറുകയും ചെയ്യും. ഗണേശ് കുമാറിനൊപ്പം ഇടതു സര്‍ക്കാരും വിവാദങ്ങളെയാണോ കാത്തിരിക്കുന്നതെന്ന് കാത്തിരുന്നു കാണേണ്ടി വരും.

By admin

Leave a Reply

Your email address will not be published. Required fields are marked *