നാഗ്പുർ: പ്രധാനമന്ത്രിക്ക് ചോദ്യങ്ങളെ ഇഷ്ടമല്ലെന്നും മറ്റാരെയും കേള്‍ക്കാന്‍ മോദി തയ്യാറാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
രാജ്യത്തെ സ്വാതന്ത്രത്തിന് മുന്‍പുള്ള രാജഭരണം നിലനിന്ന ഇന്ത്യയിലേക്ക് കൊണ്ടു പോവാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. നാഗ്പൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാപക ദിന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
തെരഞ്ഞെടുപ്പ് കമ്മീഷൻ മുതൽ സുപ്രീംകോടതിയെ വരെയും സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുകയാണ്. രാജ്യത്ത് വൈസ് ചാൻസലർമാരെ നിയമിക്കുന്നത് മെറിറ്റ് അടിസ്ഥാനത്തിലല്ലെന്നും രാജ്യത്ത് മാധ്യമപ്രവർത്തനത്തിനും ബിജെപി കടിഞ്ഞാണിടാൻ ശ്രമം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബ്രിട്ടീഷ് ഭരണം നിലനിന്ന കാലത്ത് ഭിന്നിച്ചുകിടന്ന നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഇന്ത്യയിലെ ജനങ്ങളുടെ കൈകളിലേക്ക് അധികാരം നല്‍കിയത് കോണ്‍ഗ്രസാണ്. അക്കാലത്ത് ബിജെപിയും ആർഎസ്എസും ചേർന്ന് ഇതിനെ എതിർക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിൽ അടിമ മനോഭാവമാണ് നിലനിൽക്കുന്നത്. മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിക്കുക മാത്രമേ നിവർത്തിയുള്ളൂവെന്നും രാഹുൽ പരിഹസിച്ചു.